ഭാസ്‌കരകവിതയുടെ പ്രണയ-സമരകിരണങ്ങള്‍
‘പി ഭാസ്‌കരന്‍ കൃതികള്‍ കവിതകള്‍-ഗാനങ്ങള്‍’ എന്ന പുസ്തകത്തിന് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ അവതാരികയില്‍ നിന്നും
മലയാളകവിതയില്‍, ചങ്ങമ്പുഴ എന്ന ഗന്ധര്‍വ്വവാഴ്ചയുടെ അമ്പരപ്പിക്കുന്ന ഋതുപ്പകര്‍ച്ചകളെ കുറെക്കൂടി യാഥാര്‍ത്ഥ്യനിഷ്ഠമായ ജീവിതകാമനകളിലേക്കു വഴിതിരിച്ചു വിട്ട കവിയാണ് പി. ഭാസ്‌കരന്‍.
വലിയൊരര്‍ത്ഥത്തില്‍ ചങ്ങമ്പുഴയുടെ തുടര്‍ച്ചതന്നെയായിരുന്നു പി.ഭാസ്‌കരന്‍. പക്ഷേ, പലരും പരിഹസിച്ചതുപോലെ മറ്റൊലിയായിരുന്നില്ല. ചങ്ങമ്പുഴ സൃഷ്ടിച്ച യുഗദീര്‍ഘമായ കാല്പനികവസന്തത്തെ, ഉണര്‍ന്നെഴുന്നേല്ക്കാന്‍ തുടങ്ങിയ പരിവര്‍ത്തനയുഗത്തിലെ മനുഷ്യപ്രതീക്ഷകളുടെ മുഴുവന്‍ ജീവിതയാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുകയാണ് പി. ഭാസ്‌കരന്‍ ചെയ്തത്. അജയ്യമായ പേശീബലവും ക്രിയാശേഷിയും സമ്മാനിച്ചുകൊണ്ട് പുതിയ പോരാട്ടങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും വേണ്ടി ഭാഷയെ പി. ഭാസ്‌കരന്‍ സമരസജ്ജമാക്കി.
‘വയലാര്‍ ഗര്‍ജ്ജിക്കുന്നു’ എന്ന ചരിത്രപ്രസിദ്ധമായ കാവ്യം മാത്രം ഉദാഹരണമായെടുത്താല്‍ മതി. പുന്നപ്ര-വയലാര്‍ പോരാട്ടഭൂമികളിലെ ചോര ചൂടാറും മുമ്പ് കേരളത്തിലെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു മുഴുവന്‍ തോല്ക്കാന്‍ മനസ്സില്ലാത്ത സമരബലം നല്‍കിയ കാവ്യമാണത്.
”ഉയരും ഞാന്‍ നാടാകെ-
പ്പടരും ഞാനൊരു പുത്ത-
നുയിര്‍ നാടിന്നേകിക്കൊ-
ണ്ടുയരും വീണ്ടും…”
ഈ വരികള്‍ സംഘശക്തിയുടെ വീറില്‍ നിന്നു മുഴങ്ങിയതാണ്. വിദ്യാര്‍ത്ഥിയായിരുന്ന പി.ഭാസ്‌കരന്‍ വയലാറിലെയും പുന്നപ്രയിലെയും ഒളതലയിലെയും മനശ്ശേരിയിലേയും ചുടലപ്പറമ്പില്‍ചെന്നു നിന്നു കാലത്ത് അവിടെ സമരസഖാക്കളുടെ ചോരവറ്റിയിരുന്നില്ല. ചാലിട്ടൊഴുകിയ ചോരയില്‍ നിന്നാണ് പോരാടുന്ന മനുഷ്യരെ കവി അനശ്വരരാക്കിയത്.
”ഞങ്ങളുണര്‍ന്നു നിരന്നുവരുന്നിതാ
മന്നിന്റെ ജാതകം മാറ്റിയെഴുതുവാന്‍”
എന്ന പ്രഖ്യാപനത്തില്‍ കാല്പനികതയല്ല അജയ്യമായ മനുഷ്യേച്ഛയുടെ വിപ്ലവ വിളംബരം തന്നെയാണ് ഉള്ളത്. കരുത്തുറ്റ സംഘമഹാശക്തി ഒരൊറ്റ മനുഷ്യനെപ്പോലെ നിവര്‍ന്നെഴുന്നേറ്റു നില്ക്കുന്നതാണ് ജീവിതസമരത്തിന്റെ പടനിലങ്ങളിലെല്ലാം കവി അന്നു കണ്ടത്.
