DCBOOKS
Malayalam News Literature Website

അതീവഹൃദ്യമായ ഒരു ആത്മകഥ

 

ആധുനികകാലം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളായ യോഗാനന്ദയുടെ ആത്മകഥയാണ് ഒരു യോഗിയുടെ ആത്മകഥ. ഭാരതീയ ദര്‍ശനത്തിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രികവൈജ്ഞാനികലോകത്തിലേക്കുമുള്ള മാന്ത്രിക വാതായനങ്ങള്‍ തുറക്കുന്ന ഈ കൃതി കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച 100 ആദ്ധ്യാത്മിക കൃതികളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിനു സത്യാന്വേഷികളുടെ പ്രിയപ്പെട്ട ആത്മീയ നിധിയാണ് ഈ കൃതി. ഭാരതത്തിലെ അദ്ധ്യാത്മിക ആചാര്യന്മാരെപ്പറ്റി പത്രപ്രവര്‍ത്തകരോ വിദേശികളോ അല്ലാതെ, അവരിലൊരാള്‍, അവരെപ്പോലെ ശിക്ഷണം ലഭിച്ചൊരാള്‍, എഴുതിയ അപൂര്‍വ്വം ഇംഗ്ലിഷ് പുസ്തകങ്ങളിലൊന്നാണെന്നുള്ളതാണ് യോഗാനന്ദയുടെ ആത്മകഥയുടെ മൂല്യത്തെ സതഗുണീഭവിപ്പിക്കുന്നോരു വസ്തുതയത്രേ. ചുരുക്കത്തില്‍ യോഗികളപ്പെറ്റി ഒരു യോഗിതന്നെ എഴുതിയ പുസ്തകം. സമകാലിക ഹൈന്ദവ സന്ന്യാസി വര്യന്മാരോടെ അസാധരണ ജീവിതങ്ങളെയും സിദ്ധികളെയും കുറിച്ചുള്ള പ്രത്യക്ഷാനുഭവസ്മരണികയെന്ന നിലയക്ക് ഒരു യോഗിയുടെ ആത്മകഥയ്ക്ക് കാലികവും കാലാതീതവുമായ പ്രാധാന്യമുണ്ട്.

മനുഷ്യന്റെ അസ്തിത്വത്തിന്റെ ആത്യന്തിക രഹസ്യങ്ങളുടെ ആഴ്ന്നിറങ്ങുന്നതും അവിസ്മരണീയവുമായ ഒരു അവലോകനവും, നമ്മുടെ കാലഘട്ടത്തിലെ മഹാന്മാരായ ആത്മീയ ആചാര്യന്മാരില്‍ ഒരാളുടെ അത്യാധികം കൗതുകകരമായ

ഒരു യോഗിയുടെ ആത്മകഥ
ഒരു യോഗിയുടെ ആത്മകഥ

ഒരു ചിത്രീകരണവും ആയിത്തീരുന്നു ഏറെ വാഴ്ത്തപ്പെട്ട ഈ ആത്മകഥ. വശ്യമായ ആര്‍ജവവും നിഷ്‌കപടതയും, വാക്ചാതുരിയും, ഫലിതവും കൊണ്ട്, ആവേശം പകരുന്ന തന്റെ ജീവിതത്തിന്റ ചരിത്രം യോഗാനന്ദന്‍ വര്‍ണിക്കുന്നു. തന്റെ ശ്രദ്ധേയമായ കുട്ടിക്കാലത്തെ അനുഭവങ്ങള്‍, പ്രബുദ്ധനായ ഒരു ഗുരുവിനെ തേടിനടക്കലിനിടയില്‍ കണ്ടു മുട്ടിയ നിരവധി പുണ്യപുരുഷരും സാധുക്കളുമായുള്ള സമാഗമങ്ങള്‍, ഈശ്വര സാക്ഷാത്കാരം നേടിയ ഗുരുവിന്റെ ആശ്രമത്തിലെ പത്തുകൊല്ലത്തെ പരിശീലനം, ലോകത്താകമാനമുള്ള സത്യാന്വേഷികള്‍ക്ക് ആത്മീയാചാര്യനെന്ന നിലയില്‍ ജീവിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്ത അനേകവര്‍ഷങ്ങള്‍, എന്നിവയുടെ അനുഭവങ്ങള്‍ ആണ് ഇതില്‍. രമണമഹര്‍ഷി, ആനന്ദമയീ മാ, ശ്രീരാമകൃഷ്ണപരമഹംസന്റെ ദിവ്യശിഷ്യനായ മാസ്റ്റര്‍ മഹാശയന്‍, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ജഗദീശചന്ദ്രബോസ് എന്നിവരുമായുള്ള കൂടിക്കാഴ്ചകളും രേഖപ്പെടുത്തിയിരിക്കുന്നു.

