പത്മരാജന്റെ കഥകള്‍-സമ്പൂര്‍ണ്ണം
മലയാള സാഹിത്യത്തിനും സിനിമാശാഖയ്ക്കും അതുല്യസംഭാവനകള്‍ നല്‍കിയ സര്‍ഗ്ഗപ്രതിഭയായിരുന്നു പി. പത്മരാജന്‍. മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ എഴുത്തിലും അഭ്രപാളിയിലും ആവിഷ്‌കരിച്ച പ്രതിഭാശാലി. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയുടെ വ്യത്യസ്തമായ വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ സിനിമയുടെയും സാഹിത്യത്തിന്റെയും ഗന്ധര്‍വ്വനായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം അദ്ദേഹത്തിന്റെ രചനകളില്‍ പ്രകടമായിരുന്നു. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി അദ്ദേഹം ആവിഷ്‌ക്കരിച്ചു. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. മനുഷ്യമനസ്സിലെ തീവ്രവികാരങ്ങളുടെ അടിയൊഴുക്കുകളും പത്മരാജന്‍ കഥകളില്‍ നമുക്ക് കാണാന്‍ സാധിക്കും.
പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പത്മരാജന്റെ അനശ്വരമായ കഥകളുടെ സമ്പൂര്‍ണ്ണ സമാഹാരമാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണ്ണം. മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി അവിഷ്‌ക്കരിക്കപ്പെടുന്ന ഈ കഥകള്‍ ഇന്നും വായനക്കാര്‍ നെഞ്ചിലേറ്റുന്ന രചനകളാണ്. പത്മരാജന്റെ പ്രശസ്തമായ ചൂണ്ടല്‍, അപരന്‍, ലോല, തകര, ഓര്‍മ്മ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അതിഥി, പാര്‍വ്വതിക്കുട്ടി തുടങ്ങി എല്ലാ കഥകളും ഈ കൃതിയില്‍ വായിക്കാം. പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണ്ണത്തിന്റെ ഏഴാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
Comments are closed.