DCBOOKS
Malayalam News Literature Website

നിരന്തര പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന കഥകള്‍

പാതകം വാഴക്കൊലപാതകം എന്ന കൃതിയെക്കുറിച്ച് പ്രശാന്തി അമരാവതി എഴുതിയത്.

അപമാനവീകരിക്കപ്പെട്ട സാമൂഹ്യസാഹചര്യങ്ങളോടുള്ള എഴുത്തുകാരന്റെ പ്രതികരണങ്ങള്‍. നിലവിലുള്ള വ്യവസ്ഥിതികളോട് പൊരുത്തപ്പെടാനാകാത്ത സര്‍ഗാത്മകത. ചെറുകഥകളുടെ അടിസ്ഥാന ഘടനയില്‍ത്തന്നെ പരീക്ഷണങ്ങള്‍ പ്രയോഗിക്കാനുള്ള കരുത്ത്. ഇവയെല്ലാമടങ്ങുന്നതാണ് അമലിന്റെ കഥാപരിസരങ്ങള്‍. ഭരണകൂട കേന്ദ്രീകൃതമായ മാനകഭാഷാരൂപങ്ങളെ മാറ്റിനിര്‍ത്തി നാട്ടുഭാഷാപ്രയോഗങ്ങളെ ചേര്‍ത്തുവയ്ക്കുന്നതാണ് ‘പാതകം വാഴക്കൊലപാതകം‘ എന്ന കഥാസമാഹാരം. ഇവയെ ഒരു ചട്ടക്കൂടിനുള്ളില്‍ തളച്ചിടുന്നത് പ്രായോഗികമല്ല. അത് ഭാഷാപരമായും ഘടനാപരമായും നിരന്തരം പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കഥകളിലധികവും ആശയചര്‍ച്ചാ രൂപത്തിലാണ്. വിഖ്യാത കനേഡിയന്‍ സാഹിത്യതത്വചിന്തകന്‍ നോര്‍ത്രോപ് ഫ്രൈയുടെ സിദ്ധാന്തപ്രകാരം ‘മിനിപിയന്‍ സറ്റയര്‍ അനാറ്റമി’ എന്ന ഗണത്തില്‍പെടുന്നവയാണ് ഈ കഥകള്‍. ബുദ്ധിപരമായ, സംഭാഷണപ്രധാനമായ ആഖ്യാനമാണ് ഇത്തരം കൃതികളുടെ പ്രത്യേകത.

‘ചാരമ്മാവന്‍ ചെയ്ത പിഴ താന്നിയമ്മാവാ പൊറുക്കണേ’ എന്ന കഥ അസംതൃപ്തബന്ധങ്ങള്‍ നല്‍കുന്ന ജീവിതപ്പൊള്ളലുകളും ഒരിക്കലും തൃപ്തിവരാത്ത ആസക്തികള്‍ക്ക് ശമനം തേടിയലയലുകളുമാണ്. ‘ഞാനെന്ന ഭാവം’ പങ്കുവയ്ക്കുന്നത് പ്രവാസിയുടെ ജീവിതവ്യഥകളും നോട്ട് നിരോധന പ്രതിസന്ധികളുമാണ്.

നിലവിലുള്ള വ്യവസ്ഥിതികളോടും നീതിശാസ്ത്രങ്ങളോടും പൊരുത്തപ്പെടാനാകാത്ത ധര്‍മസമരത്തിന്റെ പ്രതീകാത്മക വ്യാഖ്യാനമാണ് ‘ശാന്താകാരം’. ‘സര്‍വവ്യാപി എം’ കമ്പോളാസക്തിയെ പരിഹസിക്കുന്നു.

‘പാതകം വാഴക്കൊലപാതകം’ സ്ത്രീയെയും പ്രകൃതിയെയും ചേര്‍ത്തുവയ്ക്കുന്നു. ജീവവള്ളികളില്‍ കുടുങ്ങിപ്പോയ ഒരു നിലവിളി കഥയിലുടനീളം തല തല്ലുന്നു. സമകാലിക സ്ത്രീ, പരിസ്ഥിതി വാദരചനകളോട് ചേര്‍ത്തുവയ്ക്കാവുന്ന കഥയാണിത്. ‘ഇരട്ടപ്പേര്’ സ്‌നേഹത്തിന്റെപേരില്‍ ചവച്ചരയ്ക്കപ്പെടുന്ന ജീവിതം ആരോ മുന്‍കൂട്ടി പദ്ധതിയിട്ടുനടപ്പാക്കിയ കുറ്റകൃത്യമാണെന്ന ബോധമാണുളവാക്കുന്നത്. സ്ത്രീജീവിതം മാതൃത്വത്തിലൂടെമാത്രം പൂര്‍ണമാകുന്നു എന്ന ലോക ബോധത്തോടുള്ള ശ്രാവണി എന്ന അധ്യാപികയുടെ സങ്കീര്‍ണമായ മാനസികപ്രതികരണങ്ങള്‍ ക്രൈം ത്രില്ലറിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. ‘കടല്‍ കരയെടുക്കുന്ന രാത്രി’ ക്ലോഡിയ എന്ന അതിശക്തയായ സ്ത്രീയെ പരിചയപ്പെടുത്തുന്നു.അവളുടെ ചിന്തകളില്‍ നിരന്തരം കടന്നുവരുന്ന സുനാമി സ്വന്തം ജീവിതത്തകര്‍ച്ചയുടെ പ്രതീകമാണ്. അവളിലെ ക്രുദ്ധമായ വാചാലത ജീവിതത്തോടുള്ള നിസ്സാരതാബോധത്തില്‍ നിന്നുടലെടുക്കുന്നു. ‘മീനവിയല്‍’ കഥ ഫ്യൂഡല്‍ ബോധം മനുഷ്യനെ വംശീയാപകര്‍ഷത്വത്തിലേക്ക് തള്ളിയിടുന്നതിന്റെ നേര്‍ക്കാഴ്ചയാണ്.

സമാഹാരത്തിലെ 11 കഥകളും കാലഘട്ടത്തിലെ സങ്കീര്‍ണമായ മനുഷ്യാവസ്ഥകളോട് സംവദിക്കുന്നു. ഭാഷയിലൂടെയും ഘടനയിലൂടെയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. സമൂഹത്തിന്റെ രോഗാതുരാവസ്ഥകളെ പ്രകടിപ്പിക്കുന്നതിലാണ് കഥാകൃത്തിന്റെ ശ്രദ്ധ.

കടപ്പാട്: ദേശാഭിമാനി

Comments are closed.