DCBOOKS
Malayalam News Literature Website

പഴുത്ത ഇല വീഴുമ്പോള്‍ ചിരിക്കുന്ന പച്ച ഇലകള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തൽ

രാജീവ് ശിവശങ്കറിന്റെ ‘പടം’ എന്ന നോവലിന് ജയകുമാര്‍ എ ആര്‍ എഴുതിയ വായനാനുഭവം

ഡിം ഡിം ഡിണ്ടക ഡിം ………..താളബോധമില്ലാതെ ഉയരുന്ന ചെണ്ടയുടെ ശബ്ദം ….. കുടമണി കിലുക്കി, കൊമ്പും കുലുക്കി പായുന്ന കാളവണ്ടി ……….വര്‍ണ്ണക്കടലാസുതോരണം ചാര്‍ത്തി – ചരിച്ചുവച്ച മുളങ്കമ്പിലെ പനം പാളിയില്‍ തീര്‍ത്ത രണ്ടു ബോര്‍ഡുകള്‍ . അവ തീര്‍ത്ത കൂടാരത്തിലിരുന്ന് ഒരാള്‍ ചെണ്ട കൊട്ടുന്നു. മറ്റൊരാള്‍ നോട്ടീസുകള്‍ വാരിവിതറുന്നു. സത്യന്റെയും ഷീലയുടെയും ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ രണ്ടു ബോര്‍ഡുകളിലും കാണാം . പിന്നാലെ നോട്ടീസുകള്‍ പെറുക്കുവാന്‍ മത്സരിക്കുന്ന കുട്ടികള്‍.

കാലം മാറി…… വരുവിന്‍, കാണുവിന്‍ ഇന്നു മുതല്‍ ………. ടാക്കീസിന്റെ നയന മനോഹര വെള്ളിത്തിരയില്‍ നസീര്‍ – ജയഭാരതി തുടങ്ങിയവര്‍ മത്സരിച്ച് അഭിനയിച്ച ചിത്രം — കോളാമ്പിയില്‍ നിന്നും ഉയരുന്നു.

മാറ്റം കാളവണ്ടിയ്ക്ക് പകരം അംബാസിഡര്‍ കാര്‍, ചെണ്ടയുടെ സ്ഥാനം ഉച്ചഭാഷിണിയ്ക്ക്. പക്ഷേ വാരി വിതറുന്ന വര്‍ണ്ണ കടലാസിനും പിന്നാലെ പായുന്ന കുട്ടികള്‍ക്കും മാറ്റമില്ല. ഒരു കാലത്ത് കേരളത്തിലെ ഗ്രാമങ്ങളില്‍ വെള്ളിയാഴ്ച ദിനങ്ങളില്‍ കണ്ടിരുന്ന കാഴ്ചയായിരുന്നു. അന്ന് ചിത്രമേതായാലും നോട്ടീസ് കിട്ടിയേ തീരൂ. പക്ഷേ എല്ലാ നോട്ടീസിലും അവസാനം പൊതുവായ ഒരു വാചകം ‘ ശേഷം സ്‌ക്രീനില്‍’.

Textകറങ്ങുന്ന പന്തിന്റെ പുറത്തേ പൂവന്‍കോഴിയുടെയും, മുരുകന്റെയും , കുഴലൂതുന്ന പിള്ളാരുടെയും ചരിത്രം വിളമ്പി സിനിമാ പാണ്ഡിത്യം കാണിക്കുന്ന ക്ലാസ്സിലെ ദിനങ്ങള്‍…….സന്ധ്യ മയങ്ങുമ്പോള്‍ ടാക്കീസില്‍ നിന്നും ഉയരുന്ന ‘ പഴം നീ യപ്പാ, ജ്ഞാനപ്പഴം നീ യപ്പാ, തമിഴ് ജ്ഞാനപ്പഴം നീയപ്പാ……. എന്ന ഗാനം സമയം 6 മണി ആയി എന്നും പാട്ടിന്റെ ശബ്ദം കുറയുമ്പോള്‍ അത് കൊട്ടകയ്ക്ക് അകത്തുനിന്നുമാണെന്നും സമയം 6.30 ആയി എന്നും അന്ന് ഗ്രാമവാസികള്‍ക്ക് അറിയാമായിരുന്നു. ബഞ്ചിലും, ചാരു ബഞ്ചിലും, ‘ആഢംബര’ കസേരയിലുമായി എത്രയെത്ര ചിത്രങ്ങളാണ് കണ്ടിട്ടുള്ളത്. ഇരുട്ടത്ത് ആര്‍പ്പുവിളിച്ചും, കൈയ്യടിച്ചും, ഇടവേളയില്‍ കപ്പലണ്ടി കൊറിച്ചും, പാട്ടുപുസ്തകം വാങ്ങിയും പടം കഴിഞ്ഞിറങ്ങുമ്പോള്‍ കണ്ണ് നനഞ്ഞത് കാണാതിരിക്കാന്‍ തൂവാല കൊണ്ട് മുഖം പൊത്തി പുറത്തേ വെളിച്ചത്തിന്റെ അസ്വസ്ഥതയാണെന്ന് ഭാവിയ്ക്കുന്നതിന്റെ സുഖം വലിയ ടി വി യിലോ, മള്‍ട്ടിപ്ലക്‌സിലോ കിട്ടുമോ?

