DCBOOKS
Malayalam News Literature Website

ഭീരുവായി ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്’: അന്ന് ചൈനയ്‌ക്കെതിരെ വെറുംകൈയ്യോടെ പോരാടിയ ധൻ സിങ് ഥാപ്പയുടെ ഓർമയിലൂടെ!

PARAMAVEERACHAKRAM

ഇന്ത്യചൈന അതിർത്തിയിൽ സേനാംഗങ്ങൾ വീരമൃത്യു വരിച്ചതിന്റെ വേദനയിലാണ് രാജ്യം. 1962ൽ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ 48 വർഷങ്ങൾക്കിപ്പുറം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു.  1962ൽ ചൈനയുടെ പുത്തൻ ആയുധങ്ങൾക്കു മുന്നിൽ ഇന്ത്യയ്ക്കുണ്ടായിരുന്നത് ഗൂർഖാ പോരാളികളുടെ ഉള്ളുലയാത്ത ആത്മവീര്യം മാത്രമായിരുന്നു.  ആർത്തലച്ചെത്തിയ ചൈനീസ് സൈന്യത്തിന്റെ മുൻപിൽ പടക്കോപ്പുകൾ തീർന്നിട്ടും ഊരിപ്പിടിച്ച ഗൂർഖാ കത്തിയുമായി നിലകൊണ്ട വീരനായകനായിരുന്നു ധൻ സിങ് പോരാട്ടവീര്യത്തിന് പുത്തൻ അതിരുകൾ സൃഷ്ടിച്ച  ധൻ സിങ് ഥാപ്പയ്ക്ക് പരമവീരചക്രം നൽകി രാജ്യം ആദരിച്ചു. ആ ധീരസേനാനിയുടെ കഥ മാനിനി മുകുന്ദയുടെപരമവീരചക്രം’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

പുസ്തകത്തിൽ നിന്നും

ധൻ സിങ് ഥാപ്പ

ഹിമാചല്‍പ്രദേശിലെ സിംലയില്‍ 1928 ഏപ്രില്‍ 10-ന് ജനിച്ചു. 1949-ല്‍ 1/8 ഗൂര്‍ഖ റൈഫിള്‍സില്‍ ചേര്‍ന്നു. സൗമ്യനും വിനയാന്വിതനുമായിരുന്ന ധന്‍ സിങ് പോരാട്ടവീര്യത്തിലും ആര്‍ക്കും പിന്നിലായിരുന്നില്ല. നാഗാലാന്‍ഡിലെ വിഘടനവാദികളെ നേരിടുന്നതില്‍ മികവു തെളിയിച്ച ധന്‍ സിങ്ങിനെ രാജ്യം മുഴുവന്‍ അറിഞ്ഞത് 1962-ലെ ചൈനീസ് ആക്രമണകാലത്തെ ധീരമായ പോരാട്ടത്തിലൂടെയാണ്.

പത്തു ചൈനക്കാര്‍ക്ക് ഒരു ഗൂര്‍ഖ

ഇന്ത്യന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ പോസ്റ്റായിരുന്നു സിരി ജാപ് 1. ലഡാക്കിലെ ചുഷൂല്‍ മേഖലയിലെ ഈ പോസ്റ്റിലുള്ള സൈനികര്‍ ചൈനീസ് പക്ഷത്തുനിന്നുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ സദാ സജ്ജരായി നില്‍ക്കേണ്ടിയിരുന്നു. ആള്‍ബലത്തില്‍ ഇന്ത്യയ്ക്കു പരിമിതികളുണ്ടായിരുന്നു. വെറും 28 സൈനികരെ മാത്രമാണ് ഇന്ത്യ സിരി ജാപില്‍ നിയോഗിച്ചിരുന്നത്. ചൈനയാകട്ടെ ലഡാക്ക് മേഖലയിലെ തങ്ങളുടെ പോസ്റ്റുകള്‍ നൂതനമായ ആയുധങ്ങള്‍കൊണ്ടും സൈനികരെക്കൊണ്ടും നിറയ്ക്കുകയായിരുന്നു. ഇന്ത്യന്‍ സൈനികരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും കാലഹരണപ്പെട്ടുതുടങ്ങിയവയായിരുന്നു. അവിടത്തെ ഭൂമിയുടെ കിടപ്പു തന്നെ സൈനികരുടെ ജോലി പ്രയാസകരമാക്കി. കൊടും ശൈത്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഗൂര്‍ഖ റൈഫിള്‍സ് 1/8-ലെ സൈനികരാണ് സിരി ജാപിലുണ്ടായിരുന്നത്. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഏതു സമയത്തും ആക്രമണം ഉണ്ടായേക്കാമെന്നു കരുതിത്തന്നെയാണ് അവര്‍ നിന്നിരുന്നത്.