”എല്ലാ നിറവും ഞങ്ങടെ വര്‍ണ്ണം
എല്ലാമണ്ണും ഞങ്ങടെ മണ്ണ്
എല്ലാ ജാതിമതസ്ഥന്മാരും
സമരസഖാക്കള്‍ ഞങ്ങള്‍ക്ക്”
എന്നുള്ള ഒരു പുതുവിശ്വമാനവികതയുടെ വിശ്വാസമായി അത് പി. ഭാസ്‌കരന്റെ കവിതകളില്‍ പടര്‍ന്നു.
1945-ല്‍ എഴുതപ്പെട്ട ‘എന്റെ തൂലിക’ ‘കവിയുടെ ആത്മകഥ’ ‘ദീര്‍ഘ പ്രതീക്ഷ’ ‘ഗ്രാമത്തില്‍’ തുടങ്ങിയ കവിതകളിലെല്ലാം ചങ്ങമ്പുഴക്കാല്പനികതയുടെ ഭാവസൗന്ദര്യം വിടാതെ പ്രകാശിക്കുന്നതു കാണാം. എന്നാല്‍ തൊട്ടുപിന്നാലെ വന്ന ‘വിപ്ലവം’ ‘രണ്ടു കണ്ണുകളുടെ കഥ’ ‘വില്ലാളി’ ‘വയലാര്‍ ഗര്‍ജ്ജിക്കുന്നു’ ‘മര്‍ദ്ദിതന്മാര്‍’ ഓടക്കുഴലും ലാത്തിയും തുടങ്ങിയ ഒട്ടേറെക്കവിതകളില്‍ ഉണര്‍ന്നെഴുന്നേല്ക്കുന്ന പുതിയ ജനവര്‍ഗ്ഗത്തിന്റെ ഉജ്ജ്വലമായ സമരപുളകങ്ങളുടെ സിന്ദൂരമാലകള്‍ പടര്‍ന്നുകിടക്കുന്നു.
ആ കാലഘട്ടത്തിലെ വളരെ പ്രസക്തങ്ങളായ രചനകളില്‍നിന്ന് പ്രാതിനിധ്യസ്വഭാവത്തിലുള്ള കുറച്ചു കവിതകള്‍ മാത്രമേ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പി. ഭാസ്‌കരന്‍ എല്ലാ കാലങ്ങളുടെ പ്രമേയങ്ങളുടെ പ്രതിനിധാനവും ഉറപ്പാക്കിയിട്ടുണ്ട്.
നവോത്ഥാനാന്തര കേരളീയ സമൂഹത്തിലെ രാഷ്ട്രീയപരിവര്‍ത്തനങ്ങളുടെ സംസ്‌കാരചരിത്രരേഖകൂടിയാണ് പി.ഭാസ്‌കരന്റെ കവിതകള്‍. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ വിമോചനത്തിനുവേണ്ടിയുള്ള സഹനം സമരചരിത്രപഥങ്ങളില്‍ വിശന്നും വിയര്‍ത്തും പൊരിഞ്ഞുനടന്ന പോരാളികൂടിയായിരുന്നു പി.ഭാസ്‌കരന്‍ എന്ന കവി.
”വിശപ്പുതിന്നേന്‍, വീടുവെടിഞ്ഞേന്‍,
ഉറ്റവരുടയവരെല്ലാം
നിറഞ്ഞ കണ്ണായ്‌നോക്കിയിരിക്കേ
നാടുമുഴുക്കെയലഞ്ഞേന്‍
ചെരിപ്പുവാങ്ങാന്‍ കാശില്ലാതെ
പൊള്ളും കാലില്‍ നടന്നേന്‍;
കിടക്കുവാനൊരു പായില്ലാതെ
ലോക്കപ്പ് മുറിയിലിരുന്നേന്‍….”
എന്ന് ‘ജോര്‍ജ്ജ് ചടയന്‍മുറി’ എന്ന കവിതയില്‍ പി.ഭാസ്‌കരനെഴുതിയിരിക്കുന്നത് കവിയുടെ ആത്മകഥയുടെ കൂടി ഭാഗമാണ്. ജോര്‍ജ്ജ് ചടയന്‍മുറി മാത്രമല്ല ചിരുതക്കാളിയപ്പന്‍ വരെ എത്രയെത്രയോ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ധീരസഖാക്കള്‍ ജീവന്‍ കൊടുത്തു വളര്‍ത്തിയ വിപ്ലവപ്രസ്ഥാനങ്ങള്‍ ചെങ്കാളിയപ്പന്റെ വര്‍ഗ്ഗത്തിനെന്തു തിരിച്ചു നല്‍കി എന്ന വേദന നിറഞ്ഞ ചോദ്യവും ഈ കവിതകള്‍ ചോദിക്കുന്നു.