മായുന്ന ഗ്രാമ കാഴ്ചകളിലൂടെയും മായാത്ത ഓര്‍മ്മകളിലൂടെയും ഒരു തീര്‍ത്ഥാടനം. ഇതൊക്കെ ഇപ്പോള്‍ ഇവിടെ വിളമ്പാന്‍ എന്താ കാര്യം അല്ലേ ?

പ്രിയ സുഹൃത്തും, സഹപ്രവര്‍ത്തകനുമായ സുധീര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എഫ് ബി യില്‍ തന്റെ നാട്ടിലെ മാഞ്ഞു പോയ സിനിമാകൊട്ടകയെപ്പറ്റി ഹൃദ്യവും സരസവുമായി കുറിച്ചിരുന്നു. യാദൃശ്ചികം എന്ന് പറയാം രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവലായ ‘ പടം ‘ വായിക്കുന്ന സമയമായിരുന്നു. ഇവ രണ്ടും അറിയാതെ പിന്നോട്ട് നടത്തിച്ചു.
പത്രപ്രവര്‍ത്തകനായ രാജീവ് ശിവശങ്കറിന്റെ ഒരു വ്യത്യസ്ത കൃതി – പടം.

സിനിമയും ജീവിതവും രണ്ടാണെങ്കിലും സിനിമയിലൂടെ ജീവിച്ച നാരായണിയമ്മയുടെ കഥ പറയുന്ന ഈ പുസ്തകം ആധുനിക ജീവിതത്തിന്റെ നേര്‍കാഴ്ചതന്നെ. നഷ്ടമായി കൊണ്ടിരിക്കുന്ന മൂല്യങ്ങളെയും കുടുബ ബന്ധങ്ങളെയും വേറിട്ടൊരു ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

‘വാര്‍ദ്ധക്യം” ഇന്ന് വലിയൊരു ചോദ്യചിഹ്നം തന്നെ. പാലോട് അമ്പാടി വീട്ടിലെ 90 വയസ്സ് കഴിഞ്ഞ നാരായണിയമ്മ സമ്പന്നയാണ് – മക്കളുടെ കാര്യത്തിലും. നാരായണിയമ്മയ്ക്ക് സിനിമ ജീവവായു ആയിരുന്നു. എന്നാല്‍ തന്റെ വാര്‍ദ്ധക്യത്തെ അംഗീകരിച്ച് നോക്കാന്‍ മക്കള്‍ക്ക് സമയമില്ല. (എന്തായാലും അവര്‍ അമ്മയെ അനാഥാലയത്തില്‍ ആക്കിയില്ലെന്ന് വായനക്കാര്‍ക്ക് സമാധാനിക്കാം-കാരണം അമ്പാടി തറവാടും, ദേവകീ ടാക്കീസ് നിന്ന ഇടവും ഭാഗം വച്ചിട്ടില്ലെന്നുള്ളതു തന്നെ).

മലയാളത്തിലെ ആദ്യ ചിത്രമായ ബാലന്‍ മുതല്‍ 3D ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ വരെ …. ജെ സി ഡാനിയേല്‍ മുതല്‍ ഫാസില്‍ വരെ….. തിക്കുറിശ്ശി മുതല്‍ മോഹന്‍ലാല്‍ വരെ…..കിളിമാനൂര്‍ മാധവവാര്യര്‍ മുതല്‍ കൈതപ്രം വരെ…….ബ്രദര്‍ ലക്ഷ്മണ്‍ മുതല്‍ ജെറി അമല്‍ദേവ് വരെ…… കമുകറ മുതല്‍ യേശുദാസും, ജയചന്ദ്രനും വരെ…..ഓലപ്പുര മുതല്‍ മള്‍ട്ടിപ്ലക്‌സ് വരെ……

