എഴുതപ്പെട്ട ചരിത്രത്തെ തകിടം മറിക്കുകയും തിരിച്ചിടുകയും ചെയ്യുന്ന രചന!
എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് പി എഫ് മാത്യൂസ്
എഴുതിയ വായനാനുഭവം
യഥാര്‍ത്ഥ ചരിത്രം കഥയായും കഥയെ ചരിത്രമായും വായിക്കുന്ന ഒരു സമൂഹത്തേയാണ് എസ്.ഹരീഷ് ആഗസ്റ്റ് 17 ല്‍ ആവിഷ്‌ക്കരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ എള്ളോളം ഭാവന ഇതിലില്ല എന്നു മാത്രമല്ല നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് ഇവയത്രയും സത്യാത്മകമായിത്തീര്‍ന്നിരിക്കുന്നു എന്നും പറയേണ്ടതുണ്ട്. എഴുതപ്പെട്ട ചരിത്രത്തെ തകിടം മറിക്കുകയും തിരിച്ചിടുകയും ചെയ്യുന്നു എന്നതാണ് നോവലിന്റെ പരിസരം. ആ ചിന്ത തന്നെയാണ് നോവലിന്റെ മേന്മയും. ആഖ്യാനത്തിന്റെ സൗന്ദര്യവും നിരവധി അടരുകളുമുള്ള മീശയാണ് എനിക്കിഷ്ടപ്പെട്ട ഹരീഷിന്റെ നോവല്‍. എന്നാല്‍ ആ കൃതിയും വേണ്ടത്ര വിശകലനാത്മകമായി പഠിക്കപ്പെട്ടില്ലെന്നും തോന്നിയിട്ടുണ്ട്. ഒന്നുകില്‍ പൂച്ചെണ്ട് അല്ലെങ്കില്‍ ചവിട്ട്. ഇതിനിടയില്‍ ഒരു കലാപരിപാടി നമുക്കില്ല. നോവലിനെ കഥയായി കണ്ടും വിവരിച്ചും ശ്ലോകത്തില്‍ കഴിക്കുകയാണ് നമ്മുടെ രീതി. (ഇവിടേയും വ്യത്യാസമൊന്നുമില്ല).
സ്തുതി പാടാത്ത പൗരന്‍മാരെ തുറുങ്കിലടക്കുന്ന ഭരണകൂടമാണ് നോവലിന്റെ കേന്ദ്ര ബിന്ദു. ഹിന്ദുത്വയായാലും കമ്യൂണിസമായാലും കോണ്‍ഗ്രസായാലും അതിനു മാറ്റമില്ല. എഴുത്തുകാരെല്ലാം തുറുങ്കിലാണവിടെ. എങ്ങനേയും ഭരണകൂടത്തിന്റെ കാലുനക്കാന്‍ തയ്യാറുള്ളവര്‍. ‘മനുഷ്യാത്മാവിന്റെ എഞ്ചിനീയറാണ് എഴുത്തുകാരന്‍ ‘ എന്ന വിശേഷണം ഹരീഷ് ഉപയോഗിക്കുന്നുണ്ട്. 1932 ല്‍ ജോസഫ് സ്റ്റാലിന്‍ പറഞ്ഞ വാചകമാണത്. ജോസഫ് സ്‌കവ്‌റകി എന്ന ചെക് നോവലിസ്റ്റ് ഇരുണ്ട ഹാസ്യ ചിന്തയോടെ എഴുതിയ നോവലിന്റെ പേരും അതാണ്. ‘Engineer of human souls’. അധികാരത്തോട് ഒട്ടി നില്‍ക്കാനായി എഴുത്തുകാര്‍ ഭരിക്കുന്നവരുടെ സ്തുതിപാഠകരും പ്രചാരകരും ചാരന്‍മാരുമായിത്തീരുന്നതു നമ്മുടെ കണ്‍മുന്നിലെ യാഥാര്‍ത്ഥ്യമാണ്.
എഴുത്തുകാരില്‍ ഒ.എന്‍.വി., എം ടി തുടങ്ങിയവരുടെ നിഴലുകള്‍ പതിഞ്ഞിട്ടുണ്ട്. പുരോഗമനം വേണ്ടത്ര ഇല്ലാത്തതിനാലും തിരുത്താന്‍ കഴിയാത്തതിനാലും തകഴി ഇപ്പോഴും തടവിലാണ്. സക്കറിയ ജെയിലിലെ കുഴിവെട്ടുകാരനാണ്. എഴുത്തുകാരനായും സ്വാതന്ത്യ സമര പോരാളിയായും കാലങ്ങളെ മറികടന്ന ബഷീറാണ് കേന്ദ്രകഥാപാത്രം. അയാളുടെ പിന്നാലെ ഭാസി എന്ന പേരുമായി കൂടിയ ചാരനാണ് നോവല്‍ വിവരിക്കുന്നത് . പിന്നീട് അയാള്‍ ബഷീറിന്റെ ഭ്രാന്ത് സ്വീകരിച്ച് ഒരു കഥാപാത്രമായിത്തന്നെ മാറുന്നു. കഥകളുണ്ടാക്കാനുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്നു മാറ്റിനിര്‍ത്തുന്നതെന്ന് യുവാല്‍ നോഹ് ഹരാരിക്കും മുമ്പേ അനേകം എഴുത്തുകാര്‍ പറഞ്ഞിട്ടുണ്ട്.
കഥകള്‍ കൊണ്ടാണ് മനുഷ്യനെ നിര്‍മ്മിച്ചിരിക്കുന്നതെന്ന ആ ചിന്തയെ ഭാവനാത്മകമായി ആവിഷ്‌ക്കരിക്കുകയാണ് ഹരീഷ്. പക്ഷെ സാമൂഹ്യ വിമര്‍ശനം ലക്ഷ്യമിടുന്ന തികഞ്ഞ സോഷ്യല്‍ സറ്റയറായി മാറുന്ന നിമിഷങ്ങളാണ് നോവലില്‍ കൂടുതല്‍. വിജയന്റെ ധര്‍മ്മപുരാണത്തിനു ശേഷമുണ്ടായ ഭേദപ്പെട്ട രാഷ്ട്രീയ സാമൂഹ്യ സറ്റയര്‍ എന്നു തന്നെ പറയാം. എഴുത്തുകാരനെന്ന നിലയില്‍ രാഷ്ട്രീയ കക്ഷികളുടേയും ഭരണകൂടത്തിന്റെയും സ്തുതിപാഠകനും ദാസനുമാകാന്‍ താന്‍ തയ്യാറല്ല എന്ന് ഈ നോവലിലൂടെ ഹരീഷ് വ്യക്തമായിത്തന്നെ പറയുന്നുണ്ട്. കഥാചുരുക്കം വിവരിക്കുന്നതിനുപരിയായി ഈ നോവല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
Comments are closed.