DCBOOKS
Malayalam News Literature Website

ഒ വി വിജയന്റെ 14-ാമത് ചരമവാര്‍ഷിക ദിനാചരണം മാര്‍ച്ച് 30ന്

ഒ വി വിജയന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഒ വി വിജയന്റെ 14-ാമത് ചരമവാര്‍ഷിക ദിനാചരണം നടത്തുന്നു. മാര്‍ച്ച് 30 ന് രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ പാലക്കാട് തസ്രാക്കിലെ ഒ വി വിജയന്‍ സ്മാരകത്തിലാണ് പരിപാടി. അനുസ്മരണ പ്രഭാഷണം, ഒ വി വിജയന്റെ കത്തുകളുടെ ഗ്യാലറി ഉദ്ഘാടനം, മാനവീകം സെമിനാര്‍, കാവ്യാര്‍ച്ചന, പുസ്തകപ്രകാശനം,ഖസാക്ക് പുരസാകാര സമര്‍പ്പണം, അന്തര്യാമി നാടകം തുടങ്ങി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

മാര്‍ച്ച് 30 ന് രാവിലെ 10 ന് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പ്രവാചകന്റെ വഴി ഒ വി വിജയന്റെ പതിനാലാം ചരമവാര്‍ഷികദിനാചരണം ഉദ്ഘാടനം ചെയ്യും. വിജയന്‍ സ്മാരകസമിതി ചെയര്‍മാന്‍ ടി കെ നാരായണ ദാസ് അദ്ധ്യക്ഷനാകും. എം ബി രാജേഷ് എം പി വിജയന്റെ കത്തുകളുടെ ഗ്യാലറി ഉദ്ഘാടനം ചെയ്യും.അഡ്വക്കേറ്റ് കെ ശാന്തകുമാരി ചുമര്‍ചിത്രങ്ങളുടെ സമര്‍പ്പണം നടത്തും. കെ വി മോഹന്‍കുമാര്‍ ഐ എ എസ് അനുസ്മരണ പ്രഭാഷണം നടത്തും.

ഉച്ചകഴിഞ്ഞ് 12 മുതല്‍ ‘നഷ്ടമാകുന്ന മാനവികത’എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. ചിന്തകനും പ്രഭാഷകനുമായ ഷൗക്കത്ത്, കഥാകൃത്ത് പി കെ പാറക്കടവ് എന്നിവര്‍ പ്രഭാഷണം അവതരിപ്പിക്കും. തുടര്‍ന്ന് വിജയന്റെ കത്തുകള്‍, എഴുത്തുമേശകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം കഥാകൃത്ത് ടി കെ ശങ്കരനാരായണന്‍,ഡോ പി മുരളി എന്നിവര്‍ നിര്‍വ്വഹിക്കും.

മൂന്ന് മണിമുതല്‍ നടക്കുന്ന കാവ്യാര്‍ച്ചനയില്‍ പി രാമന്‍, മണമ്പൂര്‍ രാജന്‍ ബാബു, ഉണ്ണികൃഷ്ണന്‍ ചാഴിയാട്, ഗീകത മുന്നേര്‍ക്കോട് തുടങ്ങി നിവധിപ്പേര്‍ ഒ വി വിജയന്റെ കവിതകളുടെ ആലാപനം നടത്തും. തുടര്‍ന്ന് ഖസാക്ക് സാഹിത്യ പുരസ്‌കാരം കെ വി മോഹന്‍ കുമാറിന് നല്‍കും. ഗിരീഷ് സോപാനം അവതരിപ്പിക്കുന്ന അന്തര്യാമി ഏകാങ്കനാടകവും ഉണ്ടായിരിക്കും.

Comments are closed.