DCBOOKS
Malayalam News Literature Website

പരിണാമം: തന്മാത്രകളില്‍നിന്നും ജീവികളിലേക്ക്

പരിണാമം എന്നാല്‍ സ്വാഭാവികമായ മാറ്റം എന്നാണര്‍ത്ഥം. ഓരോ കാലഘട്ടത്തിലും ഏറ്റവും അനുയോജ്യമായവ സ്വാഭാവികമായി തിരഞ്ഞെടുക്കപ്പെടുന്നതിലൂടെ ഒരു വസ്തുവിനോ ആശയത്തിനോ ജീവിക്കോ വരുന്ന മാറ്റങ്ങളെ പരിണാമം എന്നു വിളിക്കാം. ഭൂമിയിലെ ജീവന്റെ ഉത്ഭവവും പരിണാമവും ഏറെ ലളിതമായും വസ്തുനിഷ്ഠമായും വിവരിക്കുകയാണ് ദിലീപ് മമ്പള്ളിലിന്റെ പരിണാമം: തന്മാത്രകളില്‍നിന്നും ജീവികളിലേക്ക് എന്ന പുസ്തകത്തിലൂടെ. ശാസ്ത്രം കണ്ടെത്തിയ വസ്തുതകളാണ് ഈ കൃതിയിലൂടെ വിശദീകരിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. ശാസ്ത്രജ്ഞാനം ഉള്ളവര്‍ക്ക് മാത്രമല്ല, മറിച്ച് ശാസ്ത്രത്തില്‍ താത്പര്യമുള്ള എല്ലാവര്‍ക്കും ഈ കൃതി ഉപകാരപ്പെടും.

‘പരിണാമത്തെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ഒരുപക്ഷേ, മുമ്പേ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍, പരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനവും തെളിവുകളും പ്രസക്തിയും പ്രതിപാദിക്കുന്ന ഇതുപോലൊന്ന് ഞാന്‍ വായിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ ഉത്പത്തി മുതല്‍ ഡി.എന്‍.എ വരെ. എന്താണ് ജീവന്‍ എന്ന ചോദ്യം മുതല്‍ മനുഷ്യന്റെ ജനനം വരെ വളരെ ലളിതമായ ഭാഷയില്‍ ഈ പുസ്തകം പറഞ്ഞുതരുന്നു. ശാസ്ത്രത്തില്‍ വലിയ അറിവില്ലാത്തവര്‍ക്കും, അറിവ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി വേണ്ടത്ര റഫറന്‍സുകള്‍ കൊടുത്ത് വളരെ ആധികാരികതയോടെ എഴുതിയ ഒന്നാണിത്.’ ഡോ.മുരളി തുമ്മാരുകുടി ഈ കൃതിയെക്കുറിച്ച് അഭിപ്രായപ്പെടുന്നു.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പരിണാമം: തന്മാത്രകളില്‍നിന്നും ജീവികളിലേക്ക് എന്ന കൃതിയുടെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

ദിലീപ് മമ്പള്ളില്‍: കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ സ്വദേശിയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍നിന്നും ബിരുദം, മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം, നെതര്‍ലന്‍ഡിലെ ട്വെന്റ്റെ സര്‍വ്വകലാശാലയില്‍നിന്നും പി.എച്ച്.ഡി എന്നിവ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഗ്ലാസ്‌ഗോ സര്‍വ്വകലാശാല, ഇംപീരിയല്‍ കോളെജ് ലണ്ടന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഗവേഷണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍& റിസേര്‍ച്ച് (IISER) തിരുപ്പതിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ചെയ്യുന്നു. ബയോമെഡിക്കല്‍ എഞ്ചിനീയറിങ് ആണ് ഗവേഷണമേഖല.

Comments are closed.