പരിണാമത്തിന്റെ കാലം…!
എം പി നാരായണപിള്ളയുടെ ‘പരിണാമം’ എന്ന നോവലിന് കവിത മനോഹര്‍ എഴുതിയ വായനാനുഭവം
1989 ല്‍ പ്രസിദ്ധീകരിച്ച എം. പി നാരായണപിള്ളയുടെ പരിണാമം ഇന്നും വായനക്കാരുടെ പ്രിയപ്പെട്ട വായനാനുവഭവമായി തുടരുന്നു. ഒരു നായയെ മുഖ്യ കഥാപാത്രമാക്കി എം.പി നാരായണപിള്ള രചിച്ച നോവലാണിത്. തൊണ്ണൂറ്റിയൊമ്പത് അധ്യായങ്ങളിലായി പടര്‍ന്നുകിടക്കുന്ന ഒരൊറ്റ നോവല്‍കൊണ്ട് തന്നെ എഴുത്തുകാരന്‍ തന്റെയിടം ഉറപ്പിക്കുന്നു. അധികാരത്തിന്റെ രാഷ്ട്രീയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ സങ്കീര്‍ണതകളെ ഇഴപിരിച്ച് പരിശോധിക്കുകയും ചെയ്യുന്ന ‘പരിണാമം’ കൈകാര്യം ചെയ്യുന്ന വിഷയത്തോട് ഏറ്റവും നന്നായി നീതി പുലര്‍ത്തിയതായി കാണാം. ഈ കൃതിയില്‍ പരാമര്‍ശിക്കുന്ന അധികാരത്തിനു വേണ്ടിയുള്ള മത്സരങ്ങളുടെ അകവും പുറവും, ഒന്നിരുത്തി ആലോചിച്ചാല്‍ നാം നിത്യവും കാണുന്ന രാഷ്ട്രീയ വടംവലി തന്നെയാണെന്ന ബോധ്യമുണ്ടാകും . ഈ നോവലിനെ സംബന്ധിച്ച ചര്‍ച്ച ഒരിക്കലും ഒരാളിലേക്കോ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കോ ചുരുക്കി കാണേണ്ടതില്ല . വിശാലമായ അധികാരബലാബലത്തെ പരിണാമം പ്രതിനിധാനം ചെയ്യുന്നുണ്ട്.
ഭരണകൂടമെന്ത് തരത്തിലുള്ളതായാലും അതിനെ നിലനിര്‍ത്തുന്ന പിന്നാമ്പുറക്കളികള്‍ക്ക് അതിശയകരമാംവിധം സമാനതയുണ്ട്. ഓരോ അധ്യായത്തിലുമായി കടന്നുവരുന്ന കഥാപത്രങ്ങള്‍ക്കെല്ലാം വിശാലമായ പശ്ചാത്തലം ഒരുക്കി നല്‍കിയിട്ടുണ്ട് കഥാകാരന്‍. എന്നാല്‍ ആ വിവരണങ്ങളിലൊന്നും ഏച്ചുകെട്ടലില്ല എന്നതുമുറപ്പിച്ച് പറയാം. കുഞ്ഞിരാമന്‍ നായര്‍, കേണല്‍, സ്വാമി, മത്തായി, സി.എം, ടോമി എന്ന പട്ടി, പൂയില്യന്‍ തുടങ്ങി നിരവധി പേര്.
ഭ്രമാത്മകമായ സാഹചര്യങ്ങള്‍ കെട്ടിയുണ്ടാക്കാതെ തന്നെ ഭയവും അധികാരവും എത്രകണ്ട് ബന്ധിതമാണ് എന്ന് ബോധ്യപ്പെടുത്തുന്നു പരിണാമം. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായാല്‍പ്പോലും സ്വന്തം കഴുത്തിലെ വാറൂരാന്‍ പറ്റില്ലത്രേ എന്ന് പറയുന്നുണ്ട് നോവലിലൊരിടത്ത്. പക്ഷേ എല്ലാ നിയമാവലികളെയും അസ്ഥാനത്താക്കി ഒരു മനുഷ്യന്‍, അയാളുടെ ഒരു നായ നമുക്ക് മുന്നിലേക്ക് കടന്നുവരുന്നു.
