DCBOOKS
Malayalam News Literature Website

പി നരേന്ദ്രനാഥ്; സ്‌നേഹസമ്പന്നനായ ഒരു വലിയ മനുഷ്യന്‍

ആഗസ്റ്റ് 18- പി നരേന്ദ്രനാഥ് ജന്മദിനം

(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) നവംബർ 8, 1991

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്തുനിന്നു മറ്റൊരു ഫോണ്‍കാള്‍. പ്രശസ്ത ബാലസാഹിത്യകാരനായ പി. നരേന്ദ്രനാഥ് അന്തരിച്ചു എന്ന വിവരം അദ്ദേഹത്തിന്റെ വീട്ടില്‍നിന്നുതന്നെയാണ് വിളിച്ചുപറഞ്ഞത്. ഞെട്ടലോടുകൂടിയല്ല, ഞാനിക്കാര്യം ശ്രവിച്ചത്. കാരണം, രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത് എന്നതുതന്നെ. കാനറബാങ്കിന്റെ ഡിവിഷനല്‍ മാനേജരായിരുന്ന നരേന്ദ്രനാഥിനു മദ്രാസില്‍നിന്നു തിരുവനന്തപുരത്തേക്ക് മാറ്റം നല്കിയതുതന്നെ, കൂടുതല്‍ സൗകര്യപ്രദമായ ചികിത്സയും ചുറ്റുപാടുകളും ലഭിക്കാന്‍വേണ്ടിയായിരുന്നു. ശ്വാസകോശസംബന്ധമായ രോഗം ബാധിച്ച് സംസാരശേഷി മുക്കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം. തികച്ചും വിദഗ്ദ്ധമായ ചികിത്സയാണ്, ലഭിച്ചിരുന്നതെങ്കിലും ഇടയ്ക്ക് ഹോമിയോപ്പതിയിലേക്ക് തിരിച്ചുവിട്ടത് ഞാനാണ്. അതിന്റെ ഫലമായി സംസാരശക്തി വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. എങ്കിലും ഇതൊക്കെ താത്ക്കാലികമാണെന്ന് എനിക്കറിയാമായിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന എം.കെ.നമ്പൂതിരിയുടെ എട്ടുമക്കളില്‍ മൂത്തവനായിരുന്ന നരേന്ദ്രനാഥ് 1934-ലാണ് ജനിച്ചത്; പട്ടാമ്പിക്കടുത്തുള്ള നെല്ലായില്‍. സാമൂഹ്യപരിഷ്‌കാരയത്‌നങ്ങള്‍, അച്ഛനെ സമുദായത്തില്‍നിന്നു പുറംതള്ളാനിടയാക്കി. ഒപ്പം ഉദ്യോഗവും നഷ്ടപ്പെട്ടു. സാമ്പത്തികപരാധീനത, മക്കളുടെ വിദ്യാഭ്യാസത്തിനുതന്നെ വിലങ്ങുതടിയായി. നരേന്ദ്രനാഥ് 19-ാം വയസ്സില്‍ കൊച്ചിന്‍ കൊമേര്‍ഷ്യല്‍ ബാങ്കില്‍ ക്‌ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ഇ.എം.എസും എ.കെ.ജിയും അച്യുതമേനോനുമൊക്കെ ഒളിവില്‍കഴിഞ്ഞിട്ടുള്ള വീടാണ് തന്റേതെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനല്ല നരേന്ദ്രനാഥ് ഉദ്യമിച്ചത്. അമ്മൂമ്മ പഠിപ്പിച്ച കഥകളും പാട്ടുകളും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. പതിമൂന്നാംവയസ്സില്‍ ആദ്യകവിത എഴുതി. മുപ്പതിലധികം ബാലസാഹിത്യ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അതില്‍ പലതും കുട്ടികളെ വളരെയധികം ആകര്‍ഷിച്ചിട്ടുള്ളവയത്രെ. കേന്ദ്രസര്‍ക്കാരിന്റേതുള്‍പ്പെടെ ഒട്ടുവളരെ പുരസ്‌കാരങ്ങള്‍ നേടാനും നരേന്ദ്രനാഥിനു കഴിഞ്ഞു. ചില പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തുകയുമുണ്ടായി. കുട്ടികള്‍ക്കുവേണ്ടിയുള്ള സാഹിത്യരചന ജീവിതത്തിന്റെ തപസ്യയാക്കി മാറ്റിയ ആളായിരുന്നു അദ്ദേഹം. എങ്കിലും ഇതിനൊക്കെ അപ്പുറത്തുള്ള ഒരു നരേന്ദ്രനാഥാണ് എന്റെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നത്–സ്‌നേഹസമ്പന്നനായ ഒരു വലിയ മനുഷ്യന്‍.

പി നരേന്ദ്രനാഥിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.