DCBOOKS
Malayalam News Literature Website

പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന പാറപ്പുറത്ത് മാവേലിക്കരയിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14ന് ജനിച്ചു. പാറപ്പുറത്ത് എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമായിരുന്നു. കെ. ഈശോ മത്തായി എന്നായിരുന്നു യഥാര്‍ത്ഥ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പട്ടാളത്തില്‍ ചേര്‍ന്നു. ഇരുപത്തിയൊന്നു വര്‍ഷത്തെ പട്ടാള ജീവിതത്തിനു ശേഷം 1965-ല്‍ നാട്ടില്‍ മടങ്ങിയെത്തി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രകാശധാര, ഒരമ്മയും മൂന്നു പെണ്‍മക്കളും,ആ പൂമൊട്ടു വിരിഞ്ഞില്ല, തോക്കും തൂലികയും, ദിനാന്ത്യക്കുറിപ്പുകള്‍, ജീവിതത്തിന്റെ ആല്‍ബത്തില്‍നിന്ന്, നാലാള്‍ നാലുവഴി, സൂസന്ന, കൊച്ചേച്ചിയുടെ കല്യാണം, അളിയന്‍, വഴിയറിയാതെ, കീഴടങ്ങല്‍ തുടങ്ങിയ ചെറുകഥാ സമാഹരങ്ങളും നിണമണിഞ്ഞ കാല്പാടുകള്‍, അന്വേഷിച്ചു; കണ്ടെത്തിയില്ല, മകനേ, നിനക്കുവേണ്ടി,പണിതീരാത്ത വീട്, അരനാഴിക നേരം, വെളിച്ചം കുറഞ്ഞ വഴികള്‍, ചന്ത, പ്രയാണം, വഴിയമ്പലം, അവസ്ഥാന്തരം, ആകാശത്തിലെ പറവകള്‍, കാണാപ്പൊന്ന് തുടങ്ങിയ നോവലുകളും രചിച്ചു.

അദ്ദേഹത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാള ചലച്ചിത്രങ്ങള്‍ ആക്കിയിട്ടുണ്ട്. ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളില്‍ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. 1966-ല്‍ നാലാള്‍ നാലുവഴി എന്ന ചെറുകഥയ്ക്കും 1971-ല്‍ അരനാഴികനേരം എന്ന നോവലിനുമാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. 1981 ഡിസംബര്‍ 30-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.