DCBOOKS
Malayalam News Literature Website

പത്മാവതിന് അനുകൂല വിധിയുമായി സൂപ്രീം കോടതി

പത്മാവതിനെ വിലക്കിയ നാല് സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യാമന്ന് സുപ്രീം കോടതി അറിയിച്ചു. സെന്‍സര്‍ കിട്ടിയ സിനിമയെ വിലക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. ക്രമസമാധാനം തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം അംഗീകരിക്കാനാവില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സൂപ്രീം കോടതിയുടെ അനുകൂല വിധിയുണ്ടാകുന്നത്.

ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണംചെയ്താണ് സഞ്ജയ് ലീല ബന്‍സാലി സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചത്. സിനിമയുടെ പേര് പത്മാവതി എന്നതിനു പകരം പത്മാവത് എന്നു മാറ്റിയതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്. ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നിനാണു ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെത്തുടര്‍ന്നു റിലീസ് തീയതി മാറ്റുകയായിരുന്നു.

സിനിമയിലെ കഥാപാത്രങ്ങള്‍ക്കു ചരിത്രവ്യക്തിത്വങ്ങളുമായി സാമ്യമുണ്ടെന്ന ആക്ഷേപമാണു ചിത്രത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചത്. രജപുത്ര സമുദായക്കാര്‍ ചിത്രം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നു ചില രംഗങ്ങളില്‍ മാറ്റംവരുത്താന്‍ കേന്ദ്ര സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഏകദേശം അഞ്ചോളം മാറ്റങ്ങള്‍ വരുത്തണമെന്നാണ് പ്രത്യേക സമിതി നിര്‍ദ്ദേശിച്ചത്.

ചിത്രം തുടങ്ങുന്നതിനു മുന്‍പുള്ള അറിയിപ്പില്‍ ചരിത്രം അതേപടി പകര്‍ത്തിയിരിക്കുന്നു എന്ന് കാണിക്കാതിരിക്കുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കുക, ചിത്രത്തിന്റെ പേര് പത്മാവതി എന്നതില്‍ നിന്ന് പത്മാവത് എന്നാക്കി മാറ്റുക, ഘൂമര്‍ എന്ന് തുടങ്ങുന്ന ഗാനത്തിലെ വര്‍ണനകള്‍ കഥാപാത്രത്തിനു ചേര്‍ന്നതാക്കി മാറ്റുക, ചരിത്രത്തെ അടിയാളപ്പെടുത്തുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന രംഗങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്.

Comments are closed.