പഹാഡി ഒരു രാഗം മാത്രമല്ല…
ഓര്‍ക്കുന്നുണ്ടോ
എനിക്ക് വേണ്ടിയുള്ള
നീണ്ട കാത്തിരിപ്പുകള്‍ക്കിടയില്‍
പഴുത്ത ഇലകളെയും കൂട് തേടുന്ന പക്ഷികളെയും
തണുത്തുവിറയ്ക്കുന്ന ആകാശത്തെയും നോക്കി
താങ്കള്‍ കുത്തിക്കുറിച്ചിരുന്ന കവിതകള്‍?
(പഹാഡി ഒരു രാഗം മാത്രമല്ല)
കാലത്തിന്‍ പിറകിലു-
ണ്ടെല്ലാരും, നൂറ്റാണ്ടുകള്‍
ഭേദിച്ചു വന്നൂ ഞാനു-
മെന്റെയീ നില്‍പ്പും, കയ്യിന്‍
മുദ്രയും, കണ്ണില്‍ മിന്നും
സ്വപ്നത്തിന്‍ പതാകയും
(ഹാരപ്പയിലെ നര്‍ത്തകി)
ദീര്‍ഘമേ ഗതകാലം, ഭാവി ഹ്രസ്വവും: ഇതേ
വാര്‍ദ്ധകം, പിറന്നാളും മൃതിതന്‍ താക്കീതാകെ.
ഓര്‍മ്മതന്‍ മുറി പൂര്‍ണ്ണം, സ്വപ്നത്തിന്‍ മുറി ശൂന്യം,
വാതിലിന്‍ വിളുമ്പിലൂടെത്തിനോക്കുന്നു ഭൂതം
(ഇരുപതിലെ ഒരോര്‍മ്മ)
സമകാലികതയെ അടയാളപ്പെടുത്തുന്ന സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘പഹാഡി ഒരു രാഗം മാത്രമല്ല’ പുറത്തിറങ്ങി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോള്‍ വില്പനയിലുള്ളത്. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്സ് സ്റ്റോറിലൂടെയും കോപ്പികള്‍ സ്വന്തമാക്കാം.
ആത്മനിരീക്ഷണങ്ങളിലൂടെയും അനുഭവാഖ്യാനാത്തിലൂടെയും കവിതകളിലൂടെ സമകാലികതയെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് സച്ചിദാനന്ദന്റെ ‘പഹാഡി ഒരു രാഗം മാത്രമല്ല’. വര്‍ത്തമാനകാല രാഷ്ട്രീയ -സാമൂഹിക പ്രശ്നങ്ങളോടൊപ്പം മരണത്തെക്കുറിച്ചുള്ള ചിന്തകളും യാത്രകള്‍ നല്‍കിയ അനുഭവങ്ങളും ഈ സമാഹാരത്തിലെ കവിതകള്‍ക്ക് പ്രമേയമാവുന്നു. അനുബന്ധമായി ചേര്‍ത്തിട്ടുള്ള സച്ചിദാനന്ദന്റെ വ്യക്തിപരമായ അഭിമുഖങ്ങളും കവിതയെക്കുറിച്ചുള്ള സമഗ്രമായ വായനയും അദ്ദേഹത്തിന്റെ കവിതകളുടെ ലോകത്തേക്ക് അധിക വെളിച്ചം വീശുന്നു.
മലയാളകവിതയെ ലോകമെമ്പാടും അവതരിപ്പിക്കുന്നതിനും ലോകകാവ്യ സംസ്‌കാരത്തെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിനുമായി നിലകൊള്ളുന്ന കവിയാണ് കെ.സച്ചിദാനന്ദന്‍. നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ സ്വയം നവീകരിച്ചെഴുതുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് ‘പഹാഡി ഒരു രാഗം മാത്രമല്ല’
Comments are closed.