DCBOOKS
Malayalam News Literature Website

‘പശുവും പുലിയും’; കവി സച്ചിദാനന്ദന്‍ കുട്ടികള്‍ക്കായെഴുതിയ ആദ്യ കൃതി

“ആരെഴുതി നിന്റെ പട്ടുകുപ്പായത്തില്‍
മൂന്നു വരിയിലീ കാവ്യം?
ആകാശമോ, ‘ഹൈക്കു’വിന്നു പേര്‍ കേട്ടൊരാ
ബാഷോ മഹാകവി താനോ ?

ചൊല്ലുക നക്ഷത്രമോ നിന്‍ കുസൃതിയാം
കണ്‍കളില്‍, വൈഡൂര്യമാണോ ?
സൂര്യനില്‍ചെമ്പായ നിന്‍ കാതു കേള്‍ക്കുമോ
ഭൂമിയുരുളുമിരമ്പം ?

വെള്ളിയിലോ നിന്റെ കൊച്ചരിപ്പല്ലുകള്‍
ദന്തത്തിലോ ശില്‍പ്പി തീര്‍ത്തൂ?
നിന്‍ ചോരിവായിലിരിക്കുമാ മാമ്പഴം
സ്വര്‍ഗമോ, ഭൂമിയോ, ചൊല്ലൂ.

നിന്റെ വാല്‍ വെഞ്ചാമരംപോലെ വീശുവാന്‍
ഇന്നെന്തു പൂരം, വസന്തം
എന്തേ ചിലച്ചു പറയുന്നു ലോകത്തോ
‘ടല്ലെ’ന്നോ നീ, ‘അതേ’യെന്നോ…?”

ഇവനെക്കൂടി, മലയാളം, എഴുത്തച്ഛനെഴുതുമ്പോള്‍ തുടങ്ങി നിരവധി കവിതകള്‍ കൈരളിക്കു നല്‍കിയ കവി കെ. സച്ചിദാനന്ദന്‍ കുട്ടികള്‍ക്കായെഴുതിയ ആദ്യപുസ്തകമാണ് പശുവും പുലിയും. കുട്ടികള്‍ക്ക് ഭാവനയുടെയും അനുഭവങ്ങളുടെയും വലിയ ലോകം സമ്മാനിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. സൈക്കിള്‍, കാര്‍, തീവണ്ടി, കപ്പല്‍, വിമാനം, അണ്ണാര്‍ക്കണ്ണന്‍, ആമ, തവള, പൂമ്പാറ്റ, പച്ചക്കുതിര, ഒരു താരാട്ട്, ഉള്ളി, പകലും രാത്രിയും, പ്രാര്‍ത്ഥന, ഹാ മലയാളമേ, പശുവും പുലിയും തുടങ്ങി 16 കവിതകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. കാവ്യാസ്വാദനശീലം വളര്‍ത്താനും യുവജനോത്സവങ്ങളില്‍ അവതരിപ്പിക്കാനും കുട്ടികള്‍ക്ക് ഏറെ സഹായകരമാണ് ഇതിലെ ഓരോ രചനകളും.

സച്ചിദാനന്ദന്‍ കവിതാസമാഹാരത്തിനെഴുതിയ ആമുഖത്തില്‍ നിന്നും

എന്റെ കുട്ടിക്കവിതകളിലൂടെ ആദ്യ സമാഹാരമാണിത്. കുട്ടിക്കവിത, എന്ന സംജ്ഞ സങ്കോചത്തോടെയാണ് ഞാനുപയോഗിക്കുന്നത്. കാരണം നമ്മില്‍ എല്ലാം കുട്ടികളുണ്ട്. കുട്ടികള്‍ക്കായെഴുതിയ കവിതകള്‍ വലിയവരും ആസ്വദിച്ചു കണ്ടിട്ടുണ്ട്. തിരിച്ചു മുതിര്‍ന്നവര്‍ക്കായി ഉദ്ദേശിക്കപ്പെട്ട കവിതകള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയും കണ്ടിട്ടുണ്ട്. ഈ സമാഹാരത്തിലെ ശീര്‍ഷകരചനയായ പശുവും പുലിയും തന്നെ മുതിര്‍ന്നവര്‍ക്കുള്ള ഒരു സമാഹാരത്തില്‍ പെടുത്തിയിരുന്നതാണ്. ഈയിടെ വീണ്ടും വായിച്ചപ്പോഴാണ് അതു കുട്ടികളും ആസ്വദിക്കുമല്ലോ എന്നു തോന്നിയത്. മറ്റു പല കവികളുടെയും കവിതകളും ഇന്നത്തെ ഭാവുകത്വവും പാരായണ നിലവാരവും വെച്ചുനോക്കിയാല്‍ കുട്ടികള്‍ക്കു വേണ്ടിക്കൂടി എഴുതിയതാണെന്നു തോന്നും.

വായിക്കാനറിയാവുന്നവരും അറിയാത്തവരുമായ കുട്ടികളായ കുട്ടികള്‍ക്കും, മുതിര്‍ന്നവരില്‍ എന്നും ജീവിക്കുന്ന കുട്ടികള്‍ക്കുമായി സച്ചിദാനന്ദന്‍ ഈ ലളിത രചനകള്‍ സമര്‍പ്പിച്ചിരിക്കുന്നു. ഡി.സി മാമ്പഴം ഇംപ്രിന്റില്‍ പുറത്തിറക്കിയിരിക്കുന്ന പശുവും പുലിയും എന്ന കവിതാസമാഹാരം ഇപ്പോള്‍ പുസ്തകശാലകളില്‍ ലഭ്യമാണ്.

Comments are closed.