DCBOOKS
Malayalam News Literature Website

പാട്ടിന്റെ പാലാഴിയില്‍ മനം നിറഞ്ഞ് കേരള സാഹിത്യോത്സവ വേദി

മലയാള സംഗീതലോകത്തിന്റെ സ്വകാര്യ അഹങ്കാരമായ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ സാന്നിധ്യം കേരള സാഹിത്യോത്സവം അഞ്ചാം പതിപ്പിന്റെ വേദിയ്ക്ക് മാറ്റുകൂട്ടി. വേദി അക്ഷരത്തില്‍ നടന്ന പാട്ടിന്റെ പാലാഴി എന്ന സെഷനിലാണ് എം ജയചന്ദ്രന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.

150 ഓളം ചിത്രങ്ങളിലായി 600 ലധികം പാട്ടുകള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ച എം. ജയചന്ദ്രന്‍, തന്റെ സിനിമാലോകത്തെ സംഗീതജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ മുഹൂര്‍ത്തത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കാണികള്‍ക്കും വലിയ ആവേശമായി. കോഴിക്കോടിനെകുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവച്ച അദ്ദേഹം കോഴിക്കോടുവച്ചാണ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത് എന്നും നിരുപാധികമായ സ്‌നേഹമാണ് കോഴിക്കോട് തനിക്ക് സമ്മാനിച്ചത് എന്നും ഓര്‍ത്തു. തന്നെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാനും അദ്ദേഹം മറന്നില്ല.

ഏതൊരു കലാകാരനും തന്റെ പൈതൃകം എന്നും മനസ്സില്‍ കാത്തുസൂക്ഷിക്കണം എന്നും ഭാവം ഇല്ലാത്ത സംഗീതം ഒരു മൃതശരീരം പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മെ പാട്ടിലാക്കാന്‍ സാധിക്കാത്ത ഒന്നും പാട്ടല്ല, സംഗീതം വിശ്വവിശാലമായ ഭാഷയാണെന്നും എം ജയചന്ദ്രന്‍ കാണികളോടയി പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം സംഗീതം തന്റെ ജീവിതമാണെന്നും സംഗീതമാണ് തന്റെ മതം എന്നുമുള്ള ജയചന്ദ്രന്റെ വാക്കുകളെ നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ വരവേറ്റത്. കടല്‍കാറ്റിനൊപ്പം ഒഴുകിയെത്തിയ ജയചന്ദ്രന്റെ സംഗീതത്തില്‍ വേദിയാകെ മതിമറന്നു. പ്രശസ്ത എഴുത്തുകാരനായ സച്ചിദാനന്ദന്റെ സാന്നിധ്യം സെഷനെ കൂടുതല്‍ സുന്ദരമാക്കി.

Comments are closed.