ഒരെല്ല് കൂടുതലുള്ള കഥ
ജുനൈദ് അബൂബക്കറിന്റെ നോവല്‍ പ(ക.) -എന്ന പുസ്തകത്തെക്കുറിച്ച് ജി. ആര്‍. ഇന്ദുഗോപന്‍
കൊല്ലം നഗരത്തില്‍ പണ്ട് പതിനെട്ടരകമ്പനിയെന്നൊരു സെറ്റപ്പുണ്ടായിരുന്നു. ഓര്‍ഗനൈസ്ഡ് ക്രൈം ഒന്നുമല്ല. ഒരു ട്രേഡ് യൂണിയനായി തുടങ്ങിയതാണ്. പിന്നെ അവര്‍ അത്യാവശ്യം തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ തുടങ്ങി. ആള്‍ബലവും മസില്‍പവറുമായിരുന്നു മൂലധനം. ദുര്‍ബലന്മാരും ഭയം കൂടുതലുള്ളവരും പിന്നീട് അവരെവച്ച് കഥയുണ്ടാക്കി. തല്ലും പ്രശ്‌നമൊക്കെയുണ്ട്. ചിലര്‍ ചില്ലറ ക്രൈംസിലേക്കും വീണുപോയിട്ടുമുണ്ട്. അതിനപ്പുറമുണ്ടായിരുന്നില്ല. പക്ഷേ, കുട്ടിക്കാലത്ത് ഞാന്‍ കേട്ട കഥകള്‍ ചില്ലറയായിരുന്നില്ല. എല്ലാ കഥകളും, തിണര്‍പ്പിച്ച് ഇവരില്‍ വച്ചുകെട്ടും. കൊല്ലത്തെന്തു ക്രൈം നടന്നാലും പതിനെട്ടരകമ്പനിയുടെ പിടലിക്കു ചാര്‍ത്തുമായിരുന്നു.
ജുനൈദ് അബൂബക്കറുടെ നോവല്‍ ‘പക’ വായിക്കുമ്പോ എന്റെ മനസ്സില്‍ പതിനെട്ടരക്കമ്പനിയായിരുന്നു. അതിന്റെ ഛായ എന്ന നിലയ്ക്കല്ല. മധ്യതിരുവിതാംകൂറുകാരനാണ് ജുനൈദ്. പതിനെട്ടര കമ്പനിയുടെ കഥ കേട്ടിട്ടു പോലുമുള്ള ആളാവില്ല. പക്ഷേ, എല്ലാ നാട്ടിന്‍പുറങ്ങളിലും ഇങ്ങനെ ഒരു സംഘം എക്കാലവും ഉണ്ടാകാറുണ്ട്. അതിന്റെ തുടക്കം, വളര്‍ച്ച, ഒടുക്കം ഒക്കെയും വിചിത്രമാണ്. ആ വൈചിത്ര്യത്തിന്റെ വന്യതയെ കലാപരമായി ഒരു പുസ്തകത്തില്‍ സന്നിവേശിപ്പിക്കുക, ആവിഷ്‌കരിക്കുക എളുപ്പമല്ല. ആകയാല്‍ ധീരമായ ശ്രമമാണ് ഈ പുസ്തകം.
ഭയത്തിന്റെയും ജയപരാജയങ്ങളുടെയും എലിമെന്റാണ് അന്തര്‍ധാര. ചെറുപ്പത്തിന്റെ ഊറ്റത്തില്‍ ചെറിയ താന്തോന്നിത്തരങ്ങളിലാണ് ഇത്തരം സംഘങ്ങളുടെ തുടക്കം. അത് ശത്രുക്കളെയുണ്ടാക്കുന്നു. പകയുണ്ടാക്കുന്നു. പട്ടിക്കമ്പനിയുടെ ചുരുക്കരൂപമാണ് നോവലിന്റെ പേര്. ‘പക’ പകയെന്നും വായിക്കാം. പക നിന്നുകത്തുന്ന സാധനമാണ്. പൊള്ളും..മാരകമായ ഭയമാണ് അതിന്റെ പുക. ആ ഭയത്തെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് ക്രൈം ഉണ്ടാകുന്നത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.