DCBOOKS
Malayalam News Literature Website

എഴുപതുകളിലെ ക്യാമ്പസ്സിലെ ഒരുപിടി പെൺജീവിതങ്ങളുടെ കഥ പറയുന്ന നോവൽ

ചന്ദ്രമതിയുടെ ‘ഒരുപിടി പെൺകുട്ടികൾ’ എന്ന പുസ്തകത്തിന് സാന്ദ്ര സോമൻ എഴുതിയ വായനാനുഭവം

വർഷം 1986. എഴുപതുകളിലെ ക്യാമ്പസ്സിലെ ഒരുപിടി പെൺജീവിതങ്ങളുടെ കഥ പറയുന്നൊരു നോവൽ. പ്രണയവും ലഹരിയും തുടങ്ങി, രാഷ്ട്രീയത ഒഴികെയുള്ള സമകാലികതകളെയെല്ലാം ചേർത്തു വെച്ചു പോകുന്ന എഴുത്ത്. എം. എ പഠിക്കുന്ന കാലഘട്ടത്തിൽ പാതിയെഴുതി വെച്ച തന്റെ നോവലിനെ പിന്നീട് വർഷങ്ങൾക്കിപ്പുറം പൂർത്തീകരിച്ച് ബി. കുമാരി ചന്ദ്രിക എന്ന യഥാർത്ഥ നാമത്തിന് രൂപാന്തരം നടത്തി ബി. കെ. ചന്ദ്ര എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിക്കാൻ എഴുത്തുകാരി തീരുമാനമെടുക്കുന്നു. ‘ഒരുപിടി പെൺകുട്ടികൾ’ എന്ന് പേരിട്ട അപൂർണമായ ആ കൃതി പിന്നീട് ‘ദുരന്തത്തിന്റെ ഗാഥ’ എന്ന പേരിൽ പ്രസിദ്ധീകരിക്കാൻ സ്വീകരിച്ചതായി എഴുത്തുകാരിക്ക് കലാകൗമുദി വിവരം നൽകുന്നു. പിന്നീട് കുറച്ച് ദിവസങ്ങൾക്കിപ്പുറം പുതിയ ഒരെഴുത്തുകാരിയുടെ വിവാദമുണർത്തുന്ന ഒരു നോവലിനെ കുറിച്ചുള്ള പരസ്യം കലാകൗമുദിയുടെ സഹോദര പ്രസിദ്ധീകരണമായ ‘ട്രയൽ’ എന്ന ആഴ്ചപതിപ്പിൽ വരുന്നെന്ന വാർത്ത പുറത്തു വരുന്നു. അങ്ങനെ നോവലിന്റെ ആദ്യ അധ്യായം അച്ചടിച്ചു വരുന്നു. കലാകൗമുദിയിൽ പ്രസിദ്ധീകരണത്തിന് കൊടുത്ത തന്റെ സ്വന്തം നോവൽ ബി. കെ ചന്ദ്ര എന്ന പേരിന്റെ സ്ഥാനത്ത് ബി. കെ. സരോജിനിദേവിയും, ‘ദുരന്തത്തിന്റെ ഗാഥ’ എന്ന ശീർഷകത്തിനു പകരം ‘കിനാവുകളുടെ തീരത്ത്’ എന്ന പൈങ്കിളി പേരും. നോവലിന്റെ പേര് മാറ്റി, എഴുത്തുകാരിയുടെ പേര് മാറ്റി അത് പ്രസിദ്ധീകരിച്ചത് മറ്റാരുമായിരുന്നില്ല പ്രശസ്ത കഥാകൃത്തും പത്രാധിപരുമായ എം പി നാരായണപിള്ളയെന്ന മനുഷ്യനായിരുന്നു.

