DCBOOKS
Malayalam News Literature Website

പാലാ നാരായണൻ നായർ ജന്മവാർഷിക ദിനം


കേരളീയ ഭാവങ്ങള്‍ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്‌കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണന്‍ നായര്‍. കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത് ശ്രദ്ധേയനായിത്തീര്‍ന്നു ഇദ്ദേഹം. 1911 ഡിസംബര്‍ 11ന് കീപ്പള്ളില്‍ ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകനായി അദ്ദേഹം കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു.

കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പാലാ വി.എം സ്‌കൂള്‍, സെന്റ് തോമസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ഉപരി പഠനവും നേടി. അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. 1943ല്‍ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും ബര്‍മ്മയിലും ജീവിച്ചു. തിരിച്ചെത്തി തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് എം.എ റാങ്കോടെ പാസായി. 1957ല്‍ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായി. 1959ല്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തി പഴയ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തു. 1965ല്‍ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.

ആദ്യം പ്രസിദ്ധീകരിച്ച കവിത ‘ആ നിഴല്‍’ ആണ്; കവിയുടെ 17-ാം വയസ്സില്‍. 1935 ല്‍ ആദ്യസമാഹാരം ‘പൂക്കള്‍’ പ്രസിദ്ധീകരിച്ചു. റിട്ടയര്‍ ചെയ്ത ശേഷം പാലാ അല്‍ഫോന്‍സ കോളേജിലും കൊട്ടിയം എന്‍.എസ്.എസ് കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തന്‍വീട്ടില്‍ സുഭദ്രക്കുട്ടിയമ്മ. 2008 ജൂണ്‍ 11ന് അദ്ദേഹം അന്തരിച്ചു.

Leave A Reply