കാര്‍ഗില്‍ യുദ്ധം; ഇന്ത്യയുടെ വീരനായകര്‍
മഞ്ഞുമലകളിലും മരുഭൂമികളിലും ഇമചിമ്മാതെ അവര്‍ ഉണര്‍ന്നിരിക്കുന്നതുകൊണ്ട് നാം സുഖമായി ഉറങ്ങുന്നു. ഇന്ത്യയുടെ അഖണ്ഡത കാത്തുസംരക്ഷിക്കാന്‍ സേനാവിഭാഗങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വന്തം ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ സദാ സന്നദ്ധരാണ് അവര്‍. സ്വന്തം ജീവനെക്കാളും രാജ്യത്തെ വിലമതിക്കുന്നവര്‍. കരയിലും കടലിലും ആകാശത്തും ഇന്ത്യയെ കാക്കുന്നവര്‍. ആ ധീരതയ്ക്കും അര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും പകരംവയ്ക്കാന്‍ മറ്റൊന്നില്ല. അസാമാന്യമായ അത്തരം ധീരതയെ സൈനികബഹുമതികള്‍കൊണ്ട് രാജ്യം ആദരിക്കുന്നു. യുദ്ധകാലത്തെ ധീരതയ്ക്ക് സൈനികര്‍ക്കു നല്‍കുന്ന പരമോന്നത സൈനികബഹുമതിയായ പരമവീരചക്രമാണ് അതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ 21 പേര്‍ക്കു മാത്രമേ ഈ ബഹുമതി ലഭിച്ചിട്ടുള്ളൂ എന്നതുതന്നെ അതിനെ അമൂല്യമാക്കുന്നു. പ്രതികൂലസാഹചര്യങ്ങളില്‍, ശത്രുവിനെ കൂസാതെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനായി പോരാടിയ അവരുടെ ജീവിതവും പോരാട്ടവുമാണ് മാനിനി മുകുന്ദയുടെ ‘പരമവീരചക്രം-ഇന്ത്യയുടെ വീരനായകര്‍’.
കാര്‍ഗില്‍ യുദ്ധത്തില്‍ ധീരമായി പോരാടി രക്തസാക്ഷിത്വം വരിച്ച സൈനികരുടെ പോരാട്ടത്തെക്കുറിച്ച് വായിക്കാം, പുസ്തകത്തിൽ നിന്നും
ഇന്ത്യ കണ്‍നിറയെ കണ്ട പോരാട്ടമാണ് കാര്‍ഗിലില്‍ 1999-ല്‍ നടത്തിയ ഓപ്പറേഷന്‍ വിജയ്. ടെലിവിഷന്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിയശേഷം ഇന്ത്യ നടത്തിയ പ്രധാനപ്പെട്ട പോരാട്ടമായിരുന്നു കാര്‍ഗിലിലേത്. ശ്വാസം കഴിക്കാന്‍പോലും പ്രയാസപ്പെടുന്ന കൊടുമുടികളിലേക്ക് സൈനികര്‍ കയറിപ്പോകുന്നതു വീര്‍പ്പടക്കിയാണ് ജനം കണ്ടത്.
