കന്യാമഠത്തില്‍ നിന്ന് കീഴാളമണ്ണിലെത്തിയ ദയാബായിയുടെ ജീവിതം
പാവങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. ‘എന്നെ അനുഗമിക്കുക’ എന്നാവശ്യപ്പെട്ടുകൊണ്ട് കുരിശിലേറിയ അദ്ദേഹത്തിന്റെ പാത മനുഷ്യസ്‌നേഹത്തിന്റെയും സഹനത്തിന്റേതുമാണ്. ഇക്കാര്യം തിരിച്ചറിയുന്നവര്‍ തീര്‍ത്തും അപൂര്‍വ്വം. അവരാകട്ടെ ദൈവപുത്രന്റെ പോരാട്ടം അനേകം ത്യാഗങ്ങള്‍ സഹിച്ചും തുടരുന്നു…
അരനൂറ്റാണ്ടുകാലം ഉത്തരേന്ത്യന്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മൃഗതുല്യം ജീവിക്കുന്ന ആദിവാസികളുടെ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി പോരാടുകയാണ് ദയാബായി എന്ന മഹതി. പോലീസ് മര്‍ദ്ദനത്തില്‍ മുന്‍നിര പല്ലുകള്‍ വരെ കൊഴിഞ്ഞുപോയിട്ടും സഹനസമരം തുടരുന്ന ദയാബായിയുടെ ആത്മകഥയാണ് പച്ചവിരല്‍. ഒരു പോലീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ വിത്സണ്‍ ഐസക് ആണ് കന്യാമഠത്തില്‍ നിന്ന് കീഴാളമണ്ണിലെത്തിയ ദയാബായിയുടെ ജീവിതം എഴുതിയതെന്നതും ശ്രദ്ധേയം.
കോട്ടയം ജില്ലയില്‍ പാലായ്ക്കു സമീപമുള്ള പൂവരണിയില്‍ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളില്‍ മൂത്തവളായാണ് മേഴ്‌സി മാത്യു ജനിച്ചത്. പ്രാഥമിക വിദ്യാഭാസത്തിന് ശേഷം 1958ല്‍ ബീഹാറിലെ ഹസാരിബാഗ് കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ ചേര്‍ന്നു. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതിന് ഒരു വര്‍ഷം മുമ്പേ കോണ്‍വെന്റ് ഉപേക്ഷിച്ച് ബീഹാറിലെ ഗോത്രവര്‍ഗമേഖലയായ മഹോഡയില്‍ പ്രവര്‍ത്തിച്ചു. ജീവശാസ്ത്രത്തില്‍ ബിരുദവും ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് എംഎസ്ഡബ്ല്യുവും നിയമവും പഠിച്ചു.
എംഎസ്ഡബ്ല്യു പ്രൊജക്ടിന്റെ ഭാഗമായ ഫീല്‍ഡ് വര്‍ക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയിലെത്തി. പിന്നീട് അവിടം പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തു. 1981 മുതല്‍ തിന്‍സെ ഗോത്രവര്‍ഗ്ഗ ഗ്രാമത്തില്‍ ഗോണ്ടുകളോടൊപ്പം ജീവിച്ച് അവരുടെ അവകാശങ്ങള്‍ക്കായി പോരാടി. അവരുടെ ശാക്തീകരണപ്രക്രിയയില്‍ പങ്കാളിയായി. 1995 മുതല്‍ ബറൂള്‍ ഗ്രാമത്തില്‍ താമസിച്ചു വരുന്നു.
ജീവിതം മുഴുവന്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നീക്കിവെച്ച് കന്യാഭവനത്തില്‍ നിന്ന് കീഴാളരുടെയും ചേരിനിവാസികളുടെയും ഇടങ്ങളിലേക്കെത്തിയ സാമൂഹികപ്രവര്‍ത്തകയുടെ ജീവിതമാണ് പച്ചവിരല്‍ പറയുന്നത്. ജീവിതം, അനുഭവം എന്നിങ്ങനെ രണ്ടുഭാഗങ്ങളിലായാണ് ദയാബായി പുസ്തകത്തിന്റെ തന്റെ കഥ വിവരിക്കുന്നത്. വിത്സണ്‍ ഐസക് തയ്യാറാക്കിയ ദൈവശാസ്ത്രം എന്ന അനുബന്ധം പുസ്തകത്തെ വേറിട്ടതാക്കുന്നു.
പോലീസ് അസോസ്സിയേഷന്റെ മുഖമാസികയായ കാവല്‍ കൈരളിയുടെ പത്രാധിപസമിതി അംഗമായ വിത്സണ്‍ ഐസക് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ഉദ്യോഗസ്ഥനാണ്. 2009ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പച്ചവിരലിന്റെ ഏഴാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
Comments are closed.