നിത്യജീവിതത്തില്‍ ശാസ്ത്രതത്വങ്ങളുടെ പ്രസക്തിയെന്ത്?
ശാസ്ത്രവിഷയങ്ങളിലുള്ള അടിസ്ഥാനവിദ്യാഭ്യാസം സ്‌കൂള്‍തലത്തില്‍ ലഭിച്ചിട്ടും കേരളസമൂഹത്തിന് ശാസ്ത്രജ്ഞാനം അപരിചിതവും അനാവശ്യവുമാണ്. ഈ മനോഭാവത്തെ മാറ്റിയെടുത്തുകൊണ്ട് നമ്മുടെ നിത്യജീവിതത്തില്‍ ശാസ്ത്രതത്വങ്ങളുടെ പ്രസക്തി കണ്ടെത്തുന്നതിനുള്ള ഒരു ശ്രമമാണ് വൈശാഖന്‍ തമ്പിയുടെ പരന്നഭൂമി എന്ന കൃതി. ശാസ്ത്രമെന്നത് കുറെ വസ്തുതകളുടെ ശേഖരം എന്നതിനപ്പുറം നമ്മുടെ ചിന്താരീതിയുടെയും ലോകവീക്ഷണത്തിന്റെയും ഭാഗമാകുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനുള്ള ഒരു പരോക്ഷമായ ശ്രമം കൂടിയാണ് ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ലളിതവും രസകരവുമായ രചനാശൈലി ഈ ഗ്രന്ഥത്തിന്റെ മുഖ്യസവിശേഷകളിലൊന്നാണ്.
കൃതിയുടെ ആമുഖത്തില്‍ വൈശാഖന്‍ തമ്പി കുറിക്കുന്നു
ശാസ്ത്രത്തിന്റെ, അത് സംഭാവന ചെയ്ത സാങ്കേതികവിദ്യകളുടെ ഗുണഭോക്താക്കളാണ് നമ്മളോരോരുത്തരും. അതുകൊണ്ടുതന്നെ ശാസ്ത്രം ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ക്ക് മാത്രം പ്രസക്തമായ ഒന്നേയല്ല. പക്ഷേ, പൊതുസമൂഹം അത് തിരിച്ചറിയുന്നില്ല എന്നതൊരു ദുഃഖസത്യമായി നിലനില്‍ക്കുന്നു. സ്‌കൂളിലോ കോളജിലോ പഠിച്ച്, പരീക്ഷയെഴുതി, കോഴ്‌സ് പാസ്സാകുന്നതോടെ ശാസ്ത്രത്തോട് വിടപറഞ്ഞ്, പഠിച്ചതുകൊണ്ട് ജീവിതത്തില്‍ പ്രയോജനമില്ല എന്നു വിലപിക്കുന്ന വിദ്യാസമ്പന്നരുടെ നാടാകുന്നു നമ്മുടേത്. അവിടെയാണ് നമ്മുടെ ജീവിതവും, നാം ജീവിക്കുന്ന പ്രകൃതിയും ശാസ്ത്രവും തമ്മില്‍ എങ്ങനെ ഇഴപിരിഞ്ഞു കിടക്കുന്നു എന്നതിനെപ്പറ്റി ഉറക്കെ സംസാരിക്കേണ്ടതിന്റെ പ്രസക്തി. നമ്മള്‍ സ്‌കൂളില്‍ ചരിത്രം പഠിച്ചു, സാമ്പത്തിക ശാസ്ത്രംപഠിച്ചു, ഭൗതികശാസ്ത്രം പഠിച്ചു, അങ്ങനെ പലവിധ വിഷയങ്ങള്‍ പഠിച്ചു. പക്ഷേ, നമ്മുടെ പൊതുവേദി കളില്‍ ചരിത്രമോ സാമ്പത്തിക ശാസ്ത്രമോ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തോന്നാത്ത ഒരു അപരിചിതത്വം അടിസ്ഥാനശാസ്ത്രം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ തോന്നും. ഓരോനിമിഷത്തിലും ശാസ്ത്രജ്ഞാനത്തിന്റെ ഉപഭോക്താക്കളായിരിക്കുന്ന സമൂഹത്തിന് എന്തുകൊണ്ടാണ് ശാസ്ത്രം അപരിചിതമോ അനാവശ്യമോ ആയിപ്പോകുന്നത്? ആ ഒരു ചോദ്യത്തിന്റെ സ്വാധീനത്തില്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ലേഖകന്‍ ബ്ലോഗിലും ഫെയ്‌സ് ബുക്കിലുമായി സൈബറിടങ്ങളില്‍ പങ്കുവെച്ച ചില അറിവുകളുടെയും ചിന്തകളുടെയും സമാഹാരമാണീ പുസ്തകം. ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയുടെയും, അദ്ധ്യാപകന്റെയും കണ്ണുകളിലൂടെ സമൂഹത്തെ നോക്കിക്കാണുമ്പോള്‍ കിട്ടുന്ന ചില പ്രചോദനങ്ങളാണ് പലപ്പോഴായി പല സാഹചര്യങ്ങളില്‍ എഴുതപ്പെട്ട ഈ ലേഖനങ്ങളില്‍ മിക്കതിന്റെയും പിന്നില്‍.
