DCBOOKS
Malayalam News Literature Website

വിനയന്‌റെ തിരക്കഥ ‘പത്തൊമ്പതാം നൂറ്റാണ്ട്’ പ്രകാശനം ചെയ്തു

വിനയന്‌റെ തിരക്കഥ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന പുസ്തകം ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്തു. സിജു വില്‍സണിൽ നിന്നും  പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പുസ്തകം സ്വീകരിച്ചു.  ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡന്റ്) പോള്‍സണ്‍ (ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി), വിനൂപ് (ലൈബ്രേറിയന്‍), ദിലീപ് (മെംമ്പര്‍ഷിപ്പ് സെക്രട്ടറി), അരുണ്‍ ആര്‍ പിള്ള, ഫിറോസ് തിരുവത്ര(ലിറ്റററി വിംഗ് സെക്രട്ടറി) , ആഷ്‌ലി (ട്രഷറര്‍) രാജ്‌മോഹന്‍ കെ ആര്‍ (ഡിജിഎം, സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്) എന്നിവര്‍ പ്രകാശനചടങ്ങില്‍ പങ്കെടുത്തു.

ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ അധികം വായിക്കപ്പെടാത്ത ഒരദ്ധ്യായമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അദ്ദേഹത്തിന്റെ വീരോജ്ജ്വലമായ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചലച്ചിത്രത്തിന്റെ തിരക്കഥയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന പുസ്തകം.

ശ്രീനാരായണഗുരുവിന് മുമ്പുതന്നെ സാമൂഹിക അനീതികള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ പോരാടിയ വേലായുധപ്പണിക്കര്‍ നയിച്ചവയാണ് അച്ചിപ്പുടവസമരവും മൂക്കുത്തിസമരവും ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സമരവുമെല്ലാം. നവോത്ഥാന ചരിത്രത്തിലെ ആദ്യരക്തസാക്ഷികൂടിയാണ് പണിക്കര്‍. ചരിത്ര കാലഘട്ടത്തെ സൂക്ഷ്മവിവരണങ്ങളോടെ ആവിഷ്‌കരിക്കുന്ന ഈ തിരക്കഥ നോവല്‍ പോലെ വായിച്ചു രസിക്കാവുന്ന രചനയാണ്.

Comments are closed.