“ടോമീ കം ബാക്ക്. ആള്‍ ഈസ് ഫോര്‍ഗീവണ്‍. യുവര്‍ മാസ്റ്റര്‍ ഈസ് വറീഡ്.” പരിണാമത്തിന്റെ ആദ്യ ഭാഗത്ത് ലോസ്റ്റ് നോട്ടീസില്‍ പറയുന്ന ഈ ഭാഗം അവസാനം വീണ്ടും കടന്നുവരുന്നു. അധികാരത്തിന്റെ തുടര്‍ച്ചകളിലേക്ക് ലോകം വീണ്ടും വീണ്ടും ഒഴുകാന്‍ വിധിക്കപ്പെടുന്നതിന്റെ സൂചനയാണിത്. ആദ്യം കാട്, പിന്നെ നാട്ടിന്‍ പുറങ്ങള്‍, പിന്നെ നഗരങ്ങള്‍, പിന്നെ രാജ്യം പിന്നെ ലോകം എന്നതാണ് മത്തായിയുടെ വിപ്ലവത്തിന്റെ ലൈനെന്ന് പറയുന്നുണ്ട് പരിണാമത്തില്‍. അവസാന ഭാഗം വരെ മത്തായി ഭീകരനായ ഒരു നക്സലോ മാവായിസ്റ്റോ ആണ്. മത്തായി ഒരാളല്ല പലരുമാണ്. പല മനുഷ്യര്‍ ഒരേ രൂപത്തിലും പേരിലും പല മത്തായിമാരായി നമ്മെ ഭയചകിതരാക്കുന്നു. നോവലവസാനിക്കുമ്പോള്‍ നാമെത്തുന്നതാകട്ടെ അധികാരച്ചെങ്കോലേന്തിയവന്റെ കയ്യിലെ ആയിരമായിരം മത്തായിമാരെക്കുറിച്ചുള്ള ബോധ്യത്തിലാണ്.
ഉമ്മച്ചനെന്ന കേണലിന്റെ അനുഭവങ്ങളുടെ ഭാഗത്ത് യുദ്ധവുമായി ബന്ധപ്പെട്ട് ചിലത് പറയുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ ഒരേയൊരു കുറ്റം യുദ്ധത്തില്‍ മറുപക്ഷമായിപ്പോയി എന്നതാണ്. ഇത് വായിക്കുമ്പോള്‍ മനസ്സിലാകണം ലോകത്തെമ്പാടും നടക്കുന്ന വംശഹത്യകളും യുദ്ധങ്ങളും എത്രകണ്ട് സഹജീവിവിരുദ്ധമാണെന്ന്. “ജനങ്ങളെ സ്പൈ ചെയ്യാനുള്ള അധികാരമില്ലാതായാല്‍ പിന്നെ ആരെങ്കിലും ഗവണ്‍മെന്റിനെ പേടിക്കുമോ , പ്രജകളെ പേടിച്ച് ഓരോ നിമിഷവും ചത്തുജീവിക്കുന്ന ഭീരുക്കളാണ് പാവം പ്രധാന മന്ത്രിമാര്‍. അവരുടെ പേടിമാറ്റാന്‍ ഒരുമാതിരിപ്പെട്ട മന്ത്രവാദമൊന്നും പോര, വെജിറ്റേറിയന്‍സിന് സംവരണമെന്ന് വെച്ചാല്‍ ന്യൂനപക്ഷമിളകും. ന്യൂനപക്ഷങ്ങള്‍ തിരിഞ്ഞാല്‍ പ്രധാനമന്ത്രി പോവില്ലേ” . ഈ വരികളില്‍ എഴുത്തുകാരന്റെ ക്രാന്തദര്‍ശിത്ത്വം പ്രകടമാണ്. നായയെ വെറും നായയയായി കാണുന്ന നമ്മുടെ ബോധത്തിനേല്‍ക്കുന്ന അടിയാണ് ടോമി. നായ ഒരു പ്രസ്ഥാനവും ഒരധികാര രൂപവുമാകുന്നു പരിണാമത്തില്‍. നായകളെക്കുറിച്ചുള്ള അതീവരസകരമായ ചില കാഴ്ചപ്പാടുകള്‍കൊണ്ട് തന്നെ പരിണാമം മികച്ച ഒരു നോവലാകുന്നുണ്ട്. ജീവിതത്തെയും സമൂഹത്തെയും ഇത്രയേറെ തുറന്നവതരിപ്പിക്കുന്ന പരിണാമം നിര്‍ബന്ധമായും വായിക്കേണ്ട ഒരു നോവലാണ്.
Comments are closed.