ഗ്രാമഫോണ്‍ റിക്കാര്‍ഡ് മുതല്‍ USB വരെ…..യുള്ള മലയാള സിനിമാ ചരിത്രവും കഥകളും. ഗോപാലന്‍ കൊച്ചാട്ടന്‍ താലി കെട്ടി അമ്പാടി വീട്ടില്‍ തന്നെ താമസമാക്കിയതും, ആറു കുട്ടികളെ പ്രസവിച്ചതും അതില്‍ പൊന്നോമനയായ ദേവകിയുടെ മരണവും, മറ്റ് അഞ്ച് പേര്‍ നല്ല നിലയില്‍ എത്തിയിട്ടും അനാഥത്ത്വം വേട്ടയാടുന്ന വൃദ്ധയായി ലോകത്തോട് വിട പറഞ്ഞ നാരായണിയമ്മയുടെ കഥയും ഇടകലര്‍ത്തി ഒരു ” മണിപ്രവാളം ‘ പോലെ അവതരിപ്പിച്ചിരിക്കുന്നു.

വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട നാരായണിയെ മക്കള്‍ മൂന്ന് മാസം വീതം പങ്കിട്ടെടുക്കുന്നു. ഈ മൂന്ന് മാസക്കാലം അവര്‍ തള്ളിനീക്കുന്നത് ഒരോ യുഗം പോലെ. ( സ്വര്‍ഗ്ഗം തുറക്കുന്ന സമയം -എം ടി, ഓര്‍ത്തു പോയി ) മെട്രോ നഗരം മുതല്‍ മലയോര ഗ്രാമം വരെ അവര്‍ മക്കളോടൊപ്പം ജീവിച്ചു. ഒരോ ചലച്ചിത്രത്തിലെതുപോലെ. അവസാനം അമ്പാടിയിലെത്തിയ നാരായണിയമ്മ ദേവകീടാക്കീസില്‍ ‘ശുഭം ‘ എന്ന് കാണിക്കുമ്പോലെ മറയുന്നു. സിനിമ തന്റെ ജീവവായു ആയ നാരായണിയമ്മ, ജീവിതം തന്നെ ഒരോ ചിത്രങ്ങളോടും താരതമ്യം ചെയുന്നു. ‘കേശവന്റെ വിലാപങ്ങളിലെ ‘ അപ്പുക്കുട്ടന്‍ എന്തിലും ഏതിലും ഇഎംഎസിനെ കണ്ടതുപോലെ നാരായണിയമ്മ പ്രേംനസീറിനെ ഒരോ ചലനത്തിലും കണ്ടിരുന്നു.

സിനിമയും ജീവിതവും തമ്മിലുള്ള ദൂരം സങ്കല്പത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള അകലം പോലെയാണെന്ന കാര്യം അവരെ പലപ്പോഴും കൊച്ചാട്ടന്‍ ഓര്‍മ്മിപ്പിക്കാറുണ്ട്. ഇത് വായനക്കാരന് നല്‍കുന്ന ഉപദേശം കൂടിയാണ്. രചനാശൈലിയില്‍ വേറിട്ടൊരു അനുഭവം തന്നെയാണ് ‘പടം” നല്‍കുന്നത്. തിരക്കേറിയ ആധുനിക ജീവിതത്തിനിടയില്‍ മനുഷ്യബന്ധങ്ങള്‍ക്ക് എന്തിനെറേ രക്തബന്ധങ്ങള്‍ക്ക് വില നല്‍കാത്ത മനുഷ്യന്‍ ഓട്ടം പിഴക്കുമ്പോള്‍ പശ്ചാതപിക്കുന്നു. പക്ഷേ പിന്നോട്ട് നടന്ന് ശരിയാക്കാന്‍ പറ്റില്ലല്ലോ?

നിശബ്ദചിത്രം മുതല്‍ എഫ്ബി, ട്വിറ്റര്‍, സ്വിഗ്ഗി, തുടങ്ങി ന്യൂജെന്‍ സാങ്കേതിക വിദ്യകള്‍ വരെ കഥാപാത്രങ്ങളായ ഈ നോവല്‍ ഒരു പ്രത്യേക വായനാസുഖം തരുന്നു. (എനിക്ക്).. അതിലുപരി പഴുത്ത ഇല വീഴുമ്പോള്‍ ചിരിക്കുന്ന പച്ച ഇലകള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലും കൂടിയാണ്.
എന്തായാലും ഗോപാലന്‍ കൊച്ചട്ടന്‍ നാരായണിയോട് പറഞ്ഞതും ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്നെ.

‘തോപ്പില്‍ ഭാസിയെക്കാളും, പി ഭാസ്‌ക്കരനെക്കാളും, എംടി യെക്കാളും വലിയ തിരക്കഥാകൃത്ത് ദൈവം തമ്പുരാന്‍ തന്നെടീ. വിചാരിക്കാത്ത നേരത്ത് അങ്ങോര്‍ കഥാപാത്രങ്ങളെ നൂലില്‍ കെട്ടിയിറക്കും’………

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.