DCBOOKS
Malayalam News Literature Website

പി.സുബ്രഹ്മണ്യം- പുരാണചിത്രങ്ങളുടെ രാജശില്പി

“പുരാണചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തിയിരുന്ന പ്രതിഭയാണ് പി. സുബ്രഹ്മണ്യം. തമിഴിലും കന്നഡയിലും ബി.ആര്‍. പന്തലുവും തെലുങ്കില്‍ പി.പുല്ലയ്യ, സി.എസ്. റാവു, ബാപു തുടങ്ങിയവരും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പുരാണചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എ.പി. നാഗരാജന്റെ ‘തിരുവിളയാടല്‍’ എന്ന സിനിമയും ബി.ആര്‍. പന്തലുവിന്റെ ‘കര്‍ണ്ണന്‍’ എന്ന സിനിമയും അവിസ്മരണീയ കലാസൃഷ്ടികളായിരുന്നു. ഈ ചിത്രങ്ങളൊക്കെ പിറക്കുന്നതിനു മുമ്പുതന്നെ സേലം എം.എ.വി. പിക്‌ചേഴ്‌സ് തമിഴില്‍ ‘സമ്പൂര്‍ണ്ണ രാമായണം’ എന്ന പേരില്‍ നിര്‍മ്മിച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ചരിത്രം സൃഷ്ടിച്ച വിജയം കൊയ്തു. എന്നാല്‍ ഭീമമായ ബഡ്ജറ്റില്ലാതെതന്നെ നിലവാരമുള്ള പുരാണചിത്രങ്ങള്‍ മലയാളികള്‍ക്കു കാഴ്ചവച്ച നിര്‍മ്മാതാവാണ് പി. സുബ്രഹ്മണ്യം.

‘മന്ത്രവാദി’ എന്ന സിനിമയിലൂടെയാണ് നിര്‍മ്മാതാവായ സുബ്രഹ്മണ്യം സംവിധാനം ഏറ്റെടുത്തത്. മന്ത്രവാദി ‘ഫാന്റസി’വിഭാഗത്തില്‍പ്പെട്ട സിനിമയായിരുന്നു. പ്രേംനസീറായിരുന്നു നായകന്‍. മികച്ച സിനിമകള്‍ വിഭാവനചെയ്യുന്നതിനിടയില്‍ ‘മന്ത്രവാദി’ പോലെയുള്ള സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചത്, സാമ്പത്തികനഷ്ടം ഒഴിവാക്കാന്‍വേണ്ടിമാത്രമായിരുന്നു. ‘ക്രിസ്തുമസ്സ് രാത്രി’യാണ് പി. സുബ്രഹ്മണ്യം സംവിധാനംചെയ്ത പ്രഥമ കുടുംബചിത്രം. കഥയെഴുതിയത് ടി.എന്‍. ഗോപിനാഥന്‍ നായരായിരുന്നു. എന്നാല്‍ മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ ജീവിതം ശരിയായി പകര്‍ത്താനാഗ്രഹിച്ച സംവിധായകന്‍ മുട്ടത്തുവര്‍ക്കിയെയാണ് സംഭാഷണ രചന ഏല്പിച്ചത്.

‘ഭക്തകുചേല’യാണ് പി. സുബ്രഹ്മണ്യം സംവിധാനം നിര്‍വ്വഹിച്ച രണ്ടാമത്തെ പുരാണചിത്രം. ‘കുചേലവൃത്തം’ സിനിമയാക്കാന്‍ മെറിലാന്‍ഡില്‍ ശ്രമം നട ക്കുന്നു എന്നറിഞ്ഞപ്പോള്‍ ഉദയാ സ്റ്റുഡിയോയുടെ ഉടമസ്ഥനും നിര്‍മ്മാതാവുമായ കുഞ്ചാക്കോയും അതേ കഥ സിനിമയാക്കാന്‍ മുമ്പോട്ടു വന്നു. കേരളത്തില്‍ അക്കാലത്ത് രണ്ട് സ്റ്റുഡിയോകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് സ്വാഭാവികമായും അവര്‍ക്കിടയില്‍ ഒരു കിടമത്സരം നിലനിന്നിരുന്നു. അഭിമാനിയായ സുബ്രഹ്മണ്യം ഒരിക്കലും തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

