പി. പത്മരാജൻ അവാര്‍ഡ് ദാനച്ചടങ്ങ് ഒക്ടോബര്‍ 27ന്
പി പത്മരാജന്‍ ട്രസ്റ്റും രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും ചേര്‍ന്ന് നടത്തുന്ന പത്മരാജന്‍ അവാര്‍ഡ്ദാനച്ചടങ്ങ് ഒക്ടോബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടക്കും. പത്മരാജന്‍ അവാര്‍ഡുകള്‍ക്ക് പുറമേ ഈ വര്‍ഷം മുതല്‍ പത്മരാജന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഏര്‍പ്പെടുത്തുന്ന നോവല്‍ അവാര്‍ഡ് ‘എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ’ പുരസ്‌കാരവും ഇതേ വേദിയില്‍ സമ്മാനിക്കും. ഈ വര്‍ഷത്തെ പത്മരാജന്‍ അവാര്‍ഡ് നേടിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ‘ഓര്‍മ്മകളില്‍ പത്മരാജന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങും വേദിയില്‍ നടക്കും. എം മുകുന്ദനില്‍ നിന്നും പി അനന്ദപത്മനാഭന്‍ പുസ്തകം സ്വീകരിക്കും. അജു വര്‍ഗീസ്, പി ജി പ്രഗീഷ്, സി അജോയ്, ദീപികാസുശീലന്‍, രാധാലക്ഷ്മി പത്മരാജന്‍, എ ചന്ദ്രശേഖര്‍, പുരസ്‌കാര ജേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘നിങ്ങൾ’ എന്ന നോവലിന് എം മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരം. ‘വെള്ളിക്കാശ്’ എന്ന ചെറുകഥയ്ക്ക് വി.ജെ. ജെയിംസ് മികച്ച കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായും ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യം മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും തിരക്കഥാകൃത്തിന് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
എം മുകുന്ദന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.