DCBOOKS
Malayalam News Literature Website

വിശ്വസാഹിത്യകാരന്റെ അനുഭവങ്ങളുടെ സമാഹാരം

വിഖ്യാത സാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ ചിന്തകളുടെയും കഥകളുടെയും ഓര്‍മ്മകളുടെയും സമാഹാരമായ ലൈക്ക് ദി ഫ്‌ളോയിംഗ് റിവര്‍ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഒഴുകുന്ന പുഴ പോലെ. ലോകമെമ്പാടുമുള്ള വിവിധ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയും വായനക്കാരുടെ ആവശ്യത്തെ മുന്‍നിര്‍ത്തി പൗലോ കൊയ്‌ലോ തന്നെ സമാഹരിച്ചവയുമായ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളും മറ്റുള്ളവര്‍ അദ്ദേഹത്തോട് പറഞ്ഞവയുമാണ് ഇവ ഓരോന്നും. നൂറിലധികം കുറിപ്പുകള്‍ പുസ്തകത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജീവിതവും മരണവും ആഗ്രഹങ്ങളും വിധിയും പ്രണയവുമെല്ലാം പ്രമേയമായി വരുന്ന ഈ പുസ്തകത്തിലെ കഥകള്‍ ജീവിതത്തില്‍ പ്രതീക്ഷകളും ശുഭാപ്തിവിശ്വാസവും നിലനിര്‍ത്താന്‍ നമ്മെ പ്രാപ്തരാക്കുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വായനക്കാരെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന പൗലോ കൊയ്‌ലോയുടെ മറ്റു രചനകള്‍ പോലെതന്നെ അതീവസുന്ദരമാണ് ഈ പുസ്തകവും.

വിശ്വസാഹിത്യകാരന്റെ ചിന്തകളെ അടുത്തറിയാന്‍ സഹായിക്കുന്ന ‘ലൈക്ക് ദി ഫ്‌ലോയിംഗ് റിവര്‍’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഡോ. രാജു വള്ളികുന്നമാണ്. എഴുത്തുകാരനും വിവര്‍ത്തകനുമായ അദ്ദേഹം ഒരു ഡോക്യുമെന്ററി സംവിധായകന്‍ കൂടിയാണ്. കാവ്യഭംഗി ഒട്ടും ചോരാതെയുള്ള ലളിതമായ വിവര്‍ത്തനം ഒഴുകുന്ന പുഴപോലെയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു

Comments are closed.