DCBOOKS
Malayalam News Literature Website

ജീവിതരഹസ്യങ്ങളെ തേടിയ ‘ഒറ്റക്കാലന്‍ കാക്ക’

സാധാരണ പരിസരങ്ങളില്‍ നിന്നും അസാധാരണമായത് കണ്ടെത്തുന്ന വി ജെ ജയിംസിന്റെ രചനാതന്ത്രത്തില്‍ നിന്നും ഉയിര്‍കൊണ്ട നോവലാണ് ഒറ്റക്കാലന്‍ കാക്ക. നിഗൂഢതകള്‍ പേറുന്ന സമയഗോപുരവും ഒറ്റക്കാലന്‍ കാക്കയും കഥാപാത്രങ്ങളായി വരുന്ന കൃതി. മനുഷ്യാവസ്ഥകളുടെ അസ്ഥിരതകളുടെയും വിസ്മയങ്ങളുടെയും നേര്‍ച്ചിത്രമായ അവതരണം. മലയാളനോവലിലെ ഒരു വഴിമാറിനടപ്പ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഒറ്റക്കാലന്‍ കാക്ക.

സാധാരണ മനുഷ്യര്‍ക്ക് തിരിച്ചറിയാനാകില്ലെന്നു കരുതപ്പെടുന്ന ജീവിത രഹസ്യങ്ങളിലൂടെയുള്ള ഒഴുക്കാണ് വി ജെ ജയിംസിന്റെ ഒറ്റക്കാലന്‍ കാക്ക എന്ന നോവല്‍ മുന്നോട്ടുവയ്ക്കുന്നത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സസ്യജാലങ്ങള്‍ക്കുമൊപ്പം നിത്യം ഇടപഴകുന്ന നിര്‍ജ്ജീവവസ്തുക്കള്‍ക്കുപോലും ജീവന്‍വയ്ക്കാനും മനുഷ്യമനസ്സുമായി വൈകാരികതലത്തില്‍ ബന്ധപ്പെടാനുമാകുന്നതെങ്ങനെ എന്ന് ഈ നോവല്‍ ചര്‍ച്ചചെയ്യുന്നു. നാട്ടിന്‍ പുറത്തുനിന്നും നഗരത്തിലെ കോളജില്‍ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സൈമണിന് അച്ഛന്‍ നല്‍കിയ സ്വര്‍ണ്ണപ്പേനയും ഒറ്റക്കാലന്‍കാക്കയും എല്ലാം ചേര്‍ന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെത്തേടുന്നു.

ഈ കൃതിയിലൂടെ പറന്നുനടക്കുന്ന ഒറ്റക്കാലന്‍കാക്കയും കൈവിരലിലെ തഴമ്പും ഒരുകാലത്ത് തന്റെ അനുഭവമണ്ഡലങ്ങളില്‍ നിലനിന്നിരുന്നതാണെന്നും, തന്നിലെ എഴുത്തുകാരനെ തട്ടിയുണര്‍ത്താന്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് അവ നടത്തിയ ഇടപെടലിന്റെ രേഖകളാണ് ഈ കൃതിയെന്നും നോവലിസ്റ്റ് ഓര്‍ത്തെടുക്കുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒറ്റക്കാലന്‍ കാക്കയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.ജെ ജയിംസിന്റെ മുഴുവന്‍ കൃതികളും വായിക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.