”എന്‍ കാളിയപ്പനു മോചനമില്ലയോ?
എത്രയീഭൂമിതിരിഞ്ഞാലുമൂഴിതന്‍
ശസ്ത്രവും ശാസ്ത്രവും മാറിമറിഞ്ഞാലും
അണ്ഡകടാഹത്തിലായിരമായിരം
ദൂരഗ്രഹങ്ങള്‍ മരിക്കിലും, നവ്യമാം
താരങ്ങള്‍ വീണ്ടും ജനിക്കിലും, ഭൂമിയില്‍
മര്‍ത്ത്യര്‍ നടത്തും പരസ്പരചൂഷണ-
മത്സരയുദ്ധചതുരംഗവേദിയില്‍
ആനയും തേരും കുതിരയും ദേവനും
റാണിയും മല്ലിതില്‍ വട്ടമിട്ടീടവേ
ആളായി കാലാള്‍ നിരയിലൊരുവനായ്
കാളിയപ്പന്‍ പിറക്കുന്നവോ വീണ്ടുമേ!
ചെങ്കാളിയപ്പനെ കണ്ടുവോ, നിങ്ങള്‍
ചെങ്കാളിയപ്പനെ കണ്ടുവോ,
എല്ലാവിപ്ലവങ്ങളിലും തോല്ക്കുകയും എല്ലാവിമോചനസമരങ്ങളിലും മരിച്ചുവീഴുകയും ചെയ്ത ‘ചെങ്കാളിയപ്പന്‍’ എന്ന നിത്യനിസ്വനായ രക്തസാക്ഷിയുടെ പക്ഷത്താണ് പി.ഭാസ്‌കരന്‍ എന്ന കവി എന്നും നിലയുറപ്പിച്ചത്. അതുകൊണ്ടാണ് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന കവിതയില്‍, വിലയേറ്റിടും വിദേശക്കുപ്പായങ്ങളിട്ടു തെരുവില്‍ ജാഥ വിളിക്കുന്നവരുടെ ‘ഇങ്ക്വിലാബ്’ വിളികേട്ട് തെരുവില്‍ അവഗണിതരും അനാഥരുമായിക്കഴിയുന്ന ചെകിടനും അന്ധനും ഇങ്ങനെ പരസ്പരം പറയുന്നത്. കഷ്ടം, കഷ്ടം, ഈ വിളിക്കര്‍ത്ഥം പണ്ട് മറ്റൊന്നായിരുന്നല്ലോ.
സമരചരിത്രങ്ങളിലേക്ക് എങ്ങനെ മൂന്നടി പിന്നോട്ടിറങ്ങിനിന്നുകൊണ്ട് കവി മനുഷ്യവംശത്തിന്റെ ആത്യന്തിക വിമോചന സമരബോധത്തെ സ്പര്‍ശിക്കുന്നു. അതൊരു പ്രാചീനമായ വര്‍ഗ്ഗവികാരത്തിന്റെ ജൈവമണ്ഡലമാണ്. അവിടെയാണ് ഈ കവി മനുഷ്യനുമായി ബന്ധപ്പെട്ട യാതൊന്നും ഭാസ്‌കരകവിതയ്ക്കന്യമല്ല എന്നു പ്രഖ്യാപിച്ചു കൊണ്ടുനിന്നത്. ഭാസ്‌കരന്റെ കവിതകളില്‍ പ്രണയവും സമരവും ഒരുപോലെയായതും അതുകൊണ്ടാണ്.
