DCBOOKS
Malayalam News Literature Website

ബെര്‍നാഡോ ബെര്‍ത്തലൂച്ചി വിടവാങ്ങി

റോം: വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍നാഡോ ബെര്‍ത്തലൂച്ചിക്ക് ആദരാഞ്ജലികള്‍. അറുപതുകളില്‍ ഇറ്റാലിയന്‍ സിനിമയിലെ നവതരംഗപ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു ബെര്‍നാഡോ. അക്കാദമി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ദി ലാസ്റ്റ് എംപറര്‍, ലാസ്റ്റ് ടാന്‍ഗോ ഇന്‍ പാരിസ്, ദി ഡ്രീമേഴ്‌സ്, രാഷ്ട്രീയപ്രമേയത്താല്‍ ചര്‍ച്ച ചെയ്യപ്പെട്ട ദി കണ്‍ഫോര്‍മിസ്റ്റ്, ദി ഷെല്‍ട്ടറിങ് സ്‌കൈ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 1987-ല്‍ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്‍പ്പെടെ ഒമ്പത് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ദി ലാസ്റ്റ് എംപറര്‍ നേടിയത്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം റോമില്‍ വെച്ചായിരുന്നു, 2003-ല്‍ നട്ടെല്ലു സംബന്ധിയായി നടത്തിയ ശസ്ത്രക്രിയ പരാജയമായതിനെ തുടര്‍ന്ന് ഒന്നര പതിറ്റാണ്ടോളം അദ്ദേഹം വീല്‍ചെയറിലായിരുന്നു.

ഇറ്റലിയിലെ പാര്‍മയില്‍ ജനിച്ച ബെര്‍ത്തലൂച്ചിയുടെ പിതാവ് അറ്റിലിയോ ബെര്‍ത്തലൂച്ചി കവിയും ചരിത്രകാരനും ചലച്ചിത്ര നിരൂപകനുമൊക്കെയായിരുന്നു. പതിനഞ്ചാം വയസ്സില്‍ എഴുതിത്തുടങ്ങിയ ബെര്‍നാഡോയ്ക്ക് കവിയാകാനായിരുന്നു ആഗ്രഹം. കവിയും നോവലിസ്റ്റുമായിരുന്ന പിയര്‍ പവലോ പസ്സോളിനിയുടെ സുഹൃത്തായിരുന്നു ബെര്‍ത്തലൂച്ചിയുടെ പിതാവ്. 20-ാം വയസ്സില്‍ പസോളിനോയുടെ ആദ്യ സംവിധാനസംരംഭത്തില്‍ അസിസ്റ്റന്റായി ജോലി ചെയ്തുകൊണ്ടാണ് ബെര്‍ത്തലൂച്ചിയുടെ സിനിമാപ്രവേശനം. പിന്നീട് 1962-ല്‍ 21-ാം വയസ്സില്‍ ദ ഗ്രിം റീപ്പര്‍ എന്ന ചിത്രത്തിലൂടെ ബെര്‍ത്തലൂച്ചി സ്വതന്ത്ര സംവിധായകനായി.

ദി ലാസ്റ്റ് എംപറര്‍ എന്ന സിനിമയ്ക്കു മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. 2011-ലെ കാന്‍ ചലച്ചിത്ര മേളയില്‍ സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ക്ക് ആദരസൂചകമായി പാം ഡി ഓര്‍ പുരസ്‌കാരം നല്‍കിയിരുന്നു. 2012-ല്‍ പുറത്തിറങ്ങിയ മീ ആന്‍ഡ് യു ആണ് അവസാന ചിത്രം. സംവിധായികയായ ക്ലെയര്‍ പെപ്ലോ ആണ് ഭാര്യ.

Comments are closed.