വിവര്‍ത്തനത്തിന്റെ മറുകരകള്‍
സെപ്റ്റംബര്‍ 30- അന്താരാഷ്ട്ര വിവർത്തന ദിനം
ഫാത്തിമ ഇ.വി /ജോസഫ് കെ. ജോബ്
മലയാളി എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തു കിട്ടാനുള്ള താല്‍പര്യം, ഇംഗ്ലീഷ് പ്രസാധകര്‍ക്ക് വിവര്‍ത്തനത്തോടുണ്ടായ പുതിയ താല്‍പര്യം കൊണ്ട് കൈവന്ന വിപണിവളര്‍ച്ച, പരിചയസമ്പന്നരായ എഡിറ്റര്‍മാരുടെ പങ്ക്, മൂലകൃതിയുടെ അന്ത:സത്ത ചോരാതെ സംവേദനാത്മമായ രീതിയിലുണ്ടാകുന്ന വിവര്‍ത്തനശ്രമങ്ങള്‍ എല്ലാം ഭാഷയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. വിവര്‍ത്തനം എന്നത് ഏറെ സര്‍ഗാത്മകത ആവശ്യപ്പെടുന്ന പ്രക്രിയ ആണെന്ന് ഇന്ന് കുറച്ചെങ്കിലും അംഗീകരിക്കപ്പെടുന്നുണ്ട്.
ഒരു ഭാഷാലോകത്തെ മറ്റൊരു ഭാഷാലോകത്തോട് ചേര്‍ത്തുവയ്ക്കുന്ന മഹനീയവും സാഹസികവുമായ പ്രവര്‍ത്തനമാണ് വിവര്‍ത്തനം. അപരഭാഷയില്‍ നമ്മുടെ ഭാഷകൊണ്ടുള്ള സ്പര്‍ശനമാണത്. തികച്ചും സര്‍ഗാത്മകമായ ഒരു പ്രവൃത്തി. മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോഴും മലയാളത്തിലെ കൃതികള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോഴും മലയാളഭാഷ തന്നെയാണ് വളരുന്നത്. നിശ്ശബ്ദവും എന്നാല്‍ ശക്തവുമായ ഭാഷാസേവനം നിര്‍വഹിക്കുന്ന വിവര്‍ത്തകര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നു മാത്രമല്ല, ദയനീയമായ വിധത്തിലുള്ള നിന്ദകളും അവഗണനകളും പലപ്പോഴും അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലൂടെ ലോകം മുഴുവനുള്ള വായനക്കാരുടെ സമക്ഷത്തിലേക്ക് മലയാളസാഹിത്യകൃതികളെ എടുത്തുവയ്ക്കുമ്പോള്‍ അവ ഇക്കാലത്ത് നന്നായി സ്വീകരിക്കപ്പെടുന്നുണ്ട്. മലയാളത്തിലെ സാഹിത്യകൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതിന് നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുള്ള വിവര്‍ത്തകയാണ് ഫാത്തിമ ഇ.വി. വിവര്‍ത്തനത്തിനുള്ള വി.അബ്ദുള്ള അവാര്‍ഡ്, ക്രോസ് വേര്‍ഡ് അവാര്‍ഡ് എന്നിവ നേടിയശേഷം ഏറ്റവുമൊടുവില്‍ കെ. നന്ദകുമാറിനൊപ്പം ചേര്‍ന്ന് ചെയ്ത എം. മുകുന്ദന്റെ ‘ഡല്‍ഹിഗാഥകള്‍’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് 2021-ലെ ജെ സി ബി പുരസ്‌കാരം കൂടി ലഭിച്ചിരിക്കുന്നു. വിവര്‍ത്തകയുടെ സര്‍ഗാത്മകജീവിതത്തെക്കുറിച്ചും വായനാസമൂഹത്തിന് വിവര്‍ത്തനത്തെക്കുറിച്ചുള്ള സമീപനങ്ങളിലും കാഴ്ചപ്പാടുകളിലും വന്നുചേര്‍ന്ന വ്യതിയാനങ്ങളെക്കുറിച്ചും വായനക്കാരുടെ പുതുതലമുറയെക്കുറിച്ചും ഫാത്തിമ ദീര്‍ഘമായി സംസാരിക്കുന്നു.
