DCBOOKS
Malayalam News Literature Website

ഒരു സങ്കീര്‍ത്തനം പോലെ നോവലിന്റെ നൂറാംപതിപ്പ് പ്രകാശിപ്പിച്ചു

സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചപെരുമ്പടവം ശ്രീധരന്റെ  ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ നൂറാംപതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിച്ചു. പ്രൊഫ വി മധുസൂദനന്‍ നായര്‍ പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. ചടങ്ങില്‍ ജോസ് പനച്ചിപ്പുറം, പെരുമ്പടവം ശ്രീധരന്‍, പ്രൊഫ. ചന്ദ്രമതി,ആശ്രാമം ഭാസി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1992ലെ ദീപിക വാര്‍ഷിക പതിപ്പിലൂടെയാണ് ഒരു സങ്കീര്‍ത്തനം പോലെ ആദ്യമായി വായനക്കാരിലേക്ക് എത്തുന്നത്. നോവല്‍ പുസ്തകമാക്കിയത് സങ്കീര്‍ത്തനം പബ്ലിക്കേഷനാണ്.തന്റെ പത്തൊമ്പതാം വയസ്സില്‍ ദസ്തയേവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ വായിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ആരാധകനായെന്നും പിന്നീട് അദ്ദേഹത്തെ കൂടുതലായി വായിച്ചുവെന്നും പെരുമ്പടവം പറയുന്നു. ഈ താല്‍പര്യം തന്നെയാണ് ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലിലേക്ക് നോവലിസ്റ്റിനെ നയിച്ചതും. ‘ഹൃദയത്തില്‍ ദൈവത്തിന്റെ വിരല്‍സ്പര്‍ശം പതിഞ്ഞ എഴുത്തുകാരന്‍’ എന്നാണ് ദസ്തയേവ്‌സ്‌കിയെ പെരുമ്പടവം വിശേഷിപ്പിച്ചത്. ഒരു സങ്കീര്‍ത്തനം പോലെ പുറത്തിറങ്ങിയ ശേഷം ആ വിശേഷണം പെരുമ്പടവത്തിനും വായനക്കാര്‍ നല്‍കി. വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ പതിനൊന്നോളം പ്രധാന അവര്‍ഡുകള്‍ ഒരു സങ്കീര്‍ത്തനം പോലെ സ്വന്തമാക്കി. ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, അറബിക്, ഇംഗ്ലീഷ്, ആസാമി എന്നീ ഭാഷകളിലേക്കും പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Comments are closed.