പി.സുബ്രഹ്മണ്യത്തോടൊപ്പം ശ്രീകുമാരന്‍ തമ്പി

സുബ്രഹ്മണ്യം നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമായ ‘പൊന്‍കതിര്‍’ മുതല്‍ ഭൂരിപക്ഷം ചിത്രങ്ങളിലും പ്രേംനസീര്‍തന്നെയായിരുന്നു നായകന്‍. ഉദയാ സ്റ്റുഡിയോയിലാകട്ടെ സത്യനും പ്രേംനസീറിനും തല്യസ്ഥാനമാണ് ഉണ്ടായിരുന്നത്. കുഞ്ചാക്കോയുടെ പല ചിത്രങ്ങളിലും സത്യനും പ്രേംനസീറും ഉണ്ടായിരിക്കും. പി. സുബ്രഹ്മണ്യം തന്റെ ചിത്രത്തിന് ‘ഭക്തകുചേല’ എന്നും കുഞ്ചാക്കോ അതേ വിഷയത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന സ്വന്തം ചിത്രത്തിന് ‘കൃഷ്ണകുചേല’ എന്നും പേരിട്ടു. ശ്രീകൃഷ്ണനായി പ്രേംനസീറിനെയും കുചേലനായി മുത്തയ്യയെയും അഭിനയിപ്പിക്കാന്‍ കുഞ്ചാക്കോ തീരുമാനിച്ചു. സുബ്രഹ്മണ്യത്തിന്റെ മനസ്സിലും പ്രേംനസീര്‍തന്നെയാണ് ശ്രീകൃഷ്ണന്റെ സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പ്രേംനസീറും മുത്തയ്യയും കുഞ്ചാക്കോയുടെ ‘കൃഷ്ണലീല’യ്ക്കാണ് കാള്‍ഷീറ്റു കൊടുത്തത്. സുബ്രഹ്മണ്യം എന്ന നിര്‍മ്മാതാവ് തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. തെലുങ്കുസിനിമയിലെ കാന്താറാവു എന്ന നടനെ ശ്രീകൃഷ്ണവേഷം ഏല്പിച്ചു. ധാരാളം പുരാണചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് കാന്താറാവു. കുചേലനായി അഭിനയിക്കാന്‍ സി.എസ്.ആര്‍. ആഞ്ജനേയലു എന്ന നടനെയും തിരഞ്ഞെടുത്തു. തെലുങ്കുസിനിമയില്‍ കുചേലന്റെ വേഷം ചെയ്തു പരിചയമുള്ള അനുഗൃഹീത സ്വഭാവനടനാണ് സി.എസ്.ആര്‍. ആഞ്ജനേയലു. കംസന്റെ വേഷം അവതരിപ്പിക്കാന്‍ രണ്ടുപേരും തിക്കുറിശ്ശി സുകുമാരന്‍നായരെ ക്ഷണിക്കുകയുണ്ടായി. തിക്കുറിശ്ശി സുബ്രഹ്മണ്യത്തോടൊപ്പമാണ് നിന്നത്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ടി.കെ. ബാലചന്ദ്രന്‍, ജോസ്പ്രകാശ്, കുമാരി, അംബിക, കുശലകുമാരി, ബേബി വിലാസിനി, ബേബി വിനോദിനി തുടങ്ങിയവരും ‘ഭക്തകുചേല’യില്‍ അഭിനയിച്ചു. പ്രേംനസീര്‍, സത്യന്‍, മുത്തയ്യ, കോട്ടയം ചെല്ലപ്പന്‍, കുണ്ടറ ഭാസി, മണവാളന്‍ ജോസഫ്, കാഞ്ചന, എസ്.ജെ. ദേവ് (രാജന്‍ പി. ദേവിന്റെ പിതാവ്) തുടങ്ങിയവരായിരുന്നു ‘കൃഷ്ണകുചേല’യിലെ താരങ്ങള്‍.

‘ഭക്തകുചേല’ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയൊന്ന് നവംബര്‍ മൂന്നിനും ‘കൃഷ്ണകുചേല’ നവംബര്‍ പതിനാറിനും പ്രദര്‍ശനത്തിലെത്തി. അത്ഭുതമെന്നുപറയട്ടെ പ്രേംനസീറും സത്യനും അഭിനയിച്ച ‘കൃഷ്ണകുചേല’ ദയനീയമായി പരാജയപ്പെട്ടു. പ്രേംനസീറിന്റെ ശ്രീകൃഷ്ണനെക്കാള്‍ ജനങ്ങള്‍ സ്വീകരിച്ചത് കാന്താറാവുവിന്റെ ശ്രീകൃഷ്ണനെയാണ്. പി. ഭാസ്‌കരന്‍ എഴുതി കെ. രാഘവന്‍ ഈണംപകര്‍ന്ന ഇരുപത്തിരണ്ടു പാട്ടുകള്‍ ‘കൃഷ്ണകുചേല’യില്‍ ഉണ്ടായിരുന്നു. എന്നാല്‍ തിരുനയിനാര്‍ക്കുറിച്ചി എഴുതി ബ്രദര്‍ ലക്ഷ്മണ്‍ ഈണംപകര്‍ന്ന ‘ഭക്തകുചേല’യിലെ പതിനാറു ഗാനങ്ങളാണ് കൂടുതല്‍ ജനപ്രീതി നേടിയെടുത്തത്. ”ഈശ്വരചിന്തയിതൊന്നെ മനുജനു ശാശ്വതമീയുലകില്‍…”, ”നാളെ നാളെയെന്നായിട്ടും…”, ”മായാമാധവ ഗോപാല…” തുടങ്ങിയ ‘ഭക്ത കുചേല’യിലെ പാട്ടുകള്‍ ഇന്നും മലയാളികള്‍ ആവര്‍ത്തിച്ചു പാടുന്നു. ‘ഭക്തകുചേല’യും ‘കൃഷ്ണകുചേല’യും തമ്മിലുള്ള മത്സരം ഒരു കാര്യം തെളിയിച്ചു. താരമൂല്യം മാത്രമല്ല ഒരു ചലച്ചിത്രത്തിന്റെ സാമ്പത്തികവിജയത്തിന് അടിസ്ഥാനം. ‘ഭക്തി’യായിരുന്നു ഭക്ത കുചേലയുടെ ആധാരശ്രുതി. അതു നിലനിര്‍ത്താന്‍ സംവിധായകനും തികഞ്ഞ ഭക്തനായിരിക്കണം…”

( പ്രശസ്ത സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി തയ്യാറാക്കിയ പി.സുബ്രഹ്മണ്യം- മലയാള സിനിമയിലെ ഭീഷ്മാചാര്യര്‍ എന്ന ജീവചരിത്രഗ്രന്ഥത്തില്‍നിന്നും)

Comments are closed.