ചൈന അതീവ തന്ത്രപരമായാണ് നീങ്ങിയത്. ഇന്ത്യ പോരാട്ടം പ്രതീക്ഷിച്ചപ്പോഴൊന്നും അവര്‍ അനങ്ങിയില്ല. ഓര്‍ക്കാപ്പുറത്ത് ആക്രമിച്ച് അമ്പരപ്പിക്കുകയും ഒരുങ്ങാന്‍ സമയം കിട്ടാത്ത ഇന്ത്യന്‍ പക്ഷത്ത് കനത്ത നാശം വിതയ്ക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. 1962 ഒക്‌ടോബര്‍ 19 രാത്രിയില്‍ നദിക്ക് അക്കരെയുള്ള ചൈനീസ് ക്യാംപില്‍ തിരക്കിട്ട ഒരുക്കങ്ങള്‍ നടക്കുന്നത് മേജര്‍ താപ്പ തിരിച്ചറിഞ്ഞു. സിരി ജാപ് പോസ്റ്റ് ആക്രമിച്ചു കീഴടക്കാന്‍
തന്നെയാണ് എതിരാളികള്‍ ഒരുക്കം കൂട്ടുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായി. ആക്രമണം എപ്പോഴെന്ന കാര്യത്തിലേ സംശയമുണ്ടായിരുന്നുള്ളൂ.

നല്ല കൊടുങ്കാറ്റുള്ള രാത്രിയായിരുന്നു അത്. ഇരുട്ടിന്റെയും കൊടുങ്കാറ്റിന്റെയും മറപിടിച്ച് ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തുമോയെന്നായിരുന്നു സംശയം. ധന്‍ സിങ് ഥാപ്പയും ഗൂര്‍ഖ റൈഫിള്‍സിലെ സൈനികരും ഒരുപോള കണ്ണടയ്ക്കാതെ ഒരുങ്ങിയിരുന്നു. മണല്‍ച്ചാക്കുകള്‍ കൂട്ടിയിട്ട് അവര്‍ ബങ്കറുകള്‍ തീര്‍ത്തു. എന്നാല്‍ ചൈനീസ് പക്ഷത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായില്ല. ഇന്ത്യന്‍ സൈനികരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അവര്‍ പിറ്റേന്നു പുലര്‍ച്ചെ ആക്രമണം അഴിച്ചുവിട്ടു. ബോംബുകളടക്കം പ്രയോഗിച്ചുകൊണ്ടുള്ള തീവ്രമായ ആക്രമണം. കനത്ത ആക്രമണത്തില്‍ ഇന്ത്യന്‍പക്ഷത്ത് ഒട്ടേറെ സൈനികര്‍ കൊല്ലപ്പെടുകയും ഏറെപ്പേര്‍ക്കു മുറിവേല്‍ക്കുകയും ചെയ്തു.

വാര്‍ത്താവിനിമയം മുറിഞ്ഞതായിരുന്നു ഇന്ത്യന്‍ സൈനികര്‍ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടി. കാര്യങ്ങള്‍ കൃത്യമായി ധരിപ്പിക്കാനോ കൂടുതല്‍ ആള്‍ബലമോ ആയുധങ്ങളോ ആവശ്യപ്പെടാനോ കഴിയാതായി. വാര്‍ത്താവിനിമയബന്ധം മുറിയുന്നതിനു മുന്‍പ് ഥാപ്പയില്‍ നിന്ന് അവസാനമായി ലഭിച്ച സന്ദേശം തങ്ങള്‍ കീഴടങ്ങുകയോ പിന്‍വാങ്ങുകയോ ചെയ്യില്ലെന്നായിരുന്നു. നിരന്തരമായി ചൈനീസ് പക്ഷത്തുനിന്ന് പീരങ്കിയുണ്ടകള്‍ പറന്നെത്തി. അവിടമാകെ പുക നിറഞ്ഞു. അതിന്റെ മറവില്‍ ചൈനീസ് സൈനികര്‍ സിരി ജാപിലെ ഇന്ത്യന്‍ പോസ്റ്റിലേക്കു നീങ്ങി.

ചൈനപ്പട ആയുധങ്ങളുടെ കാര്യത്തിലും എണ്ണത്തിലും തങ്ങളെക്കാള്‍ മുന്നിലാണെന്ന കാര്യം അറിഞ്ഞിട്ടും ഥാപ്പ കുലുങ്ങിയില്ല. ചൈനയുടെ പുത്തന്‍ ആയുധങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയ്ക്കുണ്ടായിരുന്നത് ഗൂര്‍ഖാ പോരാളികളുടെ ഉള്ളുലയാത്ത ആത്മവീര്യം മാത്രമായിരുന്നു. ജന്മനാടിനോടുള്ള സ്‌നേഹംകൊണ്ട് ജീവന്‍ കൊടുക്കാനും തയ്യാറായിരുന്നു അദ്ദേഹം. സൈനികരെ അദ്ദേഹം നിരന്തരം പ്രചോദിപ്പിച്ചു. പത്തു ചൈനക്കാര്‍ക്ക് ഒരു ഗൂര്‍ഖ മതിയെന്ന ഥാപ്പയുടെ വാക്കുകള്‍ ഗൂര്‍ഖ റൈഫിള്‍സിലെ സൈനികര്‍ക്കു കരുത്തു പകര്‍ന്നു.

Textചൈനീസ് ആക്രമണത്തില്‍ തന്റെ സൈനികര്‍ക്കു ഗുരുതരമായി മുറിവേല്‍ക്കുന്നതും രക്തസാക്ഷികളാകുന്നതും ഥാപ്പ കാണുന്നുണ്ടായിരുന്നു. പക്ഷേ, വിഷമിച്ചും നിരാശപ്പെട്ടും ഇരിക്കേണ്ട നേരമല്ലായിരുന്നു അത്. ഥാപ്പയുടെ വാക്കുകള്‍ വെറുതെയായില്ല. അസാമാന്യമായ ധീരതയാണ് ഇന്ത്യന്‍ സൈനികര്‍ കാട്ടിയത്. സെക്കന്‍ഡ് ഇന്‍ കമാന്‍ഡായ സുബേദാര്‍ മിന്‍ ബഹാദൂര്‍ ഗുരുങ്ങിനു ബോംബ് സ്‌ഫോടനത്തില്‍ അതീവ ഗുരുതരമായി മുറിവേറ്റിട്ടും പിന്‍വാങ്ങാന്‍ തയ്യാറായില്ല. സര്‍വശക്തിയുമെടുത്ത് തന്റെ ലൈറ്റ് മെഷീന്‍ഗണ്ണുമായി അദ്ദേഹം പോരാടി.

ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ തോക്ക് ഉപേക്ഷിച്ച് ടെന്റിലേക്ക് പോകുന്നതു ഥാപ്പ കണ്ടു. അവിടേക്കു ചെന്ന് ആ സൈനികന്റെ തോളില്‍ തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഭീരുവായി ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്.’ ആ വാക്കുകള്‍ സൈനികന്റെ ആത്മവീര്യമുണര്‍ത്തി. വീണ്ടും തോക്കെടുത്ത് പോരാട്ടത്തിനിറങ്ങി. അതായിരുന്നു ഥാപ്പയുടെ മികവ്. ഏതു പ്രതികൂല കാലാവസ്ഥയിലും പ്രചോദിപ്പിക്കാനുള്ള മന്ത്രം അദ്ദേഹം മറന്നിരുന്നില്ല. ആയുധത്തിന്റെയും ആളെണ്ണത്തിന്റെയും കാര്യത്തിലുണ്ടായിരുന്ന പ്രതികൂലാവസ്ഥയിലും ഗൂര്‍ഖാ റൈഫിള്‍സിനു തുണയായത് ഥാപ്പയുടെ അസാമാന്യമായ ധീരതയും നേതൃഗുണവുമാണ്.

തിരകള്‍ കുറഞ്ഞപ്പോള്‍ മരിച്ചുവീണ സൈനികരുടെ തോക്കുകളെടുത്ത് അവര്‍ പോരാടി. ഇന്ത്യന്‍ സൈനികരെ ട്രഞ്ചുകളില്‍നിന്നു പുറത്തു ചാടിക്കാന്‍ ചൈന ബോംബുകള്‍ പ്രയോഗിച്ചു. ‘ജയ് മഹാകാളി, ആയോ ഗോര്‍ഖലി’ എന്ന പോര്‍വിളിയോടെ ഗൂര്‍ഖാപ്പോരാളികള്‍ ഖുക്രികളുമായി എതിര്‍പാളയത്തിലേക്കു കുതിച്ചു.

പോരാടി നിന്ന ധന്‍ സിങ് ഥാപ്പയെ ചൈനീസ് സൈന്യം പിടികൂടി. മറ്റു സൈനികര്‍ക്കൊപ്പം അദ്ദേഹത്തെ ആദ്യം ഖുന്‍നാക് കോട്ടയിലേക്കും പിന്നീടു സിന്‍കിയാങ്ങിലേക്കും കൊണ്ടുപോയി യുദ്ധത്തടവുകാരനാക്കി. അദ്ദേഹം രക്തസാക്ഷിയായെന്ന് എല്ലാവരും കരുതി. സിരിജപിലെ ധീരമായ പോരാട്ടത്തിനുള്ള ആദരമായി രാജ്യം അദ്ദേഹത്തിനു മരണാനന്തരബഹുമതിയായി പരമവീരചക്രം പ്രഖ്യാപിച്ചു.

എന്നാല്‍ ചൈനീസ് തടവില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയായിരുന്നു ഥാപ്പ. ഇന്ത്യയെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു വിശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ മനസ്സു മാറ്റാന്‍ ചൈനീസ് അധികൃതര്‍ ശ്രമിച്ചു. മാതൃരാജ്യത്തെക്കുറിച്ചു വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. നിങ്ങളെ മോചിപ്പിക്കാന്‍ ഇന്ത്യയ്ക്കു താത്പര്യമില്ലെന്നുവരെ പറഞ്ഞു. എന്നാല്‍ അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ മനസ്സു മാറിയില്ല. ചൈനയുടെ തന്ത്രങ്ങള്‍ അദ്ദേഹത്തിനു മനസ്സിലായിരുന്നു.

ഇന്ത്യയിലേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷ അദ്ദേഹത്തില്‍ കെട്ടിരുന്നില്ല. ജയിലില്‍ തനിക്ക് ആഹാരം തന്നിരുന്ന കുട്ടിയുമായി ഥാപ്പ സൗഹൃദത്തിലായി. തന്റെ കുടുംബത്തെക്കുറിച്ചും അവസ്ഥയെക്കുറിച്ചുമെല്ലാം പറഞ്ഞ് വിശ്വാസം ആര്‍ജ്ജിക്കാന്‍ ഥാപ്പയ്ക്കായി. ആ കുട്ടിയുടെ സഹായത്തോടെ ഥാപ്പ വീട്ടിലേക്ക് കത്ത് അയച്ചു. അദ്ദേഹത്തിന്റെ കുടുംബം സൈന്യത്തെ വിവരം അറിയിച്ചു. അപ്പോഴാണ് ഥാപ്പ ജീവനോടെയുണ്ടെന്ന വിവരം മനസ്സിലായത്. സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് അദ്ദേഹത്തെ ചൈനീസ് തടവില്‍നിന്ന് ഒടുവില്‍ മോചിപ്പിച്ചു. 1963 മെയ്‌വരെ ചൈനയില്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹം പിന്നീടും സൈനികസേവനം തുടരുകയും ലെഫ്റ്റനന്റ് കേണലായി ഉയരുകയും ചെയ്തു. 2005 സെപ്റ്റംബര്‍ അഞ്ചിനു ധീരനായ ആ പോരാളി ഓര്‍മ്മയായി.

Comments are closed.