DCBOOKS
Malayalam News Literature Website

ചേക്കുട്ടിപ്പാവയോടൊപ്പം പറക്കുമ്പോള്‍…

പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിപ്പാവയെ കേന്ദ്രകഥാപാത്രമാക്കി വീരാന്‍കുട്ടി രചിച്ച ബാലസാഹിത്യകൃതിയാണ് പറന്നുപറന്ന് ചേക്കുട്ടിപ്പാവ. പ്രസിദ്ധീകരണ ചരിത്രത്തിലാദ്യമായാണ് ജനങ്ങള്‍ രൂപപ്പെടുത്തിയ ഒരു കഥാപാത്രത്തെ ആസ്പദമാക്കി ഒരു നോവല്‍ രൂപപ്പെടുന്നത്. കുട്ടികള്‍ക്ക് അവര്‍ കാണാത്ത ചുറ്റുപാടുകളിലേക്ക് നയിക്കുന്ന കൂട്ടുകാരനായാണ് ചേക്കുട്ടിപ്പാവയെ ഈ കഥയില്‍ വീരാന്‍കുട്ടി ആവിഷ്‌കരിച്ചിരിക്കുന്നത്. അമാനുഷശക്തിയും പറക്കാനുള്ള കഴിവുമുണ്ട് ചേക്കുട്ടിയ്ക്ക്.

വീരാന്‍കുട്ടി ഈ കൃതിയ്‌ക്കെഴുതിയ അവതാരികയില്‍നിന്ന്

കേരളം കണ്ട എറ്റവും ദാരുണമായ പ്രളയത്തിന്റെ സന്തതിയാണു ചേക്കുട്ടിപ്പാവ. നാം പഠിക്കാതെ പോയ ചില പാഠങ്ങള്‍ പ്രളയം നമ്മെ പഠിപ്പിച്ചു. പ്രളയത്തില്‍ നാം സൃഷ്ടിച്ച ഒരുമയുടെ സന്ദേശത്തെ, നമുക്കുണ്ടാകേണ്ട പരിസ്ഥിതി വിവേകത്തെ,ഭാവി കേരളത്തെക്കുറിച്ചുള്ള സ്വപ്നത്തെ പലമട്ടില്‍ നമ്മിലുണര്‍ത്തുന്നഒരു പ്രതീകമാണ് ചേക്കുട്ടിപ്പാവ. ആ പ്രഭാവത്തെ നിലനിര്‍ത്തിക്കൊണ്ടു വേണം കഥ മുന്നോട്ടുപോകാന്‍. ചേക്കുട്ടിപ്പാവയെക്കുറിച്ചുള്ള കഥയില്‍ കഥമാത്രം പോര, കാര്യവും വേണം എന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. കുട്ടികളുടെ കണ്ണിലൂടെ ഭാവികേരളത്തെ രൂപകല്പന ചെയ്യാനുള്ള എളിയ ശ്രമമാണ് അതെന്നു പറയാം.

ഈ പുസ്തകം എഴുതുംമുന്‍പ് ചില കുട്ടികളോട് ചേക്കുട്ടിപ്പാവയെ അറിയുമോ എന്നു രസത്തിനു ചോദിച്ചു നോക്കുകയുണ്ടായി. വേദനയോടെ പറയട്ടെ അതില്‍ പകുതിയിലേറെ പേരും അതിനെക്കുറിച്ച് കേള്‍ക്കാത്തവരായിരുന്നു. പ്രളയത്തെക്കുറിച്ച് കേള്‍ക്കാത്തവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. നോവലിലെ കഥാപാത്രമായ ഉണ്ണിക്കുട്ടന്‍ ജനിച്ചതങ്ങനെയാണ്. മാര്‍ക്കും ഗ്രേഡും മാത്രം ലക്ഷ്യം വച്ചുള്ള ഔപചാരിക വിദ്യാഭ്യാസത്തിന്റെ തടവില്‍ കഴിയുന്ന കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നതെന്തെന്ന് അവരറിയുന്നില്ല. പാഠപുസ്തകത്തിനുപുറത്തും ജീവിതമുണ്ട് എന്ന് ഉണ്ണിക്കുട്ടനു കാട്ടിക്കൊടുക്കുകയാണ് ചേക്കുട്ടിപ്പാവ. ഒപ്പം പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്റെ ചില മൂല്യസങ്കല്പങ്ങളെ കുഞ്ഞു മനസ്സുകളില്‍ വിതറാനുള്ള ശ്രമവുമുണ്ട്.

ഭംഗിയായി രൂപകല്പന ചെയ്തിട്ടുള്ള ഈ കുഞ്ഞു നോവലിന്റെ ആകര്‍ഷണം അതിലെ ചിത്രങ്ങളാണ്. ശ്രദ്ധേയനായ യുവ ചിത്രകാരന്‍ റോണി ദേവസ്യയാണ് ചേക്കുട്ടിപ്പാവയ്ക്ക് ജീവന്‍ പകര്‍ന്നിട്ടുള്ളത്. റോണി ദേവസ്യയ്ക്ക് എന്റെ നന്ദി. ഒരു പാവയായി മാത്രം വന്ന് ഒര്‍മ്മകളില്‍നിന്നും പില്ക്കാലത്ത് മാഞ്ഞുപോകേണ്ട രൂപമല്ല ചേക്കുട്ടിപ്പാവ. ഭാവിയില്‍ ഒരു മിത്തായി മാറാനുള്ള ശേഷി ആ സങ്കല്പ്പത്തിലുണ്ട്. അതു പലര്‍ ചേര്‍ന്നു പലമട്ടില്‍ പൂരിപ്പിക്കേണ്ട ഒന്നാണ്. അതിനു തുടക്കമിടാനായതില്‍ അളവറ്റ സന്തോഷമുണ്ട്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പറന്നുപറന്ന് ചേക്കുട്ടിപ്പാവ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

 

 

 

Comments are closed.