വരാനിരിക്കുന്ന നല്ല കാലങ്ങളുടെ പിറവിക്കായി മണ്ണില്‍ വിതയ്ക്കപ്പെടുന്ന ജൈവപരാഗണങ്ങളാണ് കവിക്ക് പ്രണയവും സമരവും. പ്രണയം മനുഷ്യസമൂഹത്തെ സംബന്ധിച്ച് ഒരു മുഖ്യമൂല്യമാണെന്ന് കുമാരനാശാന്‍ മാത്രമല്ല, ആശാന്റെ പിന്‍മുറക്കാരായി വന്ന പി. ഭാസ്‌കരനടക്കമുള്ള എല്ലാ മനുഷ്യപക്ഷവിപ്ലവകവികളും തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രകൃതിബദ്ധമായ പ്രണയം അതിന്റെ സമസ്തഋതുഭംഗികളോടും കൂടി പൂത്തുലഞ്ഞുവിലസുന്ന വസന്തോത്സവമായി പി. ഭാസ്‌കരന്റെ കാവ്യലോകം മലയാളമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതില്‍ പി. ഭാസ്‌കരന്റെ അനശ്വരങ്ങളായ പ്രണയഗാനങ്ങളും ഉള്‍പ്പെടും. ആ പ്രണയകവിതകളുടെയെല്ലാം ആദിപ്രതിരൂപം ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന കവിതയിലുണ്ട്. ആധുനികമലയാളിസമൂഹത്തിന്റെ പ്രണയോദയങ്ങളോടൊപ്പം പ്രണയഭംഗങ്ങളും ആ കവിതയില്‍ ഭാവമധുരമായി സ്പന്ദിക്കുന്നു.
‘യാത്രയാക്കുന്നൂസഖീ,
നിന്നെ ഞാന്‍ മൗനത്തിന്റെ
നേര്‍ത്തപട്ടുനൂല്‍പൊട്ടി-
ച്ചിതറും പദങ്ങളാല്‍!
വാക്കിനു വിലപ്പിടി-
പ്പേറുമിസ്സന്ദര്‍ഭത്തില്‍
ഓര്‍ക്കുകവല്ലപ്പോഴു-
മെന്നല്ലാതെന്തോതും ഞാന്‍!”
നാലു തലമുറകളുടെ പ്രണയത്തിലും വിരഹത്തിലും ഈ വരികള്‍ ഹൃദയത്തിലെഴുതപ്പെട്ട ഓട്ടോഗ്രാഫായി. ആമിന, വേര്‍പിരിയട്ടെ, കതിരുകാണാക്കിളി, അയല്‍ക്കാരി, അമലേ നീ വന്നപ്പോള്‍, ഫിഡില്‍, വായനക്കാരിയോട്, തോട്ടക്കാരി തുടങ്ങി എത്രയെത്രയോ കവിതകളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും അനേകം സൗന്ദര്യപ്പെരുക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഭാസ്‌കരകവിത മലയാളിയോടൊപ്പം വളര്‍ന്നു.
ഭൂമിയില്‍ പ്രണയം ജീവിച്ചിരിക്കുന്ന കാലത്തോളം നിലനില്ക്കുന്ന അനുരാഗപ്രപഞ്ചങ്ങളായി പി. ഭാസ്‌കരന്റെ പ്രണയഗാനങ്ങളും മലയാളമനസ്സില്‍ ജീവിക്കുന്നു. ആദ്യകാലപ്രണയകവിതകളിലെ പ്രണയാനുഭവത്തിന്റെ പലവിധ ലാവണ്യവികാസങ്ങളാണ് ആ ഗാനങ്ങള്‍.
‘പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍’ ‘താമസമെന്തേവരുവാന്‍?’ ‘അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല’ അന്നു നിന്നെ കണ്ടതില്‍പ്പിന്നെ,’ ‘അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കുവെള്ളം’ ‘പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍വെച്ചു’, ‘എങ്ങിനെ നീ മറക്കും കുയിലേ’, ‘കന്നിനിലാവത്തു കസ്തൂരിപൂശുന്ന’, ‘കുങ്കുമപ്പൂവുകള്‍ പൂത്തു’, ‘ഒരു കൊച്ചുസ്വപ്നത്തിന്‍’, ‘എന്‍പ്രാണനായകനെ എന്തുവിളിക്കും’ ‘ഇന്നലെ മയങ്ങുമ്പോള്‍’, ‘മധുരപ്രതീക്ഷതന്‍ പൂങ്കാവില്‍ വെച്ചൊരു’, ‘സ്വര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ,’ ‘നീ മധുപകരൂ’,
‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’, ‘ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍’, ‘ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍’, ‘ആറ്റിനക്കരെയക്കരെയാരാണോ?’ ഈ വഴിയും ഈ മരത്തണലും, വൃശ്ചികപ്പൂനിലാവേ, അനഘസങ്കല്പഗായികേ, തുടങ്ങി എത്രയെത്രയോ ഗാനങ്ങളില്‍ അനുരാഗത്തിന്റെ ഇളന്നീര്‍ക്കടലില്‍ മലയാളമനസ്സുകള്‍ നീരാടിത്തുടിച്ചു!
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.