DCBOOKS
Malayalam News Literature Website

കളിയച്ഛന്‍ പുരസ്‌കാരം കെ.സച്ചിദാനന്ദന്

കോഴിക്കോട്: മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന 2019-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കളിയച്ഛന്‍ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന് സമ്മാനിക്കും. 25,000 രൂപയും നാരായണ ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്. പി.കുഞ്ഞിരാമന്‍ നായരുടെ പേരിലുള്ള സമസ്ത കേരളം നോവല്‍ പുരസ്‌കാരം കെ.വി മോഹന്‍കുമാറിന്റെ ഉഷ്ണരാശിയും നിള കഥാപുരസ്‌കാരത്തിന് അര്‍ഷാദ് ബത്തേരിയുടെ മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും അര്‍ഹമായി. താമരത്തോണി കവിതാ പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്റെ ഉള്ളനക്കങ്ങള്‍ക്കും തേജസ്വിനി ജീവചരിത്ര പുരസ്‌കാരം അജിത്ത് വെണ്ണിയൂരിന്റെ പി.വിശ്വംഭരന്‍ എന്ന ജീവചരിത്രഗ്രന്ഥത്തിനുമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

10,000 രൂപയും ശില്പവും അടങ്ങുന്നതാണ് മറ്റ് പുരസ്‌കാരങ്ങള്‍. കവിയുടെ ചരമവാര്‍ഷികദിനമായ മെയ് 28-ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ പി.അനുസ്മരണ സമ്മേളനത്തില്‍വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ചടങ്ങില്‍ സുസ്‌മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത പത്മിനി എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.

മഹാകവി പി.ഫൗണ്ടേഷന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, കൊല്‍ക്കത്ത കൈരളി സമാജം എന്നിവര്‍ സംയുക്തമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.

 

Comments are closed.