ഷാഹിദ് ഖാന്‍ അബ്ബാസി പാകിസ്താന്‍ ഇടക്കാല പ്രധാനമന്ത്രിയാകും
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് നവാസ് ഷെരീഫ് മന്ത്രിസഭയില്‍ പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്യുന്ന അബ്ബാസി പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ പ്രധാനമന്ത്രിയുടെ ചുമതല നിര്‍വഹിക്കും. പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചതിനെ തുടര്‍ന്ന് ഭരണതലപ്പത്ത് ആളില്ലാത്ത അവസ്ഥയായിരുന്നു രണ്ടു ദിവസമായി പാകിസ്താനില്‍. അതേസമയം, രാജിവച്ച നവാസ് ഷെരീഫിന് പകരം ഇളയ സഹോദരനും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ് പ്രധനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാസ് ഷെരീഫിന്റെ സഹോദരനും ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് ഷെരീഫ് (പിഎംഎല്‍എന്‍)വിഭാഗം നേതാവുമായ ഷഹബാസ്, നേരത്തെ മുതല്‍ നവാസ് ഷെരീഫിന്റെ പിന്‍ഗാമിയെന്ന നിലയില്‍ പറഞ്ഞുകേട്ട പേരാണ്. ഔദ്യോഗികമായി തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും പിഎംഎല്‍എന്‍ നേതൃത്വം പുതിയ പ്രധാനമന്ത്രിയായി ഷഹബാസിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പാനമ ഗേറ്റ് അഴിമതി കേസില്‍ സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നവാസ് ഷെരീഫിന് രാജിവയ്‌ക്കേണ്ടിവന്നത്. പ്രധാനമന്ത്രിയായുള്ള തന്റെ ആദ്യകാലഘട്ടത്തില്‍ അനധികൃത സ്വത്ത് ബന്ധുക്കളുടെ പേരില്‍ സമ്പാദിച്ചുവെന്നും ഇക്കാര്യത്തില്‍ പാകിസ്താന്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു കേസ്. പാക് സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് നവാസ് ഷെരീഫിനെ അയോഗ്യനാക്കുന്ന വിധി പ്രസ്താവിച്ചത്. സത്യസന്ധനായ പാര്‍ലമെന്റംഗമായിരിക്കാന്‍ നവാസ് ഷെരീഫിന് യോഗ്യതയില്ലെന്ന് അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ഖാന്‍ വിധി ന്യായത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഷെരീഫിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ഉടന്‍ സ്ഥാനം രാജിവയ്ക്കണമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവാസ് ഷെരീഫ് രാജിവച്ചത്.
Comments are closed.