ജോസഫ് കെ ജോബ്: ജെ സിബി പുരസ്‌കാരം മൂന്നാമതും മലയാളത്തിന് ലഭിച്ചിരിക്കുന്നു. ‘ദല്‍ഹിഗാഥ’കളുടെ വിവര്‍ത്തകരില്‍ ഒരാളെന്ന നിലയില്‍, വിവര്‍ത്തകര്‍ക്കുകൂടി കിട്ടുന്ന ഈ വലിയ അംഗീകാരത്തെ എങ്ങനെ നോക്കി കാണുന്നു?
ഫാത്തിമ ഇ വി: മലയാളഭാഷയെയും സാഹിത്യത്തെയും കുറിച്ച് അഭിമാനവും അതിന്റെ വായനാലോകം വിവര്‍ത്തനത്തിലൂടെ വിശാലമാവുന്നു അഥവാ വിപുലപ്പെടുന്നു എന്ന കാര്യത്തില്‍ വലിയ ആഹ്ലാദവും തോന്നുന്നു. വിവര്‍ത്തകര്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനവും സന്തോഷവും ഏറെയുണ്ട്. വിവര്‍ത്തനകൃതികള്‍ വലുതായൊന്നും ഗൗനിക്കപ്പെടാതിരുന്ന പഴയ കാലത്തുനിന്ന് വിവര്‍ത്തനമെന്നത് ഗൗരവമുള്ള പ്രവ്യത്തിയായിക്കണ്ട് അതിനെ വിലമതിക്കുകയും അംഗീകരിക്കുകയും നോമിമേഷന്‍ ലിസ്റ്റുകളികളിലൂടെയും അവാര്‍ഡുകളിലൂടെയും റിവ്യൂകളിലൂടെയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നത് കാണുമ്പോഴുള്ള സന്തോഷവും കൃതാര്‍ത്ഥതയും പറഞ്ഞറിയിക്കുക വയ്യ. വിവര്‍ത്തനം സ്വയംഭൂവല്ല എന്നത് വൈകിയാണെങ്കിലും അംഗീകരിച്ചു കിട്ടുന്നു എന്നതും സന്തോഷം.
ജെ സി ബി പുരസ്‌കാരം ആരംഭിച്ചിട്ട് ഇതുവരെ നാല് അവാര്‍ഡുകളാണ് നല്‍കിയിട്ടുള്ളത്. അതില്‍ മൂന്നെണ്ണവും മലയാളത്തിനാണ് ലഭിച്ചത്. ‘ഡല്‍ഹിഗാഥ’കളുടെ വിവര്‍ത്തനം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പുറത്തിറക്കിയ, ലോങ് ലിസ്റ്റിലും നാലഞ്ച് മലയാളകൃതികള്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍ സാഹിത്യത്തില്‍ മലയാളത്തിന്ലഭിക്കുന്ന ഈ ഔന്നത്യത്തിന്റെ കാര്യകാരണങ്ങള്‍ എന്തൊക്കെയാവും?