സമാഹാരത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യഭാഗത്തില്‍ പൊതുവില്‍ ശാസ്ത്രരീതിയുടെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ലേഖനങ്ങളാണ്. ശാസ്ത്രപഠനത്തിന്റെ രീതിയും അതിന്റെ ദാര്‍ശനികതയും ഒക്കെ ആ ലേഖനങ്ങളില്‍ കടന്നുവരും. രണ്ടാം ഭാഗത്തില്‍, പരക്കെ കണ്ടിട്ടുള്ള ചില തെറ്റിദ്ധാരണകളെയാണ് ചര്‍ച്ചാവിധേയമാക്കുന്നത്. പലവിധ ധാരണകളെ എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ വസ്തുനിഷ്ഠമായി പരിശോധനയ്‌ക്കെടുക്കാം എന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമംകൂടിയാണ് അവിടെയുള്ളത്. മനുഷ്യര്‍ക്ക് ആറാം ഇന്ദ്രിയം ഉണ്ടോ, വടക്കോട്ട് തലവെച്ച് കിടക്കാമോ, പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ, തുടങ്ങിയ കുറേ ചോദ്യങ്ങള്‍ അവിടെ വിശകലനം ചെയ്തിട്ടുണ്ട് മൂന്നാം ഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ ഉള്ളത്. പഠനകാലത്ത് ക്ലാസ്സുകളിലും പാഠപുസ്തകങ്ങളിലുമൊക്കെ നമ്മള്‍ നിരവധി ശാസ്ത്രതത്ത്വങ്ങള്‍ കേട്ടുമറന്നിട്ടുണ്ട്. മനുഷ്യന്റെ സ്വാഭാവികമായ കൗതുകങ്ങളെയും പരമമായ ചോദ്യങ്ങളെയുംവരെ അഭിസംബോധന ചെയ്യാന്‍ കഴിവുള്ളവയായിരുന്നു അവയില്‍ പലതും.
പക്ഷേ, നിര്‍ഭാഗ്യവശാല്‍ എന്തുകൊണ്ടോ അവയൊന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയിട്ടുണ്ട്. പച്ചയായ ജീവിതസാഹചര്യങ്ങളില്‍ ശാസ്ത്രതത്ത്വങ്ങളുടെ പ്രസക്തി കണ്ടെടുക്കാനുള്ള ശ്രമങ്ങ ളാണ് ഈ ഭാഗത്തില്‍. അതിലൂടെ വിരസമെന്നോ ദുര്‍ഗ്രാഹ്യമെന്നോ കരുതപ്പെട്ടിരുന്ന അവയ്ക്ക് ജീവന്‍ വെച്ച് രസകരമായി അനുഭപ്പെടാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. ശാസ്ത്രമെന്നത് കുറേ വസ്തുതകളുടെ ശേഖരം എന്നതിനപ്പുറം, നമ്മുടെ ചിന്താരീതിയുടെയും ലോകവീക്ഷണത്തിന്റെയും ഭാഗമാകുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനുള്ളഒരു പരോക്ഷമായ ശ്രമമായിക്കൂടിയാണ് ഈ പുസ്തകത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ചില ലേഖനങ്ങളില്‍ ഒരല്പം സാങ്കേതികമായി ഗണിതഭാഷകൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രം തുടര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുകൂടി സഹായകമായിക്കോട്ടെ എന്ന ഉദ്ദേശ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അവ എല്ലാവര്‍ക്കും ഒരുപോലെ എളുപ്പത്തില്‍ ഗ്രഹിക്കാനായേക്കില്ല. എന്നിരിക്കിലും, ലേഖനങ്ങള്‍ക്കിടയില്‍ ഒരുതുടര്‍ച്ചഉദ്ദേശിച്ചിട്ടില്ല എന്നതിനാല്‍ അവയിലേതും വിട്ടുകളഞ്ഞ് ബാക്കി വായി
ക്കാവുന്നതേ ഉള്ളൂ. ചില ആശയങ്ങള്‍ ഒന്നിലധികം ലേഖനങ്ങളില്‍ ആവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. അവ അതത് സാഹചര്യങ്ങളില്‍ പ്രസക്തമായതുകൊണ്ട് സമാഹാരത്തിന്റെഎഡിറ്റിങ്ങിനു ശേഷവും അങ്ങനെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, ഒരേ ആശയം പല രീതിയില്‍ പറയപ്പെടുമ്പോള്‍ അതില്‍ കൂടുതല്‍ വ്യക്തത വരുമെന്ന തോന്നലും അതിനു പിന്നിലുണ്ട്. ലേഖകന്‍ അടിസ്ഥാനപരമായി ഒരു ഭൗതിക ശാസ്ത്ര വിദ്യാര്‍ത്ഥി ആയതിനാല്‍ പരാമര്‍ശിക്കപ്പെടുന്ന സിദ്ധാന്തങ്ങളിലും, ഉദാഹരണങ്ങളിലും ഒക്കെ ആ വിഷയത്തിന് പ്രാമുഖ്യം കൂടുതലുണ്ടാകും. എന്നാല്‍ ശാസ്ത്ര ത്തിന് ഫിസിക്‌സെന്നോ കെമിസ്ട്രിയെന്നോ അതിര് നിര്‍ണയിക്കുന്നതിന് പഠനത്തിനുള്ള സൗകര്യത്തിനപ്പുറം മറ്റ് പ്രസക്തിയൊന്നും തന്നെയില്ല എന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
Comments are closed.