DCBOOKS
Malayalam News Literature Website

‘പരമവീരചക്രം’; വീരനായകരുടെ പോരാട്ടവീര്യത്തിന്റെ കഥ

ഇന്ത്യയുടെ അഖണ്ഡത കാത്തുസംരക്ഷിക്കാന്‍ സേനാവിഭാഗങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വന്തം ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ സദാ സന്നദ്ധരാണ് അവര്‍. കരയിലും കടലിലും ആകാശത്തും ഇന്ത്യയെ കാത്തുസംരക്ഷിക്കുന്നവര്‍. സ്വന്തം ജീവനേക്കാളും രാജ്യത്തെ സ്‌നേഹിക്കുന്ന അവര്‍ മഞ്ഞുമലകളിലും മരുഭൂമികളിലും ഇമചിമ്മാതെ അവര്‍ ഉണര്‍ന്നിരിക്കുന്നതുകൊണ്ട് നാം സുഖമായി ഉറങ്ങുന്നു.

ആ ധീരതയ്ക്കും അര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും പകരംവെയ്ക്കാന്‍ മറ്റൊന്നില്ല. അസാമാന്യമായ അത്തരം ധീരതയെ സൈനികബഹുമതികള്‍ കൊണ്ട് രാജ്യം ആദരിക്കാറുണ്ട്. യുദ്ധകാലത്തെ ധീരതയ്ക്ക് സൈനികര്‍ക്കു നല്‍കുന്ന പരമോന്നത സൈനിക ബഹുമതിയായ പരമവീരചക്രമാണ് അതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ 21 പേര്‍ക്കു മാത്രമേ ഈ ബഹുമതി ലഭിച്ചിട്ടുള്ളൂ എന്നതുതന്നെ അതിനെ അമൂല്യമാക്കുന്നു. ശത്രുക്കളുടെ മുന്നില്‍ ഉശിരോടെ പോരാടി ജീവന്‍ ത്യജിച്ചും മാതൃഭൂമിയെ സംരക്ഷിച്ച ആ വീരനായകരുടെ പോരാട്ടവീര്യത്തിന്റെ കഥയാണ് മാനിനി മുകുന്ദ രചിച്ചിരിക്കുന്ന പരമവീരചക്രം.

1947-48 കാലഘട്ടത്തിലുണ്ടായ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം, 1961-ലെ കോംഗോ സമാധാന ദൗത്യം, 1962-ലെ ഇന്ത്യ-ചൈന യുദ്ധം, 1965-ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം, 1971-ലെ ഇന്ത്യ-പാക്ക് യുദ്ധം, 1987-ലെ സിയാച്ചിന്‍ പിടിച്ചെടുക്കല്‍, ശ്രീലങ്ക-എല്‍.ടി.ടി.ഇ ആഭ്യന്തരയുദ്ധം, 1999-ലെ കാര്‍ഗില്‍ യുദ്ധം എന്നീ ദൗത്യങ്ങളില്‍ പങ്കെടുത്ത വീരസൈനികരുടെ സാഹസികകഥകള്‍ ഈ കൃതിയില്‍ വിശദമായിതന്നെ കുറിയ്ക്കുന്നു.

പ്രതികൂലസാഹചര്യങ്ങളില്‍ ശത്രുവിനെ കൂസാതെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനായി പോരാടിയ വീരസൈനികരുടെ ജീവിതവും പോരാട്ടവുമാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പരമവീരചക്രത്തിന്റെ കൃതിയുടെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.