പിണറായി; ജനഹൃദയങ്ങളിലൂടെ ഭരണാധികാരത്തിലേക്കു ജനങ്ങള്‍തന്നെ എത്തിച്ച പിണറായി വിജയന്റെ നാട്
പിണറായി എന്ന ഗ്രാമം. ചുവപ്പിന്റെ മനസ്സ് പണ്ടേ സൂക്ഷിച്ച ഗ്രാമം. പാര്‍ട്ടി പിറന്ന നാട്. ആ നാടിന്റെ അനുഭവങ്ങളെ കണ്ടെടുക്കുകയാണ് താഹാ മാടായിയുടെ ‘പാര്‍ട്ടി പിറന്ന നാട്’ എന്ന പുസ്തകം. ജനഹൃദയങ്ങളിലൂടെ ഭരണാധികാരത്തിലേക്കു ജനങ്ങള്‍തന്നെ എത്തിച്ച പിണറായി വിജയന്റെ നാടുകൂടിയാണിത്. പുസ്തകത്തിന് താഹാ മാടായി എഴുതിയ ആമുഖത്തില്‍ നിന്നും
ദേശം പറയുന്ന, ദേശത്തിന്റെ ചരിത്രം. ഏഴരപ്പതിറ്റാണ്ടിനപ്പുറം പിണറായിയിലെ പാറപ്രം എന്ന ഈ ഗ്രാമത്തിലാണ് പില്‍ക്കാല കേരളത്തിന്റെ ചരിത്രത്തെ നിര്‍ മ്മിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പിറവി സംഭവിക്കുന്നത്. കമ്മ്യൂണിസ്റ്റ് ചരിത്രങ്ങളില്‍ ഒറ്റവരിയില്‍ മാത്രം രേഖപ്പെട്ട ആ ദേശം, പാര്‍ട്ടി പിറന്ന കാല ത്തും പിന്നീടും ജീവിച്ച രാഷ്ട്രീയ ജീവിതം ആ മണ്ണില്‍ നിന്നും മനുഷ്യരില്‍നിന്നും നേരിട്ട് രേഖപ്പെടുത്തുകയാണ്. ഭൂമിശാസ്ത്രവും സാമ്പത്തിക-ഉത്പാദന- അധികാരബന്ധങ്ങളും എങ്ങനെയാണ് ദേശരാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നത് എന്നുള്ള അന്വേഷണമാണ് ഈ ചരിത്രാഖ്യാനത്തില്‍ നടക്കുന്നത്.
പാറപ്രം-പിണറായി ദേശങ്ങളുടെ മാനസികശക്തി അടിയുറച്ച ഇടതുബോധമാണ്. മുഖ്യധാരാ ഇടതുണ്ടകക്ഷിയായ സി.പി.എമ്മിനെ പിന്തുണയ്ക്കുന്നതാണ് ആ ഗ്രാമത്തിന്റെ സംഘടിതമായ മാനസിക ശക്തി. പാര്‍ട്ടി പിറന്ന ആ ഗ്രാമങ്ങളുടെ പാരമ്പര്യത്തെയും താത്പര്യങ്ങളെയും അന്വേഷിക്കുമ്പോള്‍, ഇടതുരാഷ്ട്രീയ സമ്പര്‍ക്കങ്ങളില്‍നിന്നുണ്ടായ സംഘ്പരിവാര്‍ വിരുദ്ധത ആ ഗ്രാമചരിത്രം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.
പിണറായി എന്ന ഗ്രാമത്തിന്റെ ഭൂമിശാസ്ത്രം,
സംസ്‌കാരം, ഇടതുരാഷ്ട്രീയബോധം എന്നീ ഘടകങ്ങളെ പറ്റിയാണ് ഈ യാത്ര അന്വേഷിക്കുന്നത്. അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ‘പിണറായി എന്ന നാട്’ സ്വതന്ത്രമായ ഒരു ആലോചനയാണ്. പലപ്പോഴായി സൗഹൃദക്കൂട്ടായ്മകളില്‍ ഈ ലേഖകന്‍ നടത്തിയ സംഭാഷണങ്ങളുടെയും ഹ്രസ്വമായ പ്രഭാഷണങ്ങളുടെയും ലിഖിതരൂപമാണത്. ‘പാര്‍ട്ടി പിറന്ന നാട്, പിണറായിയുടെ നാട്’ മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഏറെ വായിക്കപ്പെട്ടു. അതില്‍ വിട്ടുപോയ ഭാഗങ്ങള്‍ പലരും ഫോണിലൂടെയും നേരിട്ടും അറിയിച്ചു. കുറിപ്പുകളില്‍, ഒടുവില്‍, പ്രസക്തമായത് ചേര്‍ത്തിട്ടുണ്ട്.
കമല്‍റാം സജീവാണ് പിണറായി ഗ്രാമത്തിലേക്ക് എന്നെ പറഞ്ഞുവിട്ടത്. പാറപ്രം, പാറപ്രം എന്ന് കേള്‍ക്കുന്നതല്ലാതെ എന്താണ് പാറപ്രം? എന്താണ് പിണറായി ഗ്രാമത്തിന്റെ രാഷ്ട്രീയ ജീവിതം? ഉത്പാദനജീവിതം?
ഈ ചോദ്യങ്ങള്‍ ഈ യാത്രയ്ക്കു കാരണമായി. നിലപാടുകളില്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന സജീവിന് നന്ദി. അതോടൊപ്പം മധുരാജിനെയും മനില സി. മോഹനെയും ഓര്‍ക്കുന്നു. ഈ ഗ്രാമയാത്രയില്‍ ഒരുപാടു പേര്‍ എന്നെ തുണച്ചിട്ടുണ്ട്. ലാല്‍സലാം.
Comments are closed.