നടാഷ ഇല്ലെങ്കിൽ ഈ കഥയുണ്ടാവുമോ?
ദേവാഞ്ജന വി കെ (ജി.എച്ച്.എസ്.എസ് ബേത്തൂർപാറ, ആറാം ക്ലാസ് വിദ്യാർത്ഥിനി) എസ്.ഹരീഷിൻ്റെ പട്ടുനൂൽപ്പുഴു വായിച്ചപ്പോൾ:
തികച്ചും യാദൃശ്ചികമായാണ് ഞാൻ പട്ടുനൂൽപ്പുഴു വായിക്കുന്നത്. അമ്മയോട് സംസാരിച്ചിരിക്കുമ്പോഴാണ് അമ്മയ്ക്ക് പ്രീത ടീച്ചർ സമ്മാനിച്ച പട്ടുനൂൽപ്പുഴു ഞാൻ കണ്ടതും വായിക്കാൻ ആരംഭിച്ചതും. സാധാരണയായി അമ്മ വായിക്കാറുള്ളത് വലിയ പുസ്തകങ്ങളാണ് .അതിനാൽ എനിക്ക് വായിക്കാൻ പറ്റുമോ എന്ന് ഞാൻ അമ്മയോട് ചോദിച്ചു. ഞാൻ വായിച്ചത് വരെ നല്ലതാ നിനക്ക് വായിക്കാം എന്ന് അമ്മ പറഞ്ഞു. ആഖ്യാനത്തിന്റെ മനോഹാരിതയും വാക്കുകളുടെ ഭംഗിയും എന്നെ പുസ്തകത്തിൻ്റെ ഉൾവശങ്ങളിലേക്ക് വലിച്ചിട്ടു.
വിചിത്രമായ പേരുകളും അവതരണ രീതിയും എന്നെ വളരെയധികം ആകർഷിച്ചു. കഥയിലെ കേന്ദ്ര കഥാപാത്രമാണ് സാംസ .അവൻ്റെ പേര് പോലെ തന്നെ നിഗൂഢമായ കഥാപാത്രമാണ് അവൻ. കടയിൽ നിന്നും കളിസ്ഥലത്തു നിന്നും സ്കൂളിൽ നിന്നും വീട്ടിൽ നിന്നും എല്ലാം ഏകാന്തത അനുഭവിക്കുന്ന കുട്ടിയാണ് .അവൻറെ ചങ്ങാത്തത്തിൽപെട്ടവരെല്ലാം മുതിർന്നവരാണ് സ്റ്റീഫനും മാർക്ക് സാറും നടാഷയും ഇലുവുമൊക്കെ അവൻറെ ചങ്ങാത്തത്തിൽ നിറയുന്നു. പുസ്തകത്തിലെ 286 പേജുകളിലും പറഞ്ഞു, തീർക്കാൻ ആവാത്ത കഥാപാത്രമാണ് സാംസ. സാംസയോടൊപ്പം ഉള്ള യാത്ര വളരെ രസകരമായിരുന്നു. സാംസയുടെ ചിന്തകളിലൂടെ കടന്നു പോകുമ്പോൾ അത് ഞാനാണോ എന്ന് തോന്നിയിട്ടുണ്ട്. രാത്രിയിൽ മുതിർന്ന വ്യക്തിയെ പോലെ അച്ഛനെ അന്വേഷിച്ചു പോകുമ്പോൾ അവൻ യഥാർത്ഥത്തിൽ 13 വയസ്സുകാരൻ ആണോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. പ്രായത്തിൽ കവിഞ്ഞ പക്വത കാട്ടുന്ന കുട്ടിയാണ് സാംസ.
ഓരോ പുസ്തകം കിട്ടുമ്പോഴും പുസ്തകത്തിന് മുന്നേതന്നെ ഞാൻ വായിക്കുക അതിൻ്റെ കവർപേജിലെ ചിത്രങ്ങളാണ് . അതിൽ നിന്ന് കഥയുണ്ടാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പുസ്തകത്തിൻ്റെ താളുകൾ മറിയുമ്പോൾ ഞാൻ കവർപേജുമായി വീണ്ടും ബന്ധിപ്പിക്കാൻ ശ്രമിക്കും.
കഥയിലെ സ്റ്റീഫൻ മരിച്ചപ്പോൾ ഞാൻ ആരോടും മിണ്ടാതെ ഏറെനേരം കരഞ്ഞിട്ടുണ്ട്. കഥയിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച കഥാപാത്രമാണ് സ്റ്റീഫൻ. ഉറങ്ങാൻ കിടക്കുമ്പോൾ കഥാപാത്രങ്ങളെല്ലാം എനിക്കൊപ്പം നിന്നിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും വിജയം കാണാത്ത വിജയനേയോ ആനിയെയോ അല്ല സ്റ്റീഫനേയും സാംസയെയും നടാഷയേയും ഇലുവിനെയും ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. സ്റ്റീഫന്റെ മരണം എന്നെ ഉറങ്ങാൻ അനുവദിക്കാത്തപ്പോൾ സ്റ്റീഫൻ മരിക്കാത്ത കഥ ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് .എന്തിനാണ് എഴുത്തുകാരൻ കൊന്നത്?
പട്ടുനൂൽപ്പുഴു സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ..