DCBOOKS
Malayalam News Literature Website

ഇല്ലായ്മകളില്‍ നിന്ന് പടുത്തുയര്‍ത്തിയ യുവവ്യവസായിയുടെ ആത്മകഥ ‘പന്തുകളിക്കാരന്‍’

PANTHUKALIKKARAN By : G R INDUGOPAN
PANTHUKALIKKARAN
By : G R INDUGOPAN

“ചെറുപ്പക്കാരേ, ഭൂഗോളമാണ് ഏറ്റവും വലിയ ഫുട്‌ബോള്‍. ഈ പ്രപഞ്ചം മുഴുവന്‍ നമുക്കു കളിച്ചു നടക്കാനുള്ള ഇടമുണ്ട്. ഇതാ, പ്രചോദനത്തിന്റെ പുസ്തകം…”

ഒരു കാട്ടുഗ്രാമം. അച്ഛന്‍ ലോഡിങ് തൊഴിലാളി. അമ്മൂമ്മ കള്ളവാറ്റുകാരി. ഫുട്‌ബോള്‍ കളിക്കാരനാക്കാന്‍ മോഹിച്ചു. കേരളത്തിലെ മികച്ച ഭാവി ഫുട്‌ബോളര്‍ക്കുള്ള ഗോള്‍ഡ് മെഡല്‍. സന്തോഷ് ട്രോഫി ക്യാംപില്‍ നിന്ന് പരുക്കു പറ്റി പുറത്ത്…അമ്മൂമ്മ ഊരിക്കൊടുക്കുന്ന വള.. കൈയില്‍ ഡിഗ്രി ഇല്ല. ഇംഗ്ലീഷ് അറിയില്ല. നാല്പതിലേറെ ഇന്റര്‍വ്യൂകളില്‍ നിന്ന് പുറത്ത്…ഒടുവില്‍ ബാംഗ്ലൂരിലെത്തുമ്പോള്‍ ഇ-മെയില്‍ അയയ്ക്കാനല്ലാതെ കമ്പ്യൂട്ടര്‍ തൊട്ടിട്ടില്ലാത്ത ഈ ചെറുപ്പക്കാരന്‍ ഇന്ന് ഐ.ടി മേഖലയിലെ കോടികള്‍ ആസ്തിയുള്ള കമ്പനിയുടെ ഉടമ.

Textകൊല്ലത്തിന്റെയും പത്തനംതിട്ടയുടെയും അതിര്‍ത്തിയിലുള്ള പാടം എന്ന ഗ്രാമത്തില്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്ന് വളര്‍ന്ന് ഇന്ന് ലോകമറിയുന്ന ഒരു സ്റ്റാര്‍ട്ട് അപ് സംരംഭകനായി മാറിയ വരുണ്‍ ചന്ദ്രന്റെ കഥ ചുരുക്കി പറഞ്ഞാല്‍ ഇത്രയുമാണ്. വരുണ്‍ ആരംഭിച്ച കോര്‍പ്പറേറ്റ് 360 ഇന്ന് ലോകമറിയുന്ന സ്റ്റാര്‍ട്ട് അപ് സംരംഭമാണ്. ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന ഈ സംരംഭത്തെ കുറിച്ചും വരുണിനെ കുറിച്ചും 2016 ഒക്ടോബറില്‍ ഫോബ്‌സ് മാസിക ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എന്തുകൊണ്ടാണ് വരുണ്‍ സ്മാര്‍ട്ട് സിറ്റികള്‍ തേടിപ്പോകാതെ സ്മാര്‍ട്ട് വില്ലേജുകള്‍ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു അന്വേഷണം. വരുണ്‍ ഇപ്പോള്‍ പങ്കുവെക്കുന്ന അതേ ജീവിതാനുഭവങ്ങളും വളര്‍ന്നു വന്ന പശ്ചാത്തലവുമായിരുന്നു ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍.

