ഒരു സങ്കീര്‍ത്തനം പോലെ നൂറാം പതിപ്പിലേക്ക്
റഷ്യന്‍ നോവലിസ്റ്റായ ഫിയോദോര്‍ ദസ്തയേവ്‌സ്‌കിയുടേയും അദ്ദേഹത്തിന്റെ പ്രണയിനി അന്നയുടെയും കഥ പറഞ്ഞ പെരുമ്പടവം ശ്രീധരന്റെ നോവല്‍ ഒരു സങ്കീര്‍ത്തനം പോലെ‘ നൂറാം പതിപ്പിലേക്ക്. 1993 ലാണ് നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. 24 വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റു പോയ നോവലിന്റെ നൂറാം പതിപ്പ് ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിക്കും.
പ്രൊഫ. വി മധുസൂദനന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങും. തിരുവനന്തപുരം പ്രസിക്ലബ്ബില്‍(ടി എന്‍ ജി ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാള്‍) വൈകിട്ട് 5 ന് നടക്കുന്ന പരിപാടിയില്‍ ജോസ് പനച്ചിപ്പുറം അദ്ധ്യക്ഷനാകും. പ്രൊഫ. ചന്ദ്രമതി, അഡ്വ. മടവൂര്‍ മോഹന്‍ എന്നിവര്‍ പങ്കെടുക്കും. പെരുമ്പടവം ശ്രീധരന്‍ മറുപടിപ്രസംഗം നടത്തും.
1992ലെ ദീപിക വാര്‍ഷിക പതിപ്പിലൂടെയാണ് ഒരു സങ്കീര്‍ത്തനം പോലെ ആദ്യമായി വായനക്കാരിലേക്ക് എത്തുന്നത്. നോവല്‍ പുസ്തകമാക്കിയത് സങ്കീര്‍ത്തനം പബ്ലിക്കേഷനാണ്.തന്റെ പത്തൊമ്പതാം വയസ്സില്‍ ദസ്തയേവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ വായിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ആരാധകനായെന്നും പിന്നീട് അദ്ദേഹത്തെ കൂടുതലായി വായിച്ചുവെന്നും പെരുമ്പടവം പറയുന്നു. ഈ താല്‍പര്യം തന്നെയാണ് ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലിലേക്ക് നോവലിസ്റ്റിനെ നയിച്ചതും. ‘ഹൃദയത്തില്‍ ദൈവത്തിന്റെ വിരല്‍സ്പര്‍ശം പതിഞ്ഞ എഴുത്തുകാരന്‍’ എന്നാണ് ദസ്തയേവ്‌സ്‌കിയെ പെരുമ്പടവം വിശേഷിപ്പിച്ചത്. ഒരു സങ്കീര്‍ത്തനം പോലെ പുറത്തിറങ്ങിയ ശേഷം ആ വിശേഷണം പെരുമ്പടവത്തിനും വായനക്കാര്‍ നല്‍കി. വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ പതിനൊന്നോളം പ്രധാന അവര്‍ഡുകള്‍ ഒരു സങ്കീര്‍ത്തനം പോലെ സ്വന്തമാക്കി. ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, അറബിക്, ഇംഗ്ലീഷ്, ആസാമി എന്നീ ഭാഷകളിലേക്കും പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Comments are closed.