ഓഷോ രജനീഷിന്റെ ചരമവാര്‍ഷികദിനം #2
രജനീഷ് എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്ര മോഹന്‍ ജയിന്‍ 1931 ഡിസംബര്‍ 11 ന് മധ്യപ്രദേശ് സംസ്ഥാനത്തെ കുച്ച്‌വാഡ ഗ്രാമത്തില്‍ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളില്‍ മൂത്തവനായി ജനിച്ചു. അദ്ദേഹം ഏഴുവയസ്സു വരെ മാതാമഹന്റെ പരിചരണത്തിലാണ് വളന്നത്. എല്ലാവിധ സ്വാതന്ത്ര്യവും ബഹുമാനവും ലഭിച്ചിരുന്ന മാതൃഗൃഹത്തിലെ താമസം തന്റെ വളര്‍ച്ചയെ വളരെയധികം സ്വാധീനിച്ചു എന്ന് അദ്ദേഹം പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. ഏഴു വയസ്സു മുതല്‍ മാതാപിതാക്കളുടെ കൂടെ ജീവിച്ച രജനീഷ് പഠനത്തില്‍ മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. പില്ക്കാലത്ത് അദ്ദേഹം യാഥാസ്ഥിതികമായ മതാചാരങ്ങള്‍ക്കെതിരെ വിപ്ലവകരമായ നിലപാടുകള്‍ സ്വീകരിച്ച പ്രാസംഗികനും എഴുത്തുകാരനുമായിത്തീര്‍ന്നു.
ഓഷോയുടെ കൃതികള്‍ ഇതു വരെ 55 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് വായനശാലയില്‍ രണ്ട് വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നു ഓഷോയുടെയും ഗാന്ധിജിയുടെയുമാണവ. വിവാദങ്ങള്‍ ഓഷോയെ വിടാതെ പിന്തുടര്‍ന്നു. ലൈംഗികതയെയും വികാരപ്രകടനങ്ങളെയും പറ്റി ഓഷോയ്ക്കുണ്ടായിരുന്ന വിശാല മനഃസ്ഥിതി അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ അതിരുവിട്ട പെരുമാറ്റരീതികള്‍ക്ക് കാരണമായി . ഇത് ഇന്ത്യയിലെയും അമേരിക്കയിലേയും ജനങ്ങളില്‍ ഞെട്ടലും വെറുപ്പും ഉളവാക്കി. പാശ്ചാത്യ അച്ചടി മാധ്യമങ്ങള്‍ ,ഓഷോയ്ക്ക് ‘യോനികളുടെ അധിപന്‍’ എന്ന ഒരു പദവി നല്‍കുകയും, അദ്ദേഹത്തിന്റെ ലൈംഗിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍ക്കു മാത്രം പ്രാധാന്യം കൊടുത്തിരുന്നു.
ആഡംബര പ്രിയനായിരുന്ന ഓഷോ , ഭൗതിക ദാരിദ്ര്യം ആത്മീയതയെ ഒരു തരത്തിലും ബാധിക്കില്ല എന്ന് വിശ്വസിച്ചിരുന്നു. താന്‍ പണക്കാരന്റെ ഗുരുവാണന്ന് പലപ്പോഴും ഓഷോ പറഞ്ഞിരുന്നു. ലൈംഗികതയിലൂടെ ആത്‌മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം. 1990 ജനുവരി 19ന് അദ്ദേഹം അന്തരിച്ചു.