‘പാലൈസും മഴപ്പൊട്ടനും’; മോഹനകൃഷ്ണന്‍ കാലടിയുടെ കവിതാസമാഹാരം
ബാല്യത്തിന്റെ നിഷ്‌കളങ്കതയും കുസൃതിയുമായി ചേര്‍ന്നു സൃഷ്ടിക്കുന്ന, അതേസമയം ഗൃഹാതുരത്വവും തൊട്ടുതെറിച്ചിട്ടില്ലാത്ത ഭാഷയുമാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. കാവ്യഭാഷയുടെ ബലംപിടിത്തങ്ങളില്ലാത്ത ഐറണി. കുട്ടികളുടെ സംസാരഭാഷയില്‍ കവിതയ്ക്കുമാത്രം സാധ്യമാകുന്ന സവിശേഷമായ താളാത്മകതയാണ് അദ്ദേഹത്തിന്റെ കവിതകളില്‍ തെളിയുന്നത്.
കവിതയില്‍ കവിത്വത്തിന്റെ മാന്ത്രികശക്തി തിരിച്ചുപിടിക്കുന്നതാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിത അനുഷ്ഠിക്കുന്ന പ്രധാന ധര്‍മ്മം. വ്യത്യസ്തങ്ങളായ ജൈവഘടനകളായിത്തീരുന്ന, മൂര്‍ത്തസ്വഭാവത്തോടുകൂടിയ പദഘടനയും സ്വാഭാവികസംഗീതവും താളനിബദ്ധതയും കാവ്യഭാഷയിലെ കവിയുടെ സത്യസന്ധതയും ഇവിടെ ഏറ്റവും ശ്രദ്ധേയമായിത്തീരുന്നു. കാവ്യഭാഷയെ നവീകരിച്ചുകൊണ്ടാണ് മോഹനകൃഷ്ണന്‍ പാലൈസിലൂടെ കടന്നുവന്നത്. കവിതയിലേക്കുള്ള മോഹനകൃഷ്ണന്റെ വരവറിയിച്ച പുസ്തകമായിരുന്നു പാലൈസ്. ആ അര്‍ത്ഥത്തില്‍ ഒന്നിച്ച്, ഒരു സമ്പുടമായിത്തന്നെ വായനക്കാരന്റെ മുന്നിലെത്തിയ കവിയുമായിരുന്നു മോഹനകൃഷ്ണന്‍. ഒറ്റയൊറ്റക്കവിതകളിലൂടെ മാനിപ്പുലേഷനു പകരം പ്രമേയത്തെയും കാവ്യഭാഷയെയും ആവിഷ്‌കാരരീതിയെയും കൃത്യവും കര്‍ശനവുമായി വിലയിരുത്താന്‍ പാകത്തിലാണ് പാലൈസ് പുറത്തുവന്നത്. തന്റെ കാലത്തെ കവിത അഭിമുഖീകരിച്ച സമസ്ത പ്രതിസന്ധികളെയും മുറിച്ചു കടക്കാനുള്ള ഒരു കവിയുടെ തീവ്രമായ ഇച്ഛയായിരുന്നു പാലൈസിലെ കവിതകള്‍; വര്‍ത്തമാനകാല കവിതയുടെ പുതിയ ഊര്‍ജ്ജമേഖലയെ ആ കവിതകള്‍ അടയാളപ്പെടുത്തുകയും ചെയ്തു.
‘പള്ളിക്കൂടം തുറന്നെന്നു കേട്ടപ്പോള്‍
തുള്ളിക്കൊണ്ടെത്തി മഴച്ചെക്കന്‍
പുത്തനുടുപ്പും ചെരുപ്പുമില്ലെങ്കിലും
പുത്തനായ് തോന്നും മഴച്ചെക്കന്‍
ചീകിയാല്‍ കേള്‍ക്കാത്ത കോലന്‍തലമുടി
മാടിയൊതുക്കാന്‍ പണിപ്പെട്ടും
അങ്ങനെ മാടിയൊതുക്കുമ്പോള്‍ കൈതട-
ഞ്ഞമ്മ തൊടുന്ന കുറി മാഞ്ഞും
കണ്‍കളില്‍ താനേ പൊടിയുന്ന വെള്ളത്തില്‍
കണ്‍മഷി തട്ടി മറിഞ്ഞിട്ടും
പുസ്തകമൊന്നുമെടുത്തിട്ടില്ലെങ്കിലും
ഉത്സാഹം തുള്ളി മഴച്ചെക്കന്‍…’
(മഴപ്പൊട്ടന്‍ എന്ന കവിതയില്‍ നിന്നും)
മഴപ്പൊട്ടനിലെ കവിതകള്‍ ആള്‍ക്കൂട്ടത്തെയല്ല നേരിടുന്നത്; സവേദനസമഗ്രത തേടുന്ന ഒരു സമൂഹത്തെയാണ്. അതുകൊണ്ടു തന്നെ സമകാലചരിത്രത്തിന്റെ പുനര്‍നിര്‍വ്വചനസാദ്ധ്യത തേടലാണ് ഈ കവിതകള്‍ അനുഷ്ഠിക്കുന്ന കാവ്യധര്‍മ്മം. കവിതയില്‍ തന്റെ ജീവിതവും തന്റെ സമൂഹവും സ്പന്ദപ്രതിസ്പന്ദങ്ങളായിത്തീരണമെന്ന് മോഹനകൃഷ്ണന്‍ ശഠിക്കുന്നുണ്ട്.
വര്‍ത്തമാനയുവകവിക്കൂട്ടത്തിന്റെ ഏകതാനഭാഷയില്‍ നിന്ന് വിഭിന്നമായ ഒരു കാവ്യഭാഷയിലൂടെയാണ് മോഹനകൃഷ്ണന്റെ കവിത അതിന്റെ സ്വത്വം രൂപപ്പെടുത്തുന്നത്. കവിതയില്‍ വാക്ക്, വാക്കു മാത്രമല്ല, ഓരോ വ്യവഹാര ലോകം കൂടിയാണ്. കവിത ഓരോ വാക്കിലും ഒരു വ്യവഹാരലോകത്തെ പിന്‍നിര്‍ത്തി പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തില്‍ ഒരു വ്യവഹാര സമുച്ചയത്തെ പ്രത്യക്ഷപ്പെടുത്തുന്നതിന്റെ സാധ്യതയാണ് മോഹനകൃഷ്ണന്‍ കാലടി കവിതയില്‍ അന്വേഷിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പാലൈസും മഴപ്പൊട്ടനും എന്ന കവിതാസമാഹാരത്തിന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
Comments are closed.