എം മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയാകുന്നു
എം മുകുന്ദന്റെ ചെറുകഥ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാകുന്നു. എം മുകുന്ദന്‍ ആദ്യമായി തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
മീത്തലെ പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടി കടന്നുവരുന്നതും അവള്‍ ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുമായ രസകരമായ കഥയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. അലസനും മടിയനുമാണെങ്കിലും പരോപകാരിയാണ് സിനിമയില്‍ സജീവന്‍. ഓട്ടം പോവാതെ ഓട്ടോറിക്ഷയില്‍ ഉറങ്ങാനിഷ്ടപ്പെടുന്ന അയാള്‍ക്ക് കടം വാങ്ങി ജീവിക്കാനാണിഷ്ടം. പക്ഷേ, രാധിക ഇതെല്ലാം മാറ്റിമറിക്കുന്നു. ഓട്ടോറിക്ഷ ഏറ്റെടുത്ത ശേഷമുള്ള അവളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളിലേക്കുകൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്.
ഇവിടെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി എത്തുന്നത് മികച്ച അഭിനയത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ പാര്‍വ്വതിയാണ്. പാര്‍വതിയുടെ അലസനായ ഭര്‍ത്താവായി എത്തുന്നതാകട്ടെ ബിജു മേനോനും.
ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാറാണ്. മദാമ്മ, സാവിത്രിയുടെ അരഞ്ഞാണം, ദൈവത്തിന്റെ വികൃതികള്‍ തുടങ്ങി എം മുകുന്ദന്റെ കഥകള്‍ ഇതിനുമുമ്പു സിനിമയായിട്ടുണ്ടെങ്കിലും മുകുന്ദന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാകും ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.
Comments are closed.