ഒടിയനെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണം; വി.എ ശ്രീകുമാര്‍ മേനോന്‍
ഒടിയന്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. നടി മഞ്ജു വാര്യരെ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ഒടിയന്‍ സിനിമയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നതും. ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു. മഞ്ജു അഭിനയിച്ച മുന്‍ ചിത്രങ്ങളുടെ സംവിധായകര്‍ക്കു നേരെ സൈബര്‍ ആക്രമണം എന്തുകൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. ഈ ചിത്രത്തെ കൂവിത്തോല്പിക്കാനാവില്ലെന്നും പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തിനു പിന്നില്‍ ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിവു ലഭിക്കാത്തതിനാല്‍ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ല. സാധാരണ വികാര-വിചാരങ്ങളുള്ള ഒരു മനുഷ്യന്റെ കഥയാണ് ഒടിയനില്‍ പറയുന്നത്. 50 കോടിയിലധികം ചെലവു വന്ന ഈ ചിത്രം ഏറ്റവും കൂടുതല്‍ ആളുകളിലേക്കെത്തുന്നതിനുള്ള വിപണന തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ പ്രചാരണം പ്രേക്ഷകരില്‍ അമിതപ്രതീക്ഷ വളര്‍ത്തി എന്നു കരുതുന്നില്ല. 100 ശതമാനം പ്രേഷകരെയും തൃപ്തിപ്പെടുത്താന്‍ ഒരു സിനിമയ്ക്കുമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടാമൂഴം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. എം.ടിയുമായി തര്‍ക്കമില്ല, തെറ്റിദ്ധാരണ മാത്രമാണ്. സിനിമ നീണ്ടു പോകുന്നതിലെ ആശങ്കയേ അദ്ദേഹത്തിനുള്ളൂവെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
Comments are closed.