‘റെയില്‍വേ ഒരു ചതുപ്പാണ്, ഒരിക്കല്‍ കാല്‍ വെച്ച് കഴിഞ്ഞാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല’!
ടി ഡി രാമകൃഷ്ണന്റെ പച്ച മഞ്ഞ ചുവപ്പ് എന്ന നോവലിന് സജിത് എളങ്കൂര്‍ എഴുതിയ വായനാനുഭവം
ഫേസ്ബുക്കില്‍ പരതുന്നതിനിടയില്‍ എപ്പോഴോ ഡി സി ബുക്‌സിന്റെ പരസ്യമായി കണ്ടതായിരുന്നു ഈ പേര്. ‘പച്ച, മഞ്ഞ, ചുവപ്പ് ‘.-ടി ഡി രാമകൃഷ്ണന്‍.
കവര്‍ പേജിന്റെ നിറം കൊണ്ടോ, എഴുത്ത് കൊണ്ടോ എന്തോ കൗതുകം തോന്നി ഈ നോവല്‍ ഒന്ന് വായിക്കണമെന്നായി. നാട്ടിലെ എളങ്കൂര്‍ വായനശാലയില്‍ അന്വേഷിച്ചപ്പോള്‍ അവിടെയില്ലെന്ന് ലൈബ്രറേറിയന്‍ പറഞ്ഞെങ്കിലും എത്തിക്കാമെന്ന് ഉറപ്പ് നല്‍കി. പിന്നെ കുറച്ച് ദിവസങ്ങളുടെ കാത്തിരിപ്പ്. ഒടുവില്‍ പച്ച മഞ്ഞ ചുവപ്പ് എത്തിയിട്ടുണ്ട് എന്നും പറഞ്ഞ് വായനശാലയിലെ ചേച്ചിയുടെ ഫോണ്‍ വന്നു. പുസ്തകം കൈപറ്റുമ്പോഴും നിറത്തിലും എഴുത്തിലും തന്നെയായിരിന്നു ശ്രദ്ധ.
ഇന്ത്യന്‍ റെയില്‍വേയുടെ ബാഹ്യ സൗന്ദര്യങ്ങള്‍ക്കുമപ്പുറത്ത് ഉള്ളറകളില്‍ വളരെ സങ്കീര്‍ണമായ, സംഭവബഹുലമായ കുറെ പേരുടെ ജീവിതമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ‘പച്ച മഞ്ഞ, ചുവപ്പ്.’
തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് ഡാനിഷ്പേട്ട് -ലോക്കൂര്‍ സ്റ്റേഷനില്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തീവണ്ടിയപകടം സംഭവിച്ചിരുന്നു.ആ പശ്ചാതലമാണ് നോവലിന്റ ഇതിവൃത്തം. സത്യസന്ധനായ, തന്റെ തൊഴിലിനോട് അര്‍പ്പണബോധത്തോടെ പ്രവൃത്തിച്ചിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ രാമചന്ദ്രനാണ് കേന്ദ്ര കഥാപാത്രം. തന്റെ ഡ്യൂട്ടിക്കിടയിലെ പിഴവുകള്‍ മാത്രമാണ് തീവണ്ടിയപകട കാരണം എന്ന് റെയില്‍വേ സമൂഹത്തിന്റെ ഒന്നടങ്കമ്മുള്ള കുറ്റപ്പെടുത്തലുകളെ തുടര്‍ന്ന് മാനസിക സംഘര്‍ഷം സഹിക്കവയ്യാതെ ആത്മഹത്യ ചേയ്യണ്ടി വരുന്ന രാമചന്ദ്രന്‍.
രാമചന്ദ്രനിലെ തെറ്റുകള്‍ മാത്രമാണോ ആ ദുരന്തത്തിലേക്ക് നയിച്ചതെന്ന അന്വേഷണമാണ് ഈ നോവല്‍. റെയില്‍വേയ്ക്കുള്ളിലെ രാഷ്ട്രീയ മേല്‍ക്കോയ്മകളും ഇടപെടലുകളെയും പച്ചയായി വരച്ചുകാട്ടിയിട്ടുണ്ട് എഴുത്തുകാരന്‍. നോവല്‍ മുഴുവനും വായിച്ചു കഴിഞ്ഞപ്പോള്‍ ഈ വാക്കുകള്‍ മാത്രം പിന്നെയും മനസ്സില്‍ മുറിവേല്‍പ്പിക്കും പോലെ മായാതെ കിടക്കുന്നുണ്ട്.
‘റെയില്‍വേ ഒരു ചതുപ്പാണ്. ഒരിക്കല്‍ കാല്‍ വെച്ച് കഴിഞ്ഞാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല ‘. 2022 ല്‍ വായിക്കാന്‍ കഴിഞ്ഞ നല്ലൊരു നോവല്‍.
Comments are closed.