ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗ്രീന്‍ ബുക്ക് മികച്ച ചിത്രം, റാമി മാലിക്കും ഒലീവിയ കോള്‍മാനും മികച്ച നടീനടന്‍മാര്‍
ലോസ് ഏഞ്ചല്‍സ്: 91-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പീറ്റര്‍ ഫാരെല്ലി ഒരുക്കിയ ഗ്രീന്‍ ബുക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ബൊഹീമിയന്‍ റാപ്‌സഡിലെ അഭിനയത്തിലൂടെ റാമി മാലിക് മികച്ച നടനായും ദി ഫേവ്‌റിറ്റിലൂടെ ഒലീവിയ കോള്‍മാന്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരവും നേടി. റോമയുടെ സംവിധാനത്തിലൂടെ അല്‍ഫോന്‍സോ കുറോന്‍ മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പുരസ്‌കാരം സ്വന്തമാക്കി.
പീറ്റര്‍ ഫാരെല്ലിയുടെ ഗ്രീന്‍ ബുക്ക് മികച്ച ചിത്രമടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനായി തെരഞ്ഞെടുക്കപ്പെട്ടു. ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേയ്ക്കാണ് മറ്റൊരു പുരസ്‌കാരം. മെഹര്‍ഷല അലിയുടെ രണ്ടാമത് ഓസ്‌കര്‍ പുരസ്‌കാരമാണിത്. 2017-ല്‍ മൂണ്‍ലൈറ്റിലെ അഭിനയത്തിനും അലി മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിരുന്നു. റെജിന കിങ് ആണ് മികച്ച സഹനടി.
ഇന്ത്യയിലെ ആര്‍ത്തവകാല ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയന്‍- അമേരിക്കന്‍ സംവിധായിക റെയ്ക സെഹ്റ്റച്ബചി തയ്യാറാക്കിയ പീരീഡ് എന്‍ഡ് ഓഫ് സെന്റന്‍സിന് ഡോക്യുമെന്ററി സബ്ജക്ട് വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചു. മികച്ച ഗാനത്തിന് ലേഡി ഗാഗ ഇത്തവണ ഓസ്‌കര്‍ പുരസ്‌കാരത്തിനര്‍ഹയായി.
ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തീയറ്ററില്‍ വെച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഇന്ത്യന്‍ സമയം രാവിലെ 6.30 മുതലാണ് പരിപാടി ആരംഭിച്ചത്. മികച്ച നടന്‍, നടി, സംവിധായകന്‍, ചിത്രം എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്.
Comments are closed.