DCBOOKS
Malayalam News Literature Website

പണ്ഡിറ്റ് കറുപ്പന്റെ ചരമവാര്‍ഷികദിനം

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പണ്ഡിറ്റ് കറുപ്പന്‍ 1885 മെയ് 24ന് എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ജനിച്ചു. മുഴുവന്‍ പേര് കെ.പി.കറുപ്പന്‍ (കണ്ടത്തിപ്പരമ്പില്‍ പാപ്പു കറുപ്പന്‍) എന്നായിരുന്നു. പാപ്പും കൊച്ചുപെണ്ണുമായിരുന്നു മാതാപിതാക്കള്‍.

തൊട്ടുകൂടായ്മയ്‌ക്കെതിരേയും ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നു. കൊച്ചിരാജാവ് പ്രത്യേക താല്‍പര്യമെടുത്തതിനാല്‍ സംസ്‌കൃതവും അദ്ദേഹത്തിനു പഠിക്കാനായി. എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ‘വിദ്വാന്‍’ ബഹുമതിയും കൊച്ചി മഹാരാജാവ് ‘കവിതിലക’ ബിരുദവും നല്‍കി.

പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. ലങ്കാമര്‍ദ്ദനം, നൈഷധം (നാടകം), ഭൈമീപരിണയം, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം, രാജരാജപര്‍വം, വിലാപഗീതം, ജാതിക്കുമ്മി, ബാലാകലേശം (നാടകം), എഡ്വേര്‍ഡ്‌വിജയം നാടകം, കൈരളീകൗതുകം(മൂന്നു ഭാഗങ്ങള്‍) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1938 മാര്‍ച്ച് 23ന് അദ്ദേഹം അന്തരിച്ചു.

Comments are closed.