ചരിത്രത്തിലൂടെയുള്ള അസ്വസ്ഥമായ സഞ്ചാരം!
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനെ’ ക്കുറിച്ച് പി രാജീവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
563 പേജുകളിലൂടെ മനുഷ്യന്റെയും രാജ്യത്തിന്റെയും ചരിത്രത്തിലുടെ അസ്വസ്ഥമായി സഞ്ചരിച്ച് ‘ഘാതക’ നെ കണ്ടെത്തി. ജൂൺ 19 നാണ് കെ ആർ മീരയുടെ കയ്യൊപ്പോടെ ‘ഘാതകൻ’ കയ്യിലെത്തിയത്. തുറന്നാൽ തുടർച്ചയായി വായിപ്പിക്കുന്നവയാണ് മീരയുടെ നോവലുകൾ. ‘ആരാച്ചാ’രും ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യും ‘ഖബറും’ അങ്ങനെയായിരുന്നു വായിച്ചിരുന്നത്. എന്നാൽ, ഇത്തവണ തെറ്റി. പലപ്പോഴും കയ്യിലെടുത്തു, തുറന്നില്ല. ഇപ്പോഴത്തെ ഉത്തരവാദിത്തത്തിന്റെ തിരക്കുകൾ തുടർച്ചയായ വായന സമ്മതിച്ചില്ല. പരിപാടികൾക്കിടയിൽ ഒരിടത്ത് സ്വീകരിച്ചത് പിങ്ക് കവറിലുള്ള ‘ഘാതകനെ ‘ തന്നിട്ടായിരുന്നു. തിരുവനന്തപുരത്തെ ‘ഘാതക’നേയും കളമശേരിയിലെ ‘ഘാതക’നേയും കൈവിട്ടില്ല. ഒടുവിൽ പുസ്തകം തുറന്നു. ഫയലു നോട്ടത്തിനും യോഗങ്ങൾക്കുമിടയിൽ, കാറിലെ യാത്രയിൽ, ഉറങ്ങുന്നതിന് മുമ്പ് , അങ്ങനെയങ്ങനെയായി ഇത്തവണ വായന.
ഓരോ നോവലിലും വ്യത്യസ്ത സ്ത്രീകൾ. എന്നാൽ, എല്ലാവരും സൂര്യനെ അണിഞ്ഞവർ. നോട്ട് നിരോധനവും ഏകാധിപത്യവും മുതലാളിത്തവും കമ്യൂണിസ്റ്റ് സ്വപ്നവും അടയാളപ്പെടുത്തുന്ന ചരിത്ര വഴികളിലൂടെ ഘാതകനെ തേടിയുള്ള ‘സത്യാന്വേഷണം. ഘാതകൻ മഹാനാകുന്ന, ഗോഡ്സേ വാഴ്ത്തപ്പെടുന്ന, രണ്ടായി മുറിക്കപ്പെടുന്ന ഗാന്ധിജിയുടെ കാലത്തിലൂടെയുള്ള മനുഷ്യജീവിതാനുഭവം. ‘മനുഷ്യബന്ധങ്ങൾ റൊക്കും പൈസയുടെ തു’ മാത്രമാകുന്ന കാലത്തിന്റെ കഥ പറച്ചലിൽ കറൻസി പല മാനങ്ങളുള്ള കഥാപാത്രമായി മാറുന്നു . പക്ഷേ, നിഷയെന്ന കുഞ്ഞിന്റെ കയ്യിൽ തിരുകി കൊടുത്ത നൂറിന്റെ നോട്ട് വായനയിൽ ശ്വാസം മുട്ടിച്ചു. വായന തുടരാനാകാതെയുള്ള അസ്വസ്ഥത …രാജ്യങ്ങളുടെ ചരിത്രത്തേക്കാൾ സങ്കീർണ്ണമാണോ മനുഷ്യരുടെ ചരിത്രം …. രാജ്യങ്ങളുടെ ചരിത്രം മനുഷ്യരുടേതു കൂടിയാണല്ലോ.
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകന്‍’ വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ
Comments are closed.