പ്രൗഢഗംഭീരവും ഉല്‍കൃഷ്ടവുമായ ഈ ഗ്രന്ഥം ഇരുപത്തിയാറ് ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു കഴിഞ്ഞിരിക്കുന്നു. കലാശാലകളിലും, സര്‍വകലാശാലകളിലും, പാഠപുസ്തകവും പ്രമാണഗ്രന്ഥവുമായി ഇത് പരക്കെ ഉപയോഗിക്കപ്പെടുന്നു. ഒരു ജീവിതകാലത്ത് വായിക്കാന്‍ കഴിഞ്ഞ ഏറ്റവും ആകര്‍ഷകമായ ഗ്രന്ഥമായി ഒരു യോഗിയുടെ ആത്മകഥയെ ആയിരക്കണക്കിനു വായനക്കാര്‍ പ്രഖ്യാപിക്കുന്നു.

1893 ജനുവരി അഞ്ചിന് ഉത്തരപ്രദേശിലെ ഗോരഖപുരത്ത് , ഒരു ബംഗാളി ക്ഷത്രിയ കുടുംബത്തില്‍ ജനിച്ച ശ്രീ മുകുന്ദലാല്‍ ഘോഷ് എന്ന കുട്ടിയാണ് പിന്നീട്, ഭാരതീയ യോഗിവര്യന്മാരില്‍ പ്രമുഖനായ ശ്രീ യുക്തേശ്വരജിയുടെ ശിഷ്യനായി, അദ്ദേഹത്തില്‍ നിന്നു യോഗദീക്ഷ നേടി പരമഹംസയോഗാനന്ദനെന്ന പേരില്‍ അന്താരാഷ്ട്രപ്രശസ്തനായി ലോകസേവനം ചെയ്തത്. മനുഷ്യന്റെ ബോധസത്തയുടെ സൗന്ദര്യവും ശ്രേഷ്ഠതയും യഥാര്‍ത്ഥദൈവികതയും സക്ഷാത്കരിക്കുവാനും തങ്ങളുടെ ജീവിതത്തില്‍ അവ സ്പഷ്ടമായി പകര്‍ത്തുവാനും വിവിധ വര്‍ഗ്ഗ ,ഗോത്ര ,മത വിശ്വാസികളായ ആളുകളെ സഹായിക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. ഭാരതത്തിന്റെ പുരാതന ധ്യാനമാര്‍ഗ്ഗമായ ക്രിയായോഗം ലോകമാകെ പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൌത്യമെന്ന് ഗുരുവായ ശ്രീ യുക്തേശ്വരന്‍ പ്രവചിച്ചിരുന്നു.

ബോസ്റ്റണിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സ് ഓഫ് റിലീജിയസ് ലിബറല്‍സിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനുള്ള ക്ഷണം സ്വീകരിച്ച് 1920 ല്‍ അദ്ദേഹം അമേരിക്കയിലേക്കു പോവുകയുണ്ടായി. ജനസഹസ്രങ്ങളെ ആകര്‍ഷിച്ച നിരവധി പ്രസംഗങ്ങള്‍ ചെയ്യുന്നതിന് അദ്ദേഹത്തിന് അവസരം ലഭിച്ചു. ധാരാളം ശിഷ്യരും അദ്ദേഹത്തിനുണ്ടായി. തന്റെയും ഗുരുപരമ്പരയുടെയും ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം , യോഗദാ സത് സംഗ സൊസൈറ്റി / സെല്‍ഫ് റിയലൈസേഷന്‍ ഫെല്ലോഷിപ്പ് എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടു. ഭാരതത്തിലും യൂറോപ്പിലും അമേരിക്കയിലും പ്രസംഗപര്യടനങ്ങള്‍ നടത്തിയും, ധ്യാനകേന്ദ്രങ്ങള്‍ സ്ഥാപിച്ചും, ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചും യോഗമാര്‍ഗ്ഗത്തിന്റെ ദര്‍ശനങ്ങളും ധ്യാനരീതിയും സാമാന്യജനത്തിനു പരിചയപ്പെടുത്തി. നിരവധി ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവായ യോഗാനന്ദയുടെ പ്രധാന രചന, സ്വന്തം ജീവിത കഥ തന്നെയാണ്. 1952 ല്‍ അദ്ദേഹം ലോസ് ആഞ്ജലിസിലെ ആശ്രമത്തില്‍ വച്ച് അന്തരിച്ചു.

Comments are closed.