പദ്മപ്രഭാപുരസ്‌കാരം പ്രഭാവര്‍മ ഏറ്റുവാങ്ങി
പ്രഭാവര്‍മ മലയാളകവിതയുടെ സമ്പന്ന പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന് എം. മുകുന്ദന്‍. പദ്മപ്രഭാപുരസ്‌കാരം പ്രഭാവര്‍മയ്ക്കു നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തില്‍നിന്ന് അടര്‍ന്നുമാറുന്നവരാണ് പുതിയ കവികള്‍. പ്രഭാവര്‍മ അങ്ങനെയല്ലെന്നും മുകുന്ദന്‍ പറഞ്ഞു. പാരമ്പര്യത്തിന്റെ അസ്ഥിവാരത്തില്‍നിന്ന് കൈകളുയര്‍ത്തിയാണ് നക്ഷത്രങ്ങളെ തൊടേണ്ടത്. പ്രഭാവര്‍മ അങ്ങനെയുള്ള കവിയാണ്. അറിയാത്ത ഭൂമികകളില്‍ അലഞ്ഞതുകൊണ്ട് നമ്മള്‍ എവിടെയുമെത്തില്ല.
മറ്റു പുരസ്‌കാരങ്ങളില്‍നിന്ന് വ്യത്യസ്തമായി ശ്രേഷ്ഠമായ പുരസ്‌കാരമാണ് പദ്മപ്രഭാ പുരസ്‌കാരം. എല്ലാ എഴുത്തുകാരും സ്വകാര്യമായി ഈ പുരസ്‌കാരം ആഗ്രഹിക്കുന്നുണ്ട്. മറ്റുപല പുരസ്‌കാരങ്ങള്‍ക്കും വിശ്വാസ്യതയില്ല. അക്ഷരംപോലും അറിയാത്ത അധഃസ്ഥിതരെ, വന്യമായിരുന്നൊരു പ്രദേശത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയത് പദ്മപ്രഭാഗൗഡരാണ്. ധനികനായിട്ടും അദ്ദേഹം പാവങ്ങള്‍ക്കൊപ്പം നിന്നു. രാഷ്ട്രീയമണ്ഡലത്തില്‍ മൂല്യശോഷണം സംഭവിക്കുന്ന കാലത്താണ് രാഷ്ട്രീയത്തിന്റെ പരിശുദ്ധി ഉയര്‍ത്തിപ്പിടിച്ച് വീരേന്ദ്രകുമാര്‍ രാജിവെച്ചത്. അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്ന കാലത്തെ ഈ മാതൃക പദ്മപ്രഭയുടെ തുടര്‍ച്ചയാണെന്നും മുകുന്ദന്‍ പറഞ്ഞു.
75,000 രൂപയും പദ്മരാഗക്കല്ലുപതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കല്പറ്റയില്‍ നടന്നചടങ്ങില്‍ പദ്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം പി വീരേന്ദ്രകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പദ്മപ്രഭാസ്മാരക പ്രഭാഷണം നടത്തി. എഴുത്തുകാരിയും എ.ഡി.ജി.പി.യുമായ ബി. സന്ധ്യ ആശംസകളറിയിച്ചു.
കവിതയ്ക്ക് എന്താണു സംഭവിക്കുന്നതെന്ന് കവിതയെ സ്‌നേഹിക്കുന്നവര്‍ ആലോചിക്കണമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി കവി പ്രഭാവര്‍മ പറഞ്ഞു.നമ്മുടെ കവിതയില്‍ നിന്ന് സവിശേഷമായ പറച്ചില്‍രീതി ചോര്‍ന്നുപോവുകയാണ്. ശബ്ദതാരാവലി തിരയാറില്ലെന്നും തോന്നുന്ന പദങ്ങള്‍തന്നെയാണ് തങ്ങള്‍ എഴുതുന്നതെന്നുമാണ് ഒരു യുവകവി അടുത്തിടെ പറഞ്ഞത്. എഴുത്തച്ഛന്‍ ഉള്‍പ്പെടെയുള്ള കവികളൊന്നും അമരകോശവും ശബ്ദതാരാവലിയും നോക്കിയല്ല എഴുതിയത്.
ഉചിതമായ പദം ഉചിതമായ സമയത്ത് വേണം എന്ന് അവര്‍ക്കറിയാമായിരുന്നു. ഉദാത്തവത്കരിക്കാനാവാത്ത കേവലപദങ്ങള്‍കൊണ്ടുള്ള അഭ്യാസമായി കവിത മാറുകയാണിപ്പോള്‍ കാവ്യഭാഷ നഷ്ടപ്പെട്ടു പോകുന്നതില്‍ ദുഃഖമുണ്ട്. അതിനെ മറികടക്കാനുള്ള സമീപനങ്ങള്‍ സാഹിത്യരംഗത്തെ ഉത്തരവാദപ്പെട്ടവരില്‍നിന്ന് ഉണ്ടാവണം. കൈകഴുകി തൊടേണ്ട പുരസ്‌കാരമാണ് പദ്മപ്രഭാപുരസകാരമെന്ന് തന്റെ മനസ്സു പറയുന്നുണ്ട്. പ്രതിഭാധനരായ എഴുത്തുകാര്‍ ഏറ്റുവാങ്ങിയ പുരസ്‌കാരം സ്വീകരിക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ട്. എന്നാല്‍ കൈകഴുകി, ശുദ്ധമായ മനസ്സോടെയാണ് താനിത് ഏറ്റുവാങ്ങുന്നത്. കണ്ണിപൊട്ടാത്ത ശക്തിയെന്ന കവിവാക്യം ശരിയാണെന്ന് പദ്മപ്രഭയുടെ ജീവിതവും പാരമ്പര്യവും നമ്മെ ബോധ്യപ്പെടുത്തുന്നു. എന്ന് പ്രഭാവര്‍മ പുരസ്‌കാരം സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
Comments are closed.