ജെ സി ബി അവാര്‍ഡ് കമ്മറ്റിയിലെ കഴിഞ്ഞവര്‍ഷത്തെ ജൂറിഅംഗങ്ങളായിരുന്ന മറാഠി വിവര്‍ത്തകനും എഴുത്തുകാരനുമായ രാമു രാമനാഥന്‍, മലയാളി വിവര്‍ത്തകരായ കെ നന്ദകുമാര്‍, എസ് മിനിസ്തി എന്നിവരോടൊപ്പം ഞാനും പങ്കെടുത്ത ഒരു ഇന്റര്‍വ്യൂവില്‍ ഈ ചോദ്യം ഉന്നയിച്ചിരുന്നു. അടുത്ത കാലത്തായി മലയാളത്തിലുണ്ടായ വിവര്‍ത്തനത്തിന്റെ വിജയഗാഥകളുടെ രഹസ്യമെന്ത് എന്നും അത് മറാഠിയില്‍ അനുവര്‍ത്തിക്കാനാകുമോയെന്നും രാമു രാമനാഥന്‍ ചോദിച്ചിരുന്നു. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഊന്നിയാണ് ഞങ്ങള്‍ മൂന്നു പേരും സംസാരിച്ചത്. ഇന്ത്യന്‍ ഭാഷകളിലും ലോകഭാഷകളിലുമുള്ള കൃതികളുടെ വായനയിലൂടെ രൂപപ്പെട്ടുവന്ന മലയാളികളുടെ സാഹിത്യസാംസ്‌കാരിക പൊതുമണ്ഡലം, നല്ല വിവര്‍ത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ദിശാബോധം നല്‍കിയ മുന്‍കാലവിവര്‍ത്തകര്‍, പുന:സൃഷ്ടിയോടടുത്തു നില്‍ക്കുന്നരീതിയില്‍ അവധാനതയോടെ വിവര്‍ത്തനം ചെയ്യുന്ന പുതിയ വിവര്‍ത്തകരുടെ നിര എന്നിവയൊക്കെ സവിശേഷമായ രീതിയില്‍ പുതിയ ഒരു ഭാവുകത്വം മലയാളത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. കേരളം എന്നും വിവര്‍ത്തനങ്ങള്‍ക്ക് നല്ല വളക്കൂറും സ്വീകാര്യതയുള്ളതുമായ ഇടമായിരുന്നു. ഒരേ സമയം ആഗോളവീക്ഷണം നിലനിര്‍ത്തുമ്പോഴും പ്രാദേശികതയില്‍ ഊന്നിയ കഥാഖ്യാനം മലയാളത്തിന്റെ പ്രത്യേകതയായി എടുത്തു പറയാം. പുതിയ ഭാവുകത്വവും വായനാസംസ്‌ക്കാരവും വ്യത്യസ്തമായ എഴുത്തിന് അനുയോജ്യമായിരുന്നു. മലയാളി എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തു കിട്ടാനുള്ള താല്‍പര്യം, ഇംഗ്ലീഷ് പ്രസാധകര്‍ക്ക് വിവര്‍ത്തനത്തോടുണ്ടായ പുതിയ താല്‍പര്യം കൊണ്ട് കൈവന്ന വിപണിവളര്‍ച്ച, പരിചയസമ്പന്നരായ എഡിറ്റര്‍മാരുടെ പങ്ക്, മൂലകൃതിയുടെ അന്ത:സത്ത ചോരാതെ സംവേദനാത്മമായരീതിയിലുണ്ടാകുന്ന വിവര്‍ത്തനശ്രമങ്ങള്‍ എല്ലാം ഭാഷയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. വിവര്‍ത്തനം എന്നത് ഏറെ സര്‍ഗാത്മകത ആവശ്യപ്പെടുന്ന പ്രക്രിയ ആണെന്ന് ഇന്ന് കുറച്ചെങ്കിലും അംഗീകരിക്കപ്പെടുന്നുണ്ട്.
ആരും വിവര്‍ത്തകരായി ജനിക്കുന്നില്ല. എഴുത്ത്/വായനാജീവിതത്തില്‍ ഭാഷകളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ എത്തിച്ചേരുന്ന സ്വാഭാവികമായ ഇടമാണ് വിവര്‍ത്തനത്തിന്റേത്. ഭാഷയുടെ അതിരുകളിലെ ഈ ഉഭയജീവിതത്തിലേക്ക് കടന്നുവന്നതെങ്ങനെയാണ്?