പണ്ട് തൊട്ടേ ഇത്തരം സാഹിത്യമോഷണങ്ങൾ നിലനിന്നിരുന്നു എന്നത് ഏറെ അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. Textഅതും സാഹിത്യത്തിന്റെ അതികായന്മാർ എന്ന് കരുതിയിരുന്നവർ തന്നെ ആവുമ്പോൾ. മുപ്പത് വര്‍ഷം മുമ്പ് ട്രയല്‍ മാസികയുടെ എഡിറ്ററായിരുന്ന എം.പി. നാരായണപിള്ള മറ്റൊരാളുടെ പേരില്‍ മറ്റൊരു തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വിവാദ നോവല്‍ വർഷങ്ങൾക്കിപ്പുറം പുസ്തകരൂപത്തില്‍ ഇറക്കാൻ സധൈര്യം മുന്നോട്ട് വന്ന പ്രിയ എഴുത്തുകാരി ചന്ദ്രമതിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.

വ്യവസ്ഥാപിത സമൂഹത്തിൽ തെല്ലും വിശ്വാസമില്ലാതിരുന്ന വിമലയെന്ന പെൺകുട്ടിയാണ് നോവലിലെ കേന്ദ്രകഥാപാത്രം. പുതിയ കോളേജിൽ പുതിയ ചുറ്റുപാടിൽ പുതിയ സുഹൃത്തുക്കളുമായി ഇണങ്ങാൻ നന്നേ കഷ്ടപ്പെടുന്നൊരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഇടിച്ചുകേറിവരുന്ന മൂന്നു പെണ്ണുങ്ങൾ സെലിൻ മാത്യൂസ് എന്ന സാലി, മേരി ജോസഫ്, രാഗിണി. എന്നാൽ അസ്തിത്വ ദുഖത്തിലൂടെ കടന്നു പോകുന്ന എഴുപതുകളിലെ പെൺജീവിതങ്ങളിൽ രതിയുടെയും ലഹരിയുടെയും അതിപ്രസരം പുസ്തകത്തിലുടനീളം കാണാൻ സാധിക്കും.

“വാടിക്കരിഞ്ഞുപോയീ മലർവാടിയിൽ ഉദ്യാനപാലകൻ കൈവിട്ടുപോയൊരീ ശ്വാദ്വലഭൂവിലിന്നേക ഞാൻ നിൽക്കുന്നു. എവിടെന്റെ സന്ധ്യകൾ, താരാട്ടുപാടുന്നനറുനിലാവിൽ ഞാനുറങ്ങിയ രാത്രികൾ?”

ദുരന്തഗാഥയ്ക്കൊടുവിലായ് എഴുതി വെയ്ക്കുന്ന കവിത യഥാർത്ഥത്തിൽ എഴുപതുകളിലെ സാഹിത്യകൃതികളിൽ അസ്തിത്വദുഃഖം പേറി ഒടുങ്ങിപ്പോയ “ഒരുപിടി പെൺകുട്ടികൾ”ക്കായി കുറിച്ചിടുന്ന വരികളാണ്.

” ഒരു ഫിനിക്സ് പക്ഷിയാവുക അത്രയെളുപ്പമല്ല. സൂര്യപ്പക്ഷി, അഗ്നിപ്പക്ഷി, സ്വന്തം ചിതയൊരുക്കി കത്തിയമർന്നിട്ട് പൂർവാധികം ശക്തിയോടെ ചിതയിൽനിന്നുതന്നെ പുനർജനിക്കുന്നവൾ. അത് ഞാനല്ലെങ്കിൽ പിന്നെ മറ്റാരാണ്? ”

തീർച്ചയായും വായിക്കപ്പെടേണ്ട ഒരു പുസ്തകം തന്നെയാണിതെന്ന് നിസ്സംശയം പറയാൻ സാധിക്കും. ഇന്ന് നമ്മൾ ആഘോഷിക്കുന്ന എഴുത്തുകാരുടെ മറുവശം കൂടി അറിഞ്ഞിരിക്കാൻ ഇത് നല്ലതായിരിക്കും. ഏറെ വെല്ലുവിളികൾക്കിടയിൽ നിന്നുകൊണ്ട് സാഹിത്യലോകത്ത് എഴുതിത്തുടങ്ങുകയും നിർഭാഗ്യവശാൽ എഴുത്ത് നിർത്തേണ്ടി വരുകയും വീണ്ടും പുനർജനിക്കുകയും ചെയ്ത ഫിനിക്സ് പക്ഷിക്ക് പ്രിയ എഴുത്തുകാരിക്ക് സ്നേഹം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.