പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍
ദില്ലി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും നടന്‍ മോഹന്‍ലാല്‍, ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍, മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ (മരണാനന്തരം), മുന്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, ഇന്ത്യന്‍ പര്‍വ്വതാരോഹക ബച്ചേന്ദ്രി പാല്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ക്കാണ് ഇത്തവണ പത്മഭൂഷണ്‍ പുരസ്‌കാരം.
പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍ പ്രതികരിച്ചു. പത്മ പുരസ്‌കാരങ്ങള്‍ രണ്ടു തവണയും തേടിയെത്തിയത് പ്രിയദര്‍ശന്റെ സെറ്റില്‍വെച്ചാണ്. സര്‍ക്കാരിനും സ്‌നേഹിച്ചു വളര്‍ത്തിയ പ്രേക്ഷകര്‍ക്കും നന്ദി അറിയിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഇതുവരെയെന്നും സത്യം ജയിച്ചെന്ന ചാരിതാര്‍ത്ഥ്യമുണ്ടെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.
ഗായകന്‍ കെ.ജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദ്, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കൊല്‍ക്കത്ത ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.മാമ്മന്‍ ചാണ്ടി, അന്തരിച്ച ഹിന്ദി നടന്‍ കാദര്‍ ഖാന്‍( മരണാനന്തരം) എന്നിവരുള്‍പ്പെടെ 94 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം.
നാടന്‍ കലാകാരന്‍ തീജന്‍ ബായ്, കിഴക്കന്‍ ആഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകന്‍ ഇസ്മായില്‍ ഉമര്‍ ഗുലെ, ലാര്‍സന്‍ ആന്റ് ടര്‍ബോ കമ്പനി ചെയര്‍മാന്‍ അനില്‍ മണിഭായ് നായിക്, മറാഠി നാടകാചാര്യന്‍ ബല്‍വന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവര്‍ക്കാണു പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
Comments are closed.