വിവര്‍ത്തനവായനകളാല്‍ സമ്പന്നമായിരുന്നു ചെറുപ്പകാലത്തെ ജീവിതം. പല ഭാഷകളില്‍ നിന്നുള്ള, വ്യത്യസ്ത സാഹിത്യപാരമ്പര്യങ്ങളിലുള്ള വിവര്‍ത്തനങ്ങള്‍ വായിച്ചു വളരാനുള്ള സാഹചര്യം വീട്ടിലുണ്ടായിരുന്നു, പ്രത്യേകിച്ചും ഉമ്മയുടെ തറവാട്ടില്‍. ചെറുപ്പകാലമൊക്കെ മിക്കവാറും തമിഴ്‌നാട്ടിലാണ് ഞാന്‍ കഴിച്ചുകൂട്ടിയത്. ഉമ്മയ്ക്ക് തമിഴ് വശമായിരുന്നു. തമിഴ് വായിക്കുകയും എഴുതുകയും ചെയ്യും. ഉമ്മയുടെ സഹായത്തോടെ ഞാനും പെറുക്കിപ്പെറുക്കി തമിഴ് വായിക്കാന്‍ പഠിച്ചു. മരുമക്കത്തായസമ്പ്രദായത്തിലുള്ള ഒരു കൂട്ടുകുടുംബമായിരുന്നു ഉമ്മയുടെ അഴിയൂരിലെ വീട്. നാട്ടിലായിരുന്നപ്പോള്‍ മാഹിയിലും തമിഴ്‌നാട്ടിലായിരുന്നപ്പോള്‍ മദ്രാസിലുമാണ് സ്‌കൂളില്‍ പഠിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി മാറിമാറി കൂടുമാറുമ്പോള്‍ സ്വാഭാവികമായി പല ഭാഷകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസിലായിരുന്ന ഉപ്പയ്ക്കു സ്ഥലമാറ്റം കിട്ടുന്ന ഇടവേളകളില്‍ ചില വര്‍ഷങ്ങളില്‍ നാട്ടിലേക്ക് പറിച്ചു നടപ്പെടാറുണ്ടായിരുന്നു. പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുകയല്ലാതെ കുട്ടികള്‍ക്ക് മറ്റു വിനോദപരിപാടികള്‍ ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് സ്വാഭാവികമായി വായനയില്‍ രസം കണ്ടെത്തി. പിന്നീട് അത് ഒരു ജീവിതചര്യതന്നെയായിത്തീര്‍ന്നു.
മാഹിയില്‍ ഉമ്മയുടെ സഹോദരങ്ങളുടെ നേതൃത്വത്തില്‍ ഒരു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നു- ബ്രദേഴ്‌സ് ലൈബ്രറി എന്ന പേരില്‍. കുടുംബത്തിലെ വായനാഭ്രാന്ത് പിടിച്ചപെണ്ണുങ്ങള്‍ക്ക് ആ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ ലഭിച്ചിരുന്നു. ആണുങ്ങള്‍ ഇംഗ്ലീഷ് പുസ്തകം വായിക്കുമ്പോള്‍ പെണ്ണുങ്ങള്‍ വിവര്‍ത്തനപുസ്തകങ്ങള്‍ വായിക്കും. ഷെര്‍ലക് ഹോംസിനെയൊക്കെ വായിച്ചത് അങ്ങനെയാണ്. പുസ്തകങ്ങള്‍ ആദ്യം വായിക്കുന്നത് മലയാളത്തിലായിരിക്കും, പിന്നെ അതിന്റെ ഇംഗ്ലീഷും വായിക്കും. ഇങ്ങനെയൊക്കെയായിരുന്നു അന്നത്തെ വായനകള്‍. ഒരേ കൃതി രണ്ടു ഭാഷകളില്‍ വായിക്കാന്‍ കഴിഞ്ഞ സാഹചര്യം അബോധരൂപത്തിലുള്ള ഒരു വിവര്‍ത്തനപരിശീലനമായി അന്നേ ഉള്ളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകണം. എല്ലാ വിവര്‍ത്തകരെയും പോലെ, ചെറുപ്പം മുതലുള്ള വായനശീലം, പല ഭാഷയിലുള്ള സാംസ്‌കാരികപരിചയം, നിരന്തരമായ യാത്രകള്‍ എന്നിവയൊക്കെ എന്നെയും വിവര്‍ത്തനവഴിയില്‍ സഹായിച്ചിട്ടുണ്ട്.
Comments are closed.