രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് മലയാളികള്‍ കാണിച്ച അബദ്ധം: രാമചന്ദ്ര ഗുഹ
കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും ജയിപ്പിച്ചത് മലയാളികള്‍ക്ക് സംഭവിച്ച വലിയൊരു അബദ്ധമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ പാട്രിയോട്ടിസം വേഴ്‌സസ് ജിങ്കോയിസം എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു രാമചന്ദ്ര ഗുഹയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിക്ക് ഒരു എതിരാളി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാവശ്യം നെഹ്‌റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല. രാഹുല്‍ എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുകയാണെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. രാജ്യത്തിന് വേണ്ടി കേരളം അനേകം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി.
സ്വാതന്ത്ര്യസമര കാലത്തെ മഹത്തായ പ്രസ്ഥാനം എന്ന നിലയില്‍നിന്നും കോണ്‍ഗ്രസ് ഒരു കുടുംബസ്ഥാപനമായതാണ് ഹിന്ദുത്വശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണം. രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായി തനിക്ക് വിദ്വേഷമൊന്നുമില്ല. അദ്ദഹം വളരെ മാന്യനായ ഒരു വ്യക്തിയാണ്. എന്നാല്‍ ഒരു കുടുംബപരമ്പരയിലെ അഞ്ചാം തലമുറയെ അല്ല ഇപ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന് ആവശ്യം. 2024-ലെ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധിയെ മലയാളികള്‍ പിന്തുണച്ചാല്‍ മോദിക്ക് അതൊരു മുതല്‍ക്കൂട്ടായി മാറുമെന്ന് രാമചന്ദ്ര ഗുഹ വിമര്‍ശിച്ചു.
ദേശസ്‌നേഹം എന്നാല്‍ വിവിധ ഘട്ടങ്ങളില്‍ ഉള്‍ക്കൊള്ളുന്നതാണെന്നും അത് ഗ്രാമം മുതല്‍ രാജ്യം വരെ നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണമായ ഒരു വികാരമാണെന്നും അഭിപ്രായപ്പെട്ട ഗുഹ, അതിനെ ഗൂഢാലോചനാപരമായി സമീപിക്കുമ്പോള്‍ യുദ്ധതത്പരതയിലേക്കും വിദ്വേഷത്തിലേക്കും വഴി മാറുമെന്നും നിരീക്ഷിച്ചു. ഇന്ത്യക്കാരനാകാന്‍ ഹിന്ദി സംസാരിക്കണമെന്നില്ലെന്നും പാകിസ്താനെ വെറുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ വിശ്വാസം മാത്രമാണ് ശരിയെന്നും പരിപൂര്‍ണമെന്നും വിശ്വസിക്കുന്നതാണ് തീവ്രദേശസ്‌നേഹികളുടെ ലക്ഷണമെന്ന് പറഞ്ഞ അദ്ദേഹം അങ്ങനെയൊരു അവസ്ഥ ഇന്ത്യയില്‍ വന്നുചേര്‍ന്നതിന്റെ കാരണങ്ങള്‍ നിരത്തുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ നിഷ്‌ക്രിയതയും കപടനാട്യവുമാണ് ഇന്ത്യയില്‍ ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കപ്പെട്ടത്തിന് കാരണമെന്ന് വിലയിരുത്തിയ അദ്ദേഹം ഇടതുപക്ഷം എന്നും മറ്റ് രാജ്യങ്ങള്‍ക്ക് സ്തുതി പാടിയവരാണെന്നും ഓര്‍മിപ്പിച്ചു.
ഇന്ത്യയുടെ സ്വത്വം ഹിന്ദുത്വത്തിലധിഷ്ഠിതമല്ലെന്ന് സമര്‍ത്ഥിച്ച ഗുഹ, ഹിന്ദുത്വത്തില്‍ സ്വദേശിയായ ഒന്നുമില്ലെന്നും വ്യക്തമാക്കി. ഭഗത് സിങ്ങിനെയും നാരായണ ഗുരുവിനെയും മുക്തകണ്ഠം പ്രശംസിച്ച് സംസാരിച്ച അദ്ദേഹം അവരാണ് ഇടതുപക്ഷതിന്റെ യഥാര്‍ത്ഥ മുഖങ്ങളെന്നും പറഞ്ഞു.
കേരളത്തില്‍ തുറന്ന മനസുള്ള ജനങ്ങളാണ് ഉള്ളതെന്നും അതുമൂലമാണ് മറ്റു പലയിടങ്ങളിലും സംസാരാനുമതി നിഷേധിക്കപ്പെട്ട തസ്ലീമ നസ്‌റീനെയും തന്നെയും പോലെയുള്ളവര്‍ക്ക് ഈ വേദിയില്‍ സംസാരിക്കാനാകുന്നതെന്നും ഗുഹ മനസ്സുതുറന്നു. വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്ന ഈ സെഷനില്‍ ഹര്‍ഷാദ് എം.ടിയായിരുന്നു മോഡറേറ്റര്‍.
Comments are closed.