പാക്ക് സൈന്യത്തിന്റെ തികഞ്ഞ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് അകത്തേക്കു സംഘടിതമായി നടത്തിയ നുഴഞ്ഞുകയറ്റമായിരുന്നു ‘ഓപ്പറേഷന്‍ ബദര്‍’. മുഷ്‌കോഹ്, ദ്രാസ്, ബതാലിക് തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം അവര്‍ നുഴഞ്ഞുകയറി. പീരങ്കികളും വിമാനവേധമിസൈലുകളും കുഴിബോംബുകളും അടക്കമുള്ള ആയുധങ്ങളുമായാണ് പാക്ക് സൈന്യം അവരെ വിട്ടത്. അര്‍ധസൈനികരെയും മറ്റുള്ളവരെയും പരിശീലിപ്പിച്ചു വിടുകയായിരുന്നെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പാക്ക് പട്ടാള ഉദ്യോഗസ്ഥന്‍തന്നെ വെളിപ്പെടുത്തിയത് നുഴഞ്ഞുകയറിയവരെല്ലാം പാക്ക് സൈനികര്‍ തന്നെയായിരുന്നു എന്നാണ്. സിയാച്ചിനില്‍
നിന്ന് ഇന്ത്യന്‍സേനയെ പിന്തിരിപ്പിക്കുക, കശ്മീര്‍പ്രശ്‌നത്തെ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ഇന്ത്യയെ ഉടമ്പടിക്ക് നിര്‍ബന്ധിക്കുക ഇതൊക്കെയായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം.
ആട്ടിടയന്മാര്‍ സൂചന നല്‍കിയപ്പോഴാണ് നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചറിഞ്ഞത്. 1999 മെയ് ആറിനായിരുന്നു അത്. നിരീക്ഷണം നടത്താന്‍പോയ ഇന്ത്യന്‍ സൈനികര്‍ തിരിച്ചെത്തിയതേയില്ല. ജൂണ്‍ 10-നു പാക്ക് പട്ടാളം കൈമാറിയത് അവരുടെ അംഗച്ഛേദം വരുത്തിയ മൃതദേഹങ്ങളായിരുന്നു. കൊടിയ ക്രൂരതയാണ് മേജര്‍ സൗരഭ് കാലിയയോടും അഞ്ചു സൈനികരോടും പാക്ക് പട്ടാളം ചെയ്തത്.
നിയന്ത്രണരേഖ ലംഘിക്കരുതെന്ന് ഇന്ത്യന്‍ സൈന്യത്തിനു പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. അതു പോരാട്ടത്തെ പരിമിതപ്പെടുത്തി. എന്നാലും ശക്തമായ മറുപടിയാണ് ഇന്ത്യ കൊടുത്തത്. ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ബോംബുകളിട്ട് ശത്രുബങ്കറുകള്‍ തകര്‍ത്തു. എത്തിപ്പെടാന്‍ ക്ലേശകരമായ ഉയരം കൂടിയ കൊടുമുടികളിലേക്ക് അതിസാഹസികമായി രാത്രിയുടെ മറവില്‍ കയറി. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളില്‍ കയര്‍ ഉറപ്പിച്ച് ശത്രുക്കളെ തേടിപ്പോയ ഇന്ത്യന്‍ സൈനികരുടെ വീരോജ്ജ്വലപോരാട്ടം രാജ്യത്തിനു മുഴുവന്‍ ആവേശമായി. നുഴഞ്ഞുകയറ്റക്കാരെ തൂത്തെറിയാനും പാക്കിസ്ഥാനെ ശക്തമായ പാഠം പഠിപ്പിക്കാനും ഇന്ത്യയ്ക്കായത് അതുകൊണ്ടാണ്.
മനോജ് കുമാര്‍ പാണ്ഡെ
ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ 1975 ജൂണ്‍ 25-നാണ് ഗോപിചന്ദ് പാണ്ഡെയുടെയും മോഹിനിയുടെയും മകനായി മനോജ് കുമാര്‍ പാണ്ഡെ ജനിച്ചത്. ലക്‌നോവിലെ സൈനികസ്‌കൂളില്‍ പഠിച്ചശേഷം സൈനികനാവുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും മിലിട്ടറി അക്കാദമിയിലും ചേര്‍ന്നു. ധീരതയ്ക്കു പേരുകേട്ട 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ ഒന്നാം ബറ്റാലിയന്റെ ഭാഗമായ മനോജ് കശ്മീര്‍ താഴ്‌വരയിലും സിയാച്ചിനിലും നടന്ന പോരാട്ടങ്ങളുടെ ഭാഗമായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ ധീരമായി പോരാടി രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിനു മരണാനന്തരബഹുമതിയായി രാജ്യം പരമവീരചക്രം സമര്‍പ്പിച്ചു.
