ഒറ്റയ്ക്കുപോകൂ…
സുഗതകുമാരിയുടെ ‘മരമാമരം‘ എന്ന പുസ്തകത്തില്‍ നിന്നും. സുഗതകുമാരിയുടെ അവസാനകാല കവിതകള്‍ ചേര്‍ത്ത് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘മരമാമരം’
ഒറ്റയ്ക്കു പോകൂ, പഥിക, ഒറ്റയ്ക്കു നീ
ഒറ്റയ്ക്കു തന്നെ മുന്നോട്ടായ്!
ഒപ്പം വരില്ലാരുമെങ്കിലും, നിന്‍ വിളി
ഒട്ടുമേ കേള്‍ക്കാത്തപോലെ
ചൂളിക്കുനിഞ്ഞിരിപ്പാണവരെങ്കിലും
നീ പോക, ഹേ ഭാഗ്യഹീന,
ഒറ്റയ്ക്കു നിന്‍ ശബ്ദമുച്ചം മുഴങ്ങട്ടേ
ഉറ്റവര്‍ കൈവെടിഞ്ഞാലും
നിശ്ശൂന്യമാം വന്യഭൂവിലവര്‍ നിന്നെ
വിട്ടു മറയുമെന്നാലും
ഹേ ഭാഗ്യഹീന, തനിച്ചു തനിച്ചു നീ
പോകുക മുന്നോട്ടു തന്നെ!
പാതമുള്ളൊക്കെച്ചവിട്ടിമെതിച്ചു നിന്‍
പാദങ്ങള്‍ ചോരയൊലിക്കും
പോക നീയൊറ്റയ്ക്കതേ വഴി, രാത്രിയില്‍
വാതില്‍ തുറക്കുകില്ലാരും
കൂരിരുട്ടില്‍ കൊടുങ്കാറ്റില്‍ നിനക്കൊരു
ദീപവും കാട്ടിത്തരില്ലാ
എങ്കിലും തീമിന്നല്‍ പോലെ നിന്നുള്ളിലെ-
സ്സങ്കടം കത്തിനീറുമ്പോള്‍
ഒറ്റയ്ക്കു പോക നീയെന്നും ജ്വലിക്കുമേ
ഹൃത്തിലൊറ്റയ്ക്കാ വെളിച്ചം!
ഒറ്റയ്ക്കു പോകൂ, പഥിക, ഒറ്റയ്ക്കു നീ
ഒറ്റയ്ക്കു തന്നെ മുന്നോട്ടായ്!
Comments are closed.