വരുണ്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട് “പത്രം വായിക്കുന്നയാളായിരുന്നു അമ്മ.അതുകൊണ്ടുകൂടിയാണ് സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാനുള്ള സാഹചര്യം ഉണ്ടായത്. പക്ഷേ കൃത്യമായി ഫീസൊന്നും കൊടുക്കാന്‍ ഇല്ലാതിരുന്നതുകൊണ്ട് എപ്പോഴും ക്ലാസിനു പുറത്തായിരുന്നു. സ്‌കൂളില്‍വെച്ചാണ് ഫുട്‌ബോളിനോട് കമ്പം കയറുന്നത്. പിന്നീടുള്ള മോഹം വലിയ ഫുട്‌ബോള്‍ കളിക്കാരനാകണം എന്നതായി മാറി. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടി തിരുവനന്തപുരത്ത് എത്തി. അണ്ടര്‍ 11 കേരള ടീമിന്റെ ക്യാപ്റ്റനാകാനും മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കാനും കഴിഞ്ഞു. അവിടെ നിന്നാണു സന്തോഷ് ട്രോഫി ക്യാമ്പില്‍ എത്തുന്നത്. പക്ഷേ അവിടെ വിധി തിരിച്ചടിയായി. തോളിനേറ്റ പരിക്ക് ക്യാമ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു”.

ഒരു തരത്തില്‍ വരുണിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായതും ആ പരുക്കാണ്. തിരിച്ചു നാട്ടിലെത്തി. അങ്ങനെ നില്‍ക്കുമ്പോഴാണ് വല്യമ്മ ഷാപ്പു പൊന്നമ്മ ഒരു വള ഊരി തന്നിട്ട് ഇതു വിറ്റ് കാശുമായി എങ്ങോട്ടെങ്കിലും പോയി ഒരു ജോലി കണ്ടെത്താന്‍ പറയുന്നത്. എത്തപ്പെടുന്നത് ബാംഗ്ലൂരിലാണ്. അന്ന് ഇംഗ്ലീഷിലൊന്നും സംസാരിക്കാന്‍ അറിയില്ല. കുറെ കഷ്ടപ്പെട്ടും ശ്രമിച്ചും ഒരു ജോലി സ്വന്തമാക്കി. പക്ഷേ അതുള്‍പ്പെടെ മൂന്നുനാലു ജോലികളില്‍ നിന്നും പുറത്തായി. അവിടെ നിന്നും ഹൈദരാബാദില്‍ എത്തി. അവിടെയൊരു ജോലി കിട്ടി. അവിടെ നിന്നും അമേരിക്കയില്‍ എത്തി. വരുണിന്റെ ജീവിതം വിജയത്തിലേക്ക് എത്തുന്നത് ഈ വഴികളിലൂടെയൊക്കെയാണ്. ഇംഗ്ലീഷോ, ഇമെയിലോ എന്തെന്നറിയാത്ത ഒരു കാലം വരുണിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ആ അറിവില്ലായ്മകള്‍ തിരിച്ചടികളായിട്ടുണ്ടെങ്കിലും പിന്നീട് ജീവിതത്തില്‍ വിജയിക്കാന്‍ അന്നത്തെ വാശി സഹായകമായി വരുണിന്. അവസാനം ഒരു കണ്‍സള്‍ട്ടന്റിന്റെ ജോലിയില്‍ വരുണ്‍ വിജയം കണ്ടു. പിന്നീട് ജോലിയുടെ ഭാഗമായിഅമേരിക്കയിലേയ്ക്ക്. അരിസോണയിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമായി ആറ് വര്‍ഷം. ഇന്ന് ലോകത്താകെയുള്ള ഐടി ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് 360 എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ ഉടമയാണു വരുണ്‍ ചന്ദ്രന്‍.

ഒരു സിനിമാക്കഥ പോലെയുള്ള തന്റെ ജീവിതം ഏറെ ലളിതമായി ആവിഷ്‌ക്കരിക്കുകയാണ് പന്തുകളിക്കാരനിലൂടെ വരുണ്‍ ചന്ദ്രന്‍.  ജി.ആര്‍ ഇന്ദുഗോപനാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ആത്മകഥ രേഖപ്പെടുത്തിയിരിക്കുന്നത്.

Comments are closed.