പൂര്‍ണ്ണരൂപം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
യോഗേന്ദര്‍ സിങ് യാദവ്
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ഔറംഗാബാദ് ഗ്രാമത്തില്‍ 1980 മെയ് 10-ന് യോഗേന്ദര്‍ സിങ് യാദവ് ജനിച്ചു. സൈനികനായിരുന്ന അച്ഛന്‍ റാം കരണ്‍ സിങ് 1965-ലെയും 1971-ലെയും ഇന്ത്യ-പാക്ക് യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്നു. അച്ഛനായിരുന്നു സൈന്യത്തില്‍ ചേരാനുള്ള വലിയ പ്രചോദനം. വെറും 16 വയസ്സുള്ളപ്പോഴാണ് യോഗേന്ദര്‍ സിങ് ഗ്രനേഡിയേഴ്‌സ് റെജിമെന്റിന്റെ ഭാഗമായത്. കാര്‍ഗില്‍ പോരാട്ടത്തിലെ അസാമാന്യമായ പോരാട്ടവീര്യത്തിന് പരമവീരചക്രം ലഭിച്ചു.
പൂര്‍ണ്ണരൂപം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
സഞ്ജയ് കുമാര്‍
1976 മാര്‍ച്ച് മൂന്നിന് ഹിമാചല്‍പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയില്‍ ബക്കെയ്ന്‍ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്റെ സഹോദരന്‍ 65-ലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ആ കഥകള്‍ നാട്ടുകാര്‍ പറയുന്നതുകേട്ടാണ് സൈന്യത്തില്‍ ചേരാന്‍ സഞ്ജയ് തീരുമാനിച്ചത്. സൈന്യത്തില്‍ ചേരുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹിയിലെത്തി ഡ്രൈവറായി കൂടി. രണ്ടുവട്ടം ശ്രമം പാഴായെങ്കിലും മൂന്നാംവട്ടം സൈന്യത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജമ്മു ആന്‍ഡ് കശ്മീര്‍ റൈഫിള്‍സിന്റെ 13-ാം ബറ്റാലിയനില്‍ ചേര്‍ന്നു.
പൂര്‍ണ്ണരൂപം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
വിക്രം ബത്ര
1974 സെപ്റ്റംബര്‍ ഒന്‍പതിന് ജി.എല്‍.ബത്രയുടെയും ജയ് കമല്‍ ബത്രയുടെയും മകനായി ഹിമാചല്‍പ്രദേശിലെ ഗുജ്ജാര്‍ ഗ്രാമത്തില്‍ വിക്രം ബത്ര ജനിച്ചു. കോളജ് പഠനകാലത്ത് എന്‍.സി.സി.യില്‍ സജീവമായിരുന്ന വിക്രം വടക്കന്‍ മേഖലയിലെ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു. മര്‍ച്ചന്റ് നേവിയില്‍ ചേരാനായി യൂണിഫോംവരെ വാങ്ങിയ വിക്രം അവസാനനിമിഷം തീരുമാനം മാറ്റി പിന്നീടു കരസേനയില്‍ ചേരുകയായിരുന്നു. 13 ജമ്മു ആന്‍ഡ് കശ്മീര്‍ റൈഫിള്‍സില്‍ ലെഫ്റ്റനന്റ് ആയി ചേര്‍ന്ന വിക്രത്തിന് ഓപ്പറേഷന്‍ വിജയ്‌യുടെ ഭാഗമായി കാര്‍ഗിലില്‍ നടത്തിയ ധീരമായ പോരാട്ടത്തിന് മരണാനന്തരബഹുമതിയായി പരമവീരചക്രം സമര്‍പ്പിക്കപ്പെട്ടു.
പൂര്‍